Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി കപ്പൽ അറ്റകുറ്റപ്പണികേന്ദ്രം നിർമാണം ഈ ആഴ്ച തുടങ്ങും

Kochi Ship Maintenance

കൊച്ചി ∙ കൊച്ചി കപ്പൽ നിർമാണശാല 970 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന ഷിപ് റിപ്പയർ യാഡിന്റെ (ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റി) നിർമാണ പ്രവർത്തനങ്ങൾക്ക് 17നു തുടക്കമിടും; 24 മാസത്തിനകം പൂർത്തിയാക്കും. കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിൻ ഗഡ്കരി 17നു ശിലയിടും. 

വരുമാനം ഉയരും 

വില്ലിങ്ഡൻ ദ്വീപിൽ കൊച്ചി പോർട് ട്രസ്റ്റിൽ നിന്നു പാട്ടത്തിനെടുത്ത 42 ഏക്കറിൽ നിർമിക്കുന്ന റിപ്പയർ യാഡ് സജ്ജമാകുന്നതോടെ കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യം വർധിക്കും. അതോടെ, വരുമാനവും ഗണ്യമായി വർധിക്കും. ‌അറ്റകുറ്റപ്പണിയിൽ നിന്നു കഴിഞ്ഞ സാമ്പത്തിക വർഷം 550 കോടി രൂപയാണു ഷിപ്‌യാഡ് നേടിയത്. നിലവിൽ 80–100 കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കാണു സൗകര്യമുള്ളത്. പുതിയ യാഡ് സജ്ജമാകുന്നതോടെ 80 കപ്പലുകളുടെ കൂടി അറ്റകുറ്റപ്പണികൾക്കു സൗകര്യമൊരുങ്ങും. 

ജർമൻ രൂപകൽപന 

വിഖ്യാത ജർമൻ ഡിസൈനിങ് സ്ഥാപനമായ ഇൻറോസ് ലാക്‌നറും ടാറ്റ കൺസൽറ്റിങ് എൻജിനീയേഴ്സും ചേർന്ന കൺസോർഷ്യമാണു രൂപകൽപന. ഷിപ് ലിഫ്റ്റും ആറ് ട്രാൻസ്ഫർ സ്റ്റേഷനുകളും ഉൾപ്പെടുന്ന നിർദിഷ്ട യാഡിൽ ഒരേ സമയം ഒന്നിലേറെ കപ്പലുകൾ ആവശ്യാനുസരണം വെള്ളത്തിൽ ഇറക്കാനും ഡോക്കിൽ കയറ്റാനുമുള്ള സാങ്കേതിക സൗകര്യങ്ങളുണ്ടാകും. അത്യാധുനിക സാങ്കേതിക നിലവാരമുള്ള ജർമൻ നിർമിത ഷിപ് ലിഫ്റ്റാണു യാർഡിൽ സ്ഥാപിക്കുക.

ഇതിനായി കഴിഞ്ഞ ജനുവരിയിൽ തന്നെ കരാർ നൽകിയിരുന്നു. 150 കോടി രൂപയാണു ഷിപ്‌ ലിഫ്റ്റിന്റെ വില. 130 മീറ്റർ വരെ നീളവും 6,000 ടൺ വരെ ഭാരവുമുള്ള യാനങ്ങൾ ഉയർത്താൻ ഷിപ് ലിഫ്റ്റിനു കഴിയും. കൊൽക്കത്ത ആസ്ഥാനമായ സിംപ്ലെക്സ് ഇൻഫ്രയ്ക്കാണു സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ജോലികൾക്കുള്ള കരാർ; തുക 720 കോടി രൂപ. 

ഡ്രൈ ഡോക്ക് നിർമാണത്തുടക്കം ഫെബ്രുവരിയിൽ 

ഓഗസ്റ്റിൽ നടന്ന ഓഹരി വിൽപന കൊച്ചി കപ്പൽശാലയ്ക്കു വൻനേട്ടമായിരുന്നു. വിപണിയിൽ നിന്നു സമാഹരിച്ച 1442 കോടി രൂപ കൂടി ഉപയോഗിച്ചു ഷിപ് റിപ്പയർ യാഡും പുതിയ ഡ്രൈ ‍ഡോക് യാഡും നിർമിക്കാനാണു തീരുമാനം.

1800 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ഡ്രൈ ഡോക് നിർമാണത്തിനുള്ള ടെൻഡർ നടപടികൾ അന്തിമ ഘട്ടത്തിലാണ്. ജനുവരിയിൽ കരാർ നൽകി ഫെബ്രുവരിയിൽ നിർമാണം തുടങ്ങാനാകുമെന്നാണു പ്രതീക്ഷയെന്നു ഷിപ്‌യാഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു.എസ്. നായർ ‘മനോരമ’യോടു പറഞ്ഞു.