Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിമാചലിൽ മരുന്നുമാറി; കേരളത്തിൽ കണ്ടെത്തി

Tablets Representative Image

കോട്ടയം ∙ സർക്കാർ ആശുപത്രികൾ വഴി രോഗികൾക്ക് വിതരണം ചെയ്യാൻ ഹിമാചൽ പ്രദേശ് സർക്കാർ സംഭരിച്ച മരുന്നിൽ ഗുരുതര പിഴവ് കണ്ടെത്തി. മരുന്നിന്റെ പേരുമായി ബന്ധമില്ലാത്ത മറ്റൊരു മരുന്നു മൂലകമാണു സ്ട്രിപ്പിലുണ്ടായിരുന്നത്. മരുന്നു മാറിയ വിവരം ഹിമാചൽപ്രദേശ് ഡ്രഗ് കൺട്രോളറെ അറിയിച്ചത് കേരള സംസ്ഥാന ഡ്രഗ് കൺട്രോളർ. അതിനു വഴിയൊരുക്കിയതാകട്ടെ, കേരളത്തിനെതിരെ നടന്ന സമൂഹമാധ്യമ പ്രചാരണം.

ഈ മരുന്നു കേരളത്തിലെ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) സംഭരിച്ചതാണെന്നായിരുന്നു പ്രചാരണം. വയറ്, കുടൽ തുടങ്ങിയവയുടെ മാംസ പേശികളിലെ വേദന ഇല്ലാതാക്കാനുള്ള ഡൈസൈക്ലോമിൻ എന്ന ഗുളികയുടെ സ്ട്രിപ്പിൽ ഡെക്സാമെത്താസോൺ എന്ന ഹോർമോൺ പോലുള്ള രാസവസ്തു ചേർന്നതായും ഇതു സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നതായുമാണു ചിത്രം സഹിതം പ്രചരിപ്പിച്ചത്.

അലർജി, വാതം, ശ്വാസതടസ്സം, സോറിയാസിസ് തുടങ്ങിയ രോഗങ്ങൾക്കുള്ള കോർട്ടിക്കോ സ്റ്റീറോയ്ഡാണ് ഡെക്സാമെത്താസോൺ. ഗുളികയുടെ ചിത്രം പരിശോധിച്ചാൽ തന്നെ കേരളത്തിനെതിരായ പ്രചാരണം വ്യാജമാണെന്നു മനസിലാക്കാമെന്നു കെഎംഎസ്‌സിഎൽ മാനേജിങ് ഡയറക്ടർ ഡോ. എസ്.ആർ. ദിലീപ് പറഞ്ഞു.

‘എച്ച്പി ഗവ. സപ്ലൈ’ എന്നു സ്ട്രിപ്പിനു പിന്നിൽ എഴുതിയിട്ടുണ്ട്. 2008നു ശേഷം ഇത്തരത്തിലൊരു മരുന്ന് കെഎംഎസ്‌സിഎ‍ൽ സംഭരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

related stories