Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്തൻ രീതികളും പാർപ്പിടങ്ങളും

real-estate

പുതിയ ഫ്ലാറ്റ് പ്രോജക്ട് അനൗൺസ് ചെയ്തയുടൻ ബുക്ക് ചെയ്യുന്നവരാരാ? വീടു വാങ്ങി താമസിക്കാൻ ഉദ്ദേശിക്കുന്നവരെക്കാളും വാങ്ങിയിട്ടു മറിച്ചുവിൽപ്പന നോട്ടമിടുന്നവരാകും. ആദ്യം വിറ്റു പോകുന്നത് 2 ബെഡ്, 3 ബെഡ് ഫ്ലാറ്റുകളുമാകണമെന്നില്ല, ഏറ്റവും മുകളിലത്തെ നിലയിലെ ഡ്യൂപ്ളെ, അല്ലെങ്കിൽ പെന്റ്ഹൗസ് ആയേക്കും. ഒരിക്കലും നടക്കാത്ത ബ്രഹ്മാണ്ഡ പദ്ധതി പ്രഖ്യാപിക്കുന്ന മന്ത്രിയുടെ ഡയലോഗ് പോലെ ‘പണമൊരു പ്രശ്നമേയല്ല’ എന്ന വിഭാഗക്കാരാണു ‘ഞാൻ മുൻപേ’ എന്ന മട്ടിൽ ഇടിച്ചു നിൽക്കുന്നത്. 

പ്രോജക്ട് അനൗൺസ് ചെയ്യുമ്പോഴത്തെ വിലയല്ല, പണി തീരാറാവുമ്പോഴേക്ക്. അപ്പോഴേക്കും രണ്ടര വർഷമായി, ചെലവുകൾ കൂടി. വിലയും കൂടുന്നു. ആദ്യം തന്നെ ബുക്ക് ചെയ്ത്, പണം അടച്ച് ഫ്ലാറ്റ് പണി തീരുമ്പോഴേക്കും വിറ്റു ലാഭമെടുക്കുന്നവരേറെയുണ്ട്. ചതുരശ്രയടിക്ക് 100 രൂപ അധികം കിട്ടിയാലും ലാഭമല്ലേ. മൂലധനം കയ്യിലുണ്ടാവണമെന്നു മാത്രം.

പക്ഷേ നോട്ട് റദ്ദാക്കലും ജിഎസ്ടിയും വന്നതോടെ ഇമ്മാതിരി നിക്ഷേപകർ കുറഞ്ഞു. വാങ്ങിയതു വിൽക്കാൻ പറ്റാതെ, അല്ലെങ്കിൽ വാങ്ങിയതിനെക്കാൾ കുറഞ്ഞ വിലയ്ക്കു വിൽക്കേണ്ട സ്ഥിതിയിൽ ആപ്പിലായിപ്പോകുന്നവരുമുണ്ട്. ഫ്ലാറ്റ് വാങ്ങുന്നത് ഭൂരിപക്ഷവും എൻഡ് യൂസർമാരായി മാറി. എന്നു വച്ചാൽ സ്വയം കുടുംബമായി താമസിക്കാൻ ഉദ്ദേശിക്കുന്നവർ. അവർ ചാടിക്കേറി വാങ്ങില്ലെന്ന് കെട്ടിട നിർമ്മാതാക്കൾ തന്നെ പറയുന്നു. പരസ്യങ്ങൾ പലതവണ കണ്ട്, ബോധ്യം വന്ന്, ബാങ്ക് വായ്പ ശരിയാക്കി ഒടുവിൽ കരാറിൽ ഒപ്പുവയ്ക്കാൻ രണ്ടു മാസം വരെ എടുത്തേക്കും. താമസിക്കാനുള്ള വീടാണേ!

ഏറ്റവും വില കൂടിയതു കഴിഞ്ഞാൽ പിന്നെ വിറ്റു പോകുന്നത് 2 ബെഡ് യൂണിറ്റുകളാണ്. ഐടി പിള്ളേരുള്ള സ്ഥലമാണെങ്കിൽ പ്രത്യേകിച്ചും. വില 35 ലക്ഷം മുതൽ 50 ലക്ഷം വരെയാകാം. ദമ്പതികളുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ കിട്ടുന്ന വായ്പയും വീട്ടിൽ നിന്നുള്ള സഹായവും ചേരുമ്പോൾ കയ്യിൽ വരുന്ന തുകയുടെ റെയ്ഞ്ചാണിത്. കേന്ദ്രസർക്കാരിന്റെ പിഎംഎവൈയിലൂടെ രണ്ടര ലക്ഷം വരെ പലിശ സബ്സിഡിയും കിട്ടുന്നു. 

ലോകത്ത് ഏറ്റവും സാവധാനം മാറുന്ന സാങ്കേതിക വിദ്യകളിലൊന്നാണ് കെട്ടിട നിർമ്മാണത്തിന്റേത്. കല്ലും മണലും കട്ടയും സിമന്റും തടിയുമൊക്കെ തന്നെ വേണം കെട്ടിടം പണിയാൻ. പ്രീഫാബ് സാമഗ്രികൾ കൊണ്ടു വേഗം കെട്ടിടം പണിയാം. എല്ലാം നേരത്തേ ഡിസൈൻ ചെയ്ത് ഫാക്ടറിയിലുണ്ടാക്കി കൊണ്ടു വന്നു ഫിറ്റ് ചെയ്യുകയാണ്. പക്ഷേ അത്തരം പ്രീഫാബ് കെട്ടിടങ്ങൾ ഫ്ളാറ്റ് രംഗത്തു കാര്യമായി വരുന്നില്ല. കാരണമുണ്ട്. ടവർ ക്രെയിൻ സ്ഥാപിച്ച് അതിലൂടെ പ്രീഫാബ് സാമഗ്രികൾ മുകളിലെത്തിക്കണം. ടവർ ക്രെയിനുകൾക്ക് ഓടിയെത്താനുള്ള വീതിയുള്ള റോഡുകളിലാകണമെന്നില്ല ഫ്ലാറ്റ് പണി. എത്തിയാലും ക്രെയിൻ സ്ഥാപിച്ചു ജോലി നടത്താനുള്ള സ്ഥലം പ്രോജക്ട് പരിസരത്തു കാണണമെന്നില്ല. സ്ഥലവിലയുടെ കടുപ്പം കാരണം അരയേക്കറിൽ താഴെ വരുന്ന പറമ്പുകളിലാണേ മിക്കവാറും ഫ്ലാറ്റ് നിർമ്മാണം.

അഫോഡബിൾ ഹൗസിങ് അഥവാ പോക്കറ്റിനു ചേരുന്ന വീട് എന്നതാണ് റിയൽ എസ്റ്റേറ്റ് രംഗത്തെ പുതിയ മന്ത്രം. നിങ്ങളുടെ വാർഷിക ശമ്പളത്തിന്റെ നാലിരട്ടിയിൽ കൂടാത്ത തുകയാണത്രെ വീടിനു ചെലവഴിക്കേണ്ടത്. ആ ലൈനിലാണ് സകലരും നീങ്ങുന്നത്.

ഒടുവിലാൻ∙ പുതിയ മോഡൽ കാർ അനൗൺസ് ചെയ്താലും  ആദ്യം തന്നെ ബുക്ക് ചെയ്യുന്നവർ പണമൊരു പ്രശ്നമേയല്ലാത്തവരാണ്. ഇടത്തരക്കാർ വണ്ടി ഇറങ്ങി ആദ്യം വാങ്ങിയവരോട് അഭിപ്രായം തിരക്കി, വല്ല പോരായ്മകളുമുണ്ടോന്നു കണ്ടുപിടിച്ച്, മൈലേജ് എത്ര കിട്ടുമെന്നും അറിഞ്ഞിട്ടേ ബുക്ക് ചെയ്യൂ. അപ്പോഴേക്കും മാസങ്ങൾ കഴിഞ്ഞിരിക്കും.

pkishore@mm.co.in