Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്സവ സീസൺ; എഴുന്നള്ളിപ്പ് ബിസിനസ് ആനത്തലയോളം

elephant

കൊച്ചി∙ ഉത്സവ– പൂര, പെരുന്നാൾ സീസൺ തുടങ്ങിയതോടെ ആനകൾക്കു തിരക്കോടു തിരക്ക്. ആന ബിസിനസിനും സീസണാണ് മേടം വരെയുള്ള അഞ്ചു മാസം.

ഇക്കുറി ദേവസ്വം ആനകളുടെ എഴുന്നള്ളിപ്പു നിരക്ക് അഥവാ ഏക്കത്തുക കൂട്ടിയിട്ടുണ്ട്. ഗുരുവായൂർ, തിരുവിതാംകൂർ ദേവസ്വങ്ങളാണു നിരക്കു കൂട്ടിയത്. ഗുരുവായൂരിലെ 51 ആനകൾക്കും തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ 26 ആനകൾക്കും നിരക്ക് വർധിച്ചു. സാധാരണ വലുപ്പമുള്ള കൊമ്പൻമാർക്ക് 10,000 രൂപയാണു വാടകയെങ്കിലും വിശേഷദിവസങ്ങളിൽ വാടക കൂടും. എന്നാൽ തലയെടുപ്പുള്ള വലിയ ആനകൾക്ക് മോഹത്തുകയാണ്. അരലക്ഷവും ഒരു ലക്ഷവും കവിഞ്ഞ് രണ്ടുലക്ഷത്തിലേറെ രൂപ വരെ ഏക്കത്തുക വിശേഷ ദിവസങ്ങളിൽ കിട്ടുന്ന വലിയ ആനകളുണ്ട്.

സ്വകാര്യ ആനകൾക്ക് അങ്ങനെ നിശ്ചിത സംഖ്യയില്ല. ഏജന്റുമാർ വിശേഷ ദിവസങ്ങളിൽ ഇവയെ നേരത്തേ ബുക്ക് ചെയ്യുകയും സ്പോൺസർമാരെത്തുമ്പോൾ വലിയ തുകയ്ക്ക് മറിച്ചു കൊടുക്കുകയും ചെയ്യുന്ന ഏർപ്പാടുമുണ്ട്.

ആന ബിസിനസ് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇതു ലാഭം നോക്കി ചെയ്യുന്നതല്ല. ആനപ്രേമവും അന്തസ്സുമാണ് അടിസ്ഥാനം. അഞ്ചു മാസത്തെ എഴുന്നള്ളിപ്പു കഴിഞ്ഞാൽ ബാക്കിയുള്ള കാലം വരുമാനം ഇല്ലാതെ തന്നെ ആനയെ സംരക്ഷിക്കണം. സാദാ വലിപ്പമുള്ള ആനകളുടെ എഴുന്നള്ളിപ്പു വാടകയിൽനിന്ന് ഒരു വർഷം ആനയെ പോറ്റാനുള്ള ചെലവു കഷ്ടിച്ചു കിട്ടുമെന്നേയുള്ളു. എന്നാൽ വൻ തുക വാടകയായി ലഭിക്കുന്ന വമ്പൻ കൊമ്പൻമാരുടെ ഉടമസ്ഥർക്ക് വൻ ലാഭമാണു താനും. 

കേരളത്തിലാകെ ദേവസ്വത്തിനും സ്വകാര്യ വ്യക്തികൾക്കുമായി 520 നാട്ടാനകളുണ്ടെന്നാണു കണക്ക്. അതിൽ പിടിയാനകളും മദപ്പാടുള്ള കൊമ്പൻമാരും മറ്റും കഴിഞ്ഞാൽ ഉത്സവ സീസണിൽ 300 ആനകളാണ് ഉത്സവങ്ങൾക്കും പൂരങ്ങൾക്കും പെരുന്നാളുകൾക്കും എഴുന്നള്ളിപ്പിനായി ലഭ്യമായിട്ടുള്ളത്. എല്ലാ ദിവസവും എഴുന്നള്ളിപ്പ് ഉണ്ടാവണമെന്നില്ല. ആനയെ നടത്തിച്ചോ ലോറിയിലോ സ്ഥലത്തെത്തിക്കാനുള്ള ദിവസങ്ങളും കണക്കിലെടുക്കണം. ഒരാനയ്ക്ക് അതിനാൽ 45 ദിവസം മുതൽ 70 ദിവസം വരെ സീസണിൽ എഴുന്നള്ളിപ്പുണ്ടാവും. ശരാശരി 60 ദിവസം

വിശേഷ ദിവസങ്ങളിലെ നിരക്കും വലിയ കൊമ്പൻമാരുടെ മോഹനിരക്കുമെല്ലാം ചേർത്താൽ ആനയ്ക്ക് ശരാശരി 15000 രൂപ ഏക്കത്തുക കണക്കാക്കാം. അങ്ങനെ 300 ആനകൾക്ക് 60 ദിവസത്തേക്കാവുമ്പോൾ ഏകദേശം 30 കോടി രൂപ മേളപ്പറമ്പുകളിൽ ആനകൾക്കായി ചെലവഴിക്കപ്പെടുന്നുണ്ട്.

എന്നാൽ ഏക്കത്തുകയുടെ മാത്രം സംഖ്യയാണിത്. പുറമേ ആനയുടെ ഭക്ഷണം, പാപ്പാൻമാരുടെ ചെലവ് എന്നിവയുണ്ട്. ഒരാനയ്ക്ക് മൂന്നു പാപ്പാൻമാരെങ്കിൽ 300 രൂപ വീതം ബത്ത.  ശമ്പളം 8000 രൂപ മുതൽ 12000 വരെ. ആനയുടെ ഭക്ഷണ നിരക്ക് ഇങ്ങനെ: പനമ്പട്ട ഒരു കഷണത്തിന് 75–100 രൂപയുണ്ട്. ദിവസം 1500–1800  രൂപ പട്ടയ്ക്കു വേണം. പുറമേ ആറു കിലോ അരിയും മൂന്നു കിലോ ചെറുപയറും പഴവും ഔഷധങ്ങളും. ദിവസം ഏകദേശം 3000 രൂപയുടെ ചെലവ് ആനയ്ക്കുണ്ട്. എഴുന്നള്ളത്ത് ദിവസങ്ങളിൽ ഉത്സവ കമ്മിറ്റിക്കാരോ അല്ലെങ്കിൽ ആനയെ സ്പോൺസർ ചെയ്യുന്നവരോ ചെലവു വഹിക്കുന്നു.

വിദേശ മലയാളികളും നാട്ടുപ്രമാണിമാരും ആനപ്രേമികളും ധാരാളമുള്ളതിനാൽ വലിയ ആനകളെ മോഹത്തുക കൊടുത്ത് കൊണ്ടുവരുന്നത് അപൂർവമല്ല. രണ്ടേകാൽ ലക്ഷം രൂപ വരെ അങ്ങനെ വമ്പൻ കൊമ്പന് ഏക്കത്തുക ലഭിച്ചിട്ടുണ്ട്. 

മേടം കഴിയുന്നതോടെ ഉത്സവങ്ങളും എഴുന്നള്ളിപ്പുകളും അവസാനിക്കുന്നു. പിന്നെ കർക്കടകത്തിൽ ആനയ്ക്ക് സുഖചികിൽസയുണ്ട്. 

മുമ്പ് തടിപിടിപ്പ് ഉണ്ടായിരുന്നെങ്കിലും ഇന്ന് അപൂർവം. അടുത്ത സീസൺ വരെ കാത്തിരിക്കണം ആന എഴുന്നള്ളിപ്പ് വീണ്ടും വരാൻ. നാട്ടാന പരിപാലനച്ചട്ടം കർശമനായതിനാൽ പലരും ഈ രംഗത്തുനിന്നു പിൻമാറുന്നുമുണ്ട്.

വൻ ഏക്കത്തുക ലഭിക്കുന്ന വമ്പൻ കൊമ്പൻമാർ

തെച്ചിക്കോട്ടുകാവു രാമചന്ദ്രൻ

പാമ്പാടി രാജൻ

ചിറക്കര കാളിദാസൻ

വലിയ കേശവൻ

ഇന്ദ്രസേനൻ

തിരുനക്കര ശിവൻ

ഉള്ളൂർ കാർത്തികേയൻ

വെളിനല്ലൂർ മണികണ്ഠൻ

തൃക്കടവൂർ ശിവരാജു

മലയാലപ്പുഴ രാജൻ

മാവേലിക്കര ഉണ്ണിക്കൃഷ്ണൻ

അമ്പലപ്പുഴ വിജയകൃഷ്ണൻ

മുല്ലയ്ക്കൽ ബാലകൃഷ്ണൻ