Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഗോളതലത്തിൽ മുൻനിരയിലേക്ക് ഇൻഡിഗോ

IndiGo-Airlines

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വിമാനക്കമ്പനികളിലൊന്നായി ഇന്ത്യയിലെ ചെലവു കുറഞ്ഞ വിമാനക്കമ്പനിയായ ഇൻഡിഗോ. യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഏജൻസിയായ ഒഎജിയുടെ പഠനത്തിലാണ് ഈ കണ്ടെത്തൽ. ലോകത്തെ മികച്ച ഇരുപതു വിമാനക്കമ്പനികളിൽ പതിനേഴാം സ്ഥാനവും ഇൻഡിഗോയ്ക്കാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 

സർവീസുകളും സീറ്റുകളും  വർധിപ്പിക്കുന്ന കാര്യത്തിലും ഇൻഡിഗോയാണ് മുന്നിൽ. ഏറ്റവും മികച്ച 20 വിമാനക്കമ്പനികളിൽ ഏറ്റവുമധികം വിമാനങ്ങൾക്കായി ഓർ‍ഡർ നൽകിയിരിക്കുന്നതും ഇൻഡിഗോയാണ്. ഏറ്റവും പുതിയ വിമാനങ്ങളുപയോഗിച്ച് സർവീസ് നടത്തുന്ന കാര്യത്തിലും ഇൻഡിഗോ തന്നെ മുന്നിൽ. 

ഒഎജിയുടെ കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ വർഷം ഇൻഡിഗോയുടെ മൊത്തം സീറ്റുകളുടെ എണ്ണം 5.2 കോടിയാണ്. തൊട്ടു മുൻപുള്ള വർഷം ഇത് 4.1 കോടിയായിരുന്നു. വർധന 27.5 ശതമാനം. ഇൻഡിഗോയുടെ ശരാശരി സീറ്റുകളുടെ വർധന 22 ശതമാനമാണ്. 

ഏറെ വേഗത്തിൽ വളരുന്ന വിമാനക്കമ്പനികളിൽ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കൻ എയർലൈൻസ് ആണ്. 25.15 കോടി സീറ്റുകൾ. 22.58 കോടി സീറ്റുകളുമായി ഡെൽറ്റ എയർലൈൻസ് രണ്ടാം സ്ഥാനത്തുണ്ട്. സൗത്ത് വെസ്റ്റ് എയർലൈൻസ്(20.16 കോടി), യുണൈറ്റഡ് എയർലൈൻസ്(18.22 കോടി), റയാൻഎയർ(13.37 കോടി) എന്നിവയാണ് ഏറ്റവും മുന്നിലുള്ള അഞ്ചു വിമാനക്കമ്പനികളിൽ മൂന്നും നാലും സ്ഥാനക്കാർ. 

ചൈന സതേൺ എയർലൈൻസ്, ചൈന ഈസ്റ്റേൺ എയർലൈൻസ്, ഈസിജെറ്റ്, ടർക്കിഷ് എയർലൈൻസ്, എയർചൈന, ലുഫ്താൻസ ജർമ്മൻ എയർലൈൻസ്, ലാറ്റം ഗ്രൂപ്പ്, എമിറേറ്റ്സ്, ഓൾ നിപ്പോൺ എയർവേയ്സ്, ബ്രിട്ടീഷ് എയർവേയ്സ്, എയർ കാനഡ, ഇൻഡിഗോ, എയർ ഫ്രാൻസ്, എയറോഫ്ലോട്ട് റക്ഷ്യൻ എയർലൈൻസ്, ജപ്പാൻ എയർലൈൻസ് എന്നിവയാണ് ആറു മുതൽ ഇരുപതു വരെ റാങ്കിലുള്ള വിമാനക്കമ്പനികൾ. 

ഇൻഡിഗോയ്ക്ക് ഇക്കഴിഞ്ഞ വർഷം ഉണ്ടായിരുന്ന 5.84 ലക്ഷം സീറ്റുകളിൽ 4.15 കോടി യാത്രക്കാരെ വഹിച്ചു. ശരാശരി യാത്രക്കാരുടെ എണ്ണം 76 ശതമാനമാണ്. രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായി വളർന്നു വരുന്ന ഇൻഡിഗോയുടെ യാത്രക്കാരിൽ 95 ശതമാനവും ആഭ്യന്തര സെക്ടറിൽ സഞ്ചരിക്കുന്നവരാണ്. അഞ്ചു ശതമാനം മാത്രമാണ് രാജ്യാന്തര യാത്രക്കാർ. 

എട്ടു രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങളിലേക്ക് 187 റൂട്ടുകളാണ് ഇൻഡിഗോ നിലവിൽ സർവീസ് നടത്തുന്നത്. ഇതിൽ 39 എണ്ണവും പുതിയ റൂട്ടുകളാണ്. ഇൻഡിഗോ ഇപ്പോൾ ഉപയോഗിക്കുന്നത് 138 വിമാനങ്ങളാണ്. 456 വിമാനങ്ങൾക്ക് ഓർഡർ നൽകി കാത്തിരിക്കുകയാണ്.