Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജപ്പാൻകാരോട് കളിക്കുമ്പോൾ

Japan-Relation

ആയിരം വർഷത്തെ ചരിത്രമുള്ള ജപ്പാൻ രാജ്യത്തെ ആരും കീഴടക്കിയിട്ടില്ലെന്നറിയാമല്ലോ. ആക്രമിക്കാൻ ആയിരം കപ്പലുമായി വന്ന ചെങ്കിസ്ഖാനെ ഓടിച്ചു വിട്ട പാരമ്പര്യമാണ്. രണ്ടു തവണ ആറ്റംബോംബ് ഇടേണ്ടി വന്നു രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം അവരെക്കൊണ്ടു യുദ്ധം നിർത്തിക്കാൻ.

മാരുതിയുടെ വരവോടെയാണ് ഇന്ത്യയിൽ ജപ്പാൻ സാങ്കേതികവിദ്യ പച്ചപിടിച്ചത്. ദിവസവും രാവിലെ വണ്ടിയെടുക്കും മുമ്പ് ഡിപ്സ്റ്റിക് പൊക്കി ഓയിൽ എത്രയുണ്ടെന്നു നോക്കേണ്ടാത്ത, കാർബറേറ്ററിൽ വെള്ളമൊഴിക്കേണ്ടാത്ത കാർ ഇന്ത്യക്കാർ കണ്ടത് മാരുതിയിലൂടെയാണ്. അതോടെ ജപ്പാന്റെ ജൈത്രയാത്ര തുടങ്ങി. പക്ഷേ അവിടെയും കേരളം പിന്തള്ളപ്പെട്ടു പോയി. ചെന്നൈയിലും മുംബൈയിലും മറ്റും അറുനൂറിലേറെ ജാപ്പനീസ് വ്യവസായങ്ങൾ വന്നപ്പോൾ കേരളത്തിൽ വന്നത് കഷ്ടിച്ച് 40 എണ്ണം മാത്രം. അതിൽ ചിലതിനെ പൂട്ടിക്കാൻ മലയാളി ഇപ്പോഴും പണി നടത്തിക്കൊണ്ടിരിക്കുന്നു. 

ജപ്പാൻകാരുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കാൻ ഒരുപാടു കാര്യങ്ങളുണ്ട്. എങ്ങനെയാണ് അതിന്റെ ലൈൻ എന്നു ട്യൂഷനെടുത്തിട്ടു വേണം പോകാൻ. അവർ സ്വയം വിചാരിക്കുന്നത് ഭയങ്കര സ്മാർട് എന്നാണ്. ഏതാണ്ടു ശരിയുമാണ്. അതിനാൽ അവരോടു ചെന്നു മുട്ടി മിടുക്കനാവാൻ നോക്കുന്നത് അവർക്കു പിടിക്കില്ല. കാണാൻ സമയം പറഞ്ഞാൽ കൃത്യമായി ചെന്നിരിക്കണം. കമ്പനി എംഡിയെ കാണാനെന്നും പറഞ്ഞ് ഇവിടുത്തെ ചില്ലറ കമ്പനിയുടെ സ്വയം പ്രഖ്യാപിത എംഡി ചെന്നാൽ കാണാൻ പറ്റില്ല. എംഡിയുടെ പ്രതിനിധിയെക്കണ്ടു കാര്യം പറയാനേ പറ്റൂ. അവർ ബന്ധങ്ങൾക്കു വലിയ വില കൽപ്പിക്കുന്നു. ബന്ധം പക്ഷേ പതുക്കെ മാത്രമേ വളരൂ. ഹായ്, ബൈ ഇടപാട് നടക്കണമെന്നില്ല.

തൊണ്ണൂറുകളിൽ മുംബൈയിൽ ജോർജ് ജോൺ എന്നൊരു മലയാളി പരസ്യ പ്രഫഷനൽ ആന്തം കമ്യൂണിക്കേഷൻ എന്ന പേരിൽ സ്വന്തമായി ഏജൻസിയുണ്ടാക്കി. ആറു മാസം കാത്തിരുന്നിട്ടും ഒറ്റ ഇടപാടു പോലും കിട്ടിയില്ല. അങ്ങനെയിരിക്കെ ജപ്പാനിലെ സോണി ഇന്ത്യയിൽ വന്ന് പരസ്യ ഏജൻസിയെ കണ്ടെത്താൻ പ്രമുഖർക്കൊപ്പം ആന്തമിനെയും ക്ഷണിച്ചു. വൻകിട ഏജൻസികളുടെ വമ്പൻ കക്ഷികൾ വന്നു സോണി എക്സിക്യൂട്ടീവുകളുടെ മുന്നിൽ പരസ്യങ്ങളെക്കുറിച്ചു പ്രസന്റേഷൻ നടത്തി.

എല്ലാവരും ആഷ്പുഷ് അടിച്ചു. ഓഡിയോ വിഷ്വൽ, സ്‌ലൈഡ്, പവർ പോയിന്റ്...സായിപ്പിനേക്കാൾ സ്പീഡിൽ ഇംഗ്ലിഷ് പറഞ്ഞു. ഒടുവിൽ ആന്തമിന്റെ ഊഴം. പരസ്യങ്ങളുടെ ഫോട്ടോകളും പരസ്യവാചകങ്ങളും ഒരു ആൽബത്തിലാക്കിയായിരുന്നു അവരുടെ അവതരണം. മേശയുടെ അപ്പുറം ഇപ്പുറം ഇരുന്ന് സാവധാനം  അവർക്കു മനസിലാവുന്ന സിംപിൾ ഇംഗ്ലിഷിൽ ഓരോ പരസ്യവും അവതരിപ്പിച്ചു. നാലഞ്ചു തവണ ജപ്പാൻകാർ ആൽബത്തിന്റെ പേജിൽ വിരൽ കുത്തി ‘ങ്ഹാ!’ എന്നു പറഞ്ഞതോർമ്മയുണ്ട്.

എന്തിനധികം, സോണി കോർപ്പറേഷൻ എന്ന ആഗോള ഭീമൻ കമ്പനിയുടെ പരസ്യ അക്കൗണ്ട് ആന്തം സ്വന്തമാക്കി. ബാക്കി വൻകിട പരസ്യക്കാർ അന്തംവിട്ടു നോക്കി നിന്നു. എന്തായിരുന്നു രഹസ്യം? ജോർജ് ജോൺ പറയുന്നു: ‘‘ജപ്പാൻകാർക്ക് സ്പീഡിൽ ഇംഗ്ലിഷ് സംസാരിച്ചാൽ മനസിലാവില്ല. ഇംഗ്ലിഷ് പഠിക്കാത്തതിന്റെ കോംപ്ളക്സുണ്ട്. അവരോട് ആഷ്പുഷ് അടിച്ചാൽ കുഴപ്പമാവും. സാവധാനം സിംപിൾ ഇംഗ്ലിഷിൽ കാര്യം പറഞ്ഞു മനസിലാക്കണം. ഞങ്ങൾ അതാണു ചെയ്തത്. വൻകിടക്കാരുടെ ഓഡിയോ വിഷ്വലും പവർ പോയിന്റും അവർക്കൊന്നും മനസിലായില്ല. ഞങ്ങൾ പറഞ്ഞത് മതിപ്പാവുകയും ചെയ്തു.

അതിനാൽ മലയാളി സംരംഭക കുഞ്ഞിക്കുട്ടൻമാരേ ജപ്പാൻകാരോട് കളിക്കുമ്പോൾ ഇതൊക്കെ  ഓർത്തുവയ്ക്കുക.