Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൗ അഥവാ വിൽ ഓൺ വുഡ്സ്: വ്യത്യസ്ത സ്റ്റാർട്ടപ്പുമായി ഏഴു ചെറുപ്പക്കാർ

wow-team

കൊച്ചി∙ ഐടി രംഗത്ത് സ്റ്റാർട്ടപ്പുകളും കോടികളുടെ ഫണ്ടിങ്ങും കണ്ട് ഏഴു സുഹൃത്തുക്കൾ ഒത്തുചേർന്ന് സ്വന്തമായൊരു സ്റ്റാർട്ടപ് ആശയം ആലോചിച്ചതാണ്. പക്ഷേ ഐടി ഉൾപ്പടെയുള്ള രംഗങ്ങളിലെ പ്രഫഷനലുകൾക്ക് പിരിമുറുക്കവും സമ്മർദ്ദവും അതിജീവിക്കാനുള്ള പരിശീലനം നൽകുന്ന സംരംഭമായി അതുമാറി.

അതാണ് നീലഗിരി താഴ്‌വരയിലെ കോട്ടഗിരിയിലുള്ള ‘വിൽ ഓൺ വുഡ്സ്’ (അഥവാ വൗ) എന്ന പരീക്ഷണ പരിശീലന അക്കാദമി. ഇന്ന് മുംബൈ,ഡൽഹി ഉൾപ്പടെ വൻ നഗരങ്ങളിൽ നിന്ന് നിരവധി കോർപ്പറേറ്റ്  ഗ്രൂപ്പുകൾ ഇവിടെ പരിശീലനത്തിനെത്തുന്നു. ഒൻപത് ഏക്കറിൽ പരന്നു കിടക്കുന്ന അക്കാദമിയിൽ വിവിധ തരം സാഹസിക ദൗത്യങ്ങൾക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

പല ട്രെയിനിങ് മോഡ്യൂളുകളിൽനിന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. ലക്ഷ്യം ആത്മവിശ്വാസം ആർജിക്കുക, നേതൃത്വശേഷി നേടുക എന്നതാണ്. പക്ഷേ മനോഹരമായ അന്തരീക്ഷത്തിൽ ഒഴിവുകാലം ആസ്വദിക്കുന്നതു പോലെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായി ചേർന്നു പരിശീലനം നടത്താം. സൈക്‌ളിങ്, ട്രെക്കിങ്, ഫുട്ബോൾ, അമ്പെയ്ത്ത്, ക്യാംപിങ് തുടങ്ങിയവ അതിന്റെ ഭാഗമാണ്. മൂന്നോ നാലോ ദിവസം നീളുന്ന ട്രെയിനിംഗിന് 65 പേർക്കു വരെ താമസിക്കാനുള്ള സൗകര്യമുണ്ട്.  അതിനിടെ ആഗോള മര്യാദകളും സാമൂഹിക ഇടപഴകലുകളും ശരീരഭാഷയും പോലുള്ള നിരവധി വിഷയങ്ങളിൽ പ്രവീണ്യം നേടാൻ വിദഗ്ധരുടെ  പ്രഭാഷണങ്ങളുമുണ്ട്.

പല ടീമുകളായി തിരിച്ചാണു പരിശീലനം. യോഗയും ധ്യാനവുമുണ്ട്. എൻജിനീയറിംഗും എംബിഎയും കഴി‍ഞ്ഞ ഏഴു ചെറുപ്പക്കാരാണ് സംരംഭത്തിനു പിന്നിൽ. പോൾനിതിൻ, അരുൺ കുര്യൻ,ശരത് മോഹൻ, അഡോൺ കുര്യച്ചൻ, വൈശാഖ് സുനിൽ,നിർമ്മൽ ജോസ്, ജിതിൻ വലവത്ത് എന്നിവർ. അവരുടെ എംബിഎ അധ്യാപകനായ മഹേഷ് നസാറെയാണ് നേതൃത്വത്തിൽ. വിവരങ്ങൾക്ക് വിൽഓൺവുഡ്സ് ഡോട്ട് കോം