Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഊബർ വാഹന ഗതാഗത കമ്പനിയെന്ന് യൂറോപ്യൻ യൂണിയൻ കോടതി

Uber-mobile.jpg.image.784.410

ബ്രസൽസ് ∙ ഓൺലൈൻ ടാക്സി കമ്പനിയായ ഊബർ, സാധാരണ ട്രാൻസ്പോർട്ടിങ് (വാഹന ഗതാഗത) കമ്പനി മാത്രമാണെന്നും ആ നിലയ്ക്കു തന്നെ നിയന്ത്രിക്കപ്പെടണമെന്നും യൂറോപ്യൻ യൂണിയൻ കോടതിവിധി. മൊബൈൽ ആപ് എന്ന നിലയ്ക്കുള്ള നിയന്ത്രണമല്ല ഊബറിനുമേൽ ഉണ്ടാകേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

സ്പെയിനിലെ ബാർസിലോനയിലെ ടാക്സിക്കാരുടെ സംഘടനയായ എലൈറ്റ് ടാക്സി അസോസിയേഷൻ നൽകിയ കേസിലാണ് ഊബറിനെ സംബന്ധിച്ചു ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്ന വിധി ഉണ്ടായത്. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്ക് ഊബർ സേവനങ്ങൾക്കു വ്യവസ്ഥകൾ ഏർപ്പെടുത്താവുന്നതാണെന്നും ലക്സംബർഗിലെ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ടാക്സി സേവനം ആവശ്യമുള്ളവരെയും ഡ്രൈവർമാരെയും പരസ്പരം ബന്ധിപ്പിക്കുന്ന സേവനദാതാവ് മാത്രമാണു തങ്ങളെന്നാണ് ഊബർ അവകാശപ്പെടുന്നത്. എന്നാൽ യാത്രക്കാരെ ഒട്ടും പ്രഫഷനൽ അല്ലാത്ത ഡ്രൈവർമാരുമായി ബന്ധിപ്പിക്കുന്ന സാഹചര്യമുള്ളതിനാൽ വാഹന ഗതാഗത നിയമങ്ങൾ തന്നെ ബാധകമാക്കണമെന്നു കോടതി നിരീക്ഷിച്ചു.

ലോകത്തെമ്പാടും 600 നഗരങ്ങളിൽ ഊബറിന്റെ സേവനമുണ്ട്. പരമ്പരാഗത ടാക്സി കമ്പനികളിൽ നിന്നും ഡ്രൈവർമാരിൽ നിന്നും വലിയ എതിർപ്പു നേരിടുന്ന ഊബറിനു ബുദ്ധിമുട്ടുണ്ടാക്കുന്നതാണു വിധി. സമൂഹത്തിന്റെ വിജയമാണിതെന്നു ഹർജിക്കാരായ സംഘടന പ്രതികരിച്ചു. പക്ഷേ, വിധി നടത്തിപ്പിലേക്കുള്ള പാത ദൈർഘ്യമേറിയതാണെന്ന് അവരുടെ വക്താവ് ഐവാൻ എസ്മ ചൂണ്ടിക്കാട്ടി. എന്നാൽ യൂറോപ്പിലെ പല രാജ്യങ്ങളിലും വാഹന ഗതാഗത നിയമപ്രകാരം തന്നെയാണു തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഊബർ പ്രതികരിച്ചു. ആ നിലയ്ക്ക് ഈ വിധി തങ്ങൾക്കുമേൽ പുതിയ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തുന്നില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി.