Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരൂ, സൗജന്യമായി റോബട്ട് ഉണ്ടാക്കാം...

robot

ർട്ടിഫിഷ്യൽ ഇന്റലിജെൻസിനെ ഭാവിയുടെ സാങ്കേതിക വിദ്യ എന്നു വിളിച്ചിരുന്ന കാലം എത്രോ പുറകിലായിക്കഴിഞ്ഞു. ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജെൻസും വെർച്വൽ റിയാലിറ്റിയുമൊക്കെ നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളായി മാറിക്കഴിഞ്ഞു. റോബട്ടുകൾ എന്തും ചെയ്തുതരുന്ന കാലമാണിത്. എഐ, റോബട്ടുകൾക്കു ബുദ്ധിയും വിവേചനവും കൊടുത്തു. റോബട്ട് ഉണ്ടാക്കാൻ ഇപ്പോഴും ജപ്പാനെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടോ നമുക്ക്. ഇല്ലെന്നു മാത്രമല്ല, ഒരു കുടിൽ വ്യവസായം പോലെ ഇനി റോബട്ടുകളുണ്ടാക്കാം. ഐഐ, വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയുള്ളതാകും ഇനിയുള്ള സംരംഭക ആശയങ്ങളെല്ലാം.

ഫുള്ളി ഓട്ടമാറ്റിക് എന്നു നാം പറയുന്ന വാഷിങ് മെഷീനിലും അലക്കു തീർന്നാൽ നമ്മുടെ കൈ എത്തണം. വാഷിങ് സമയം കഴിഞ്ഞാൽ കൃത്യമായി മെഷീൻ ഓഫ് ചെയ്യണം, തുണി എല്ലാമെടുത്തു കുടഞ്ഞു വിരിക്കണം. ഉണങ്ങിയ തുണി അഴയിൽ നിന്ന് എടുത്തു മാറ്റണം, തുണികൾ മടക്കി വേർതിരിച്ചു വെയ്ക്കണം– ഇതൊക്കെ നമ്മൾ പിന്നാലെ നടന്നു ചെയ്യേണ്ട കാര്യങ്ങൾ തന്നെ. ഈ അലക്കുകാര്യത്തിൽ വരെ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് സാങ്കേതിക വിദ്യ ഉപയോഗിക്കാനായാലോ, അങ്ങനെ വീട്ടിലിരുന്നു തുണി അലക്കിയപ്പോൾ, ഒരു അലക്കുകാരൻ റോബട് എന്ന ആശയം നിങ്ങളുടെ മനസ്സിൽ ഉദിച്ചോ, എങ്കിൽ നിങ്ങൾക്കു തന്നെ, നമ്മുടെ നാട്ടിൽത്തന്നെ ഉണ്ടാക്കാം ഇത്തരമൊരു റോബട്ടിനെ.

എങ്ങനെ തുടങ്ങാം എഐ സംരംഭം?

∙ ഐഡിയ ഡേ, ഐഡിയ ഗ്രാന്റ് 

ഒരു എഐ ആശയം മനസ്സിൽ ഉദിച്ചാൽ അത് എങ്ങനെ പ്രാവർത്തികമാക്കാം എന്നു ചിന്തിക്കണം. ഉൽപന്നത്തിന്റെ മാർക്കറ്റിങ് വശം കൂടി പഠിച്ചു കഴിഞ്ഞാൽ സ്റ്റാർട്ടപ് മിഷൻ മാസം തോറും നടത്തുന്ന ഐഡിയാ ഡേയിൽ ആശയം അവതരിപ്പിക്കാം. വിദഗ്ധ സമിതിക്കു മുൻപിൽ വിജയകരമായി വിഷയം അവതരിപ്പിക്കാനായാൽ ഐഡിയ ഗ്രാന്റായി രണ്ടു ലക്ഷം രൂപ ലഭിക്കും, സൗജന്യമായി. സാധ്യതാ പഠനത്തിന് ഈ ഫണ്ട് ഉപയോഗിക്കാം.

∙ പ്രീ ഇൻക്യുബേഷൻ ഫെസിലിറ്റി (10 ലക്ഷം രൂപ ഗ്രാന്റ്)

ഉൽപന്നത്തെ പ്രോട്ടോടൈപ്പാക്കി മാറ്റാനുള്ള സൗകര്യവും ഈ ഘട്ടത്തിൽ സ്റ്റാർട്ടപ് മിഷൻ ഒരുക്കും. സ്റ്റാർട്ടപ് മിഷന്റെ ഫ്യൂച്ചർ ടെക്നോളജി ലാബാണ് അതിനു സഹായിക്കുക. ഉൽപന്നം സോഫ്ട്‌വെയറാണോ, ഹാർഡ് വെയറാണോ എന്നു നോക്കി ഇൻക്യുബേഷൻ സെന്ററിലേക്ക് അയയ്ക്കും. റോബട് ഹാർഡ്‌വെയറായതിനാൽ കൊച്ചിയിലെ മേക്കർ വില്ലേജിൽ വച്ച് പ്രോട്ടോടൈപ് ഉണ്ടാക്കാം. പ്രോജക്ട് തയാറാക്കാൻ ഫ്യൂച്ചർ ടെക്നോളജി ലാബിന്റെ എല്ലാ സാങ്കേതിക സാധ്യതകളും ഉപയോഗിക്കാം. പ്രൊട്ടോടൈപ് ഉണ്ടാക്കാൻ ഒരു വർഷം 

വരെ സമയപരിധിയുണ്ട്. 10 ലക്ഷം രൂപയാണു ഗ്രാന്റായി ലഭിക്കുക. ഈ സ്റ്റേജ് കടന്നാൽ ഇൻക്യുബേഷന് അപേക്ഷിക്കാം.

∙ ഇൻക്യുബേഷൻ സ്റ്റേജ് (അഞ്ചു ലക്ഷം സീഡ് ഫണ്ട്)

പ്രൊട്ടോടൈപ് തയാറായാൽ ഇൻക്യുബേഷൻ സ്റ്റേജിലെത്തി. ഈ ഘട്ടത്തിൽ അഞ്ചു ലക്ഷം രൂപ സീഡ് ഫണ്ട് ലഭിക്കും. ഇത് തിരിച്ചടയ്ക്കേണ്ടതാണ്.

∙ സാധ്യതകളുടെ ലോകത്തേക്ക്

ഇനി ഉൽപന്നത്തെക്കുറിച്ചുള്ള അനന്ത സാധ്യതകളും പോരായ്മകളും വിലയിരുത്താനുള്ള ഘട്ടമാണ്. ഇതിനു രാജ്യാന്തര തലത്തിൽ നിന്നുള്ള വിദഗ്ധരുമായി വരെ ചർച്ച ചെയ്യാനും സംശയങ്ങൾ ചോദിക്കാനുമുള്ള അവസരം സ്റ്റാർട്ടപ് മിഷൻ നൽകും. എല്ലാ മേഖലകളിൽ നിന്നുമുള്ള വിദഗ്ധരുടെ സേവനം ഈ ഘട്ടത്തിൽ ലഭ്യമാക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് മാനേജ്മെന്റിന്റെ പരിശീലനം ഈ ഘട്ടത്തിൽ ലഭിക്കും. എന്തെങ്കിലും മോഡിഫിക്കേഷൻ നടത്തണമെങ്കിൽ ഈ ഘട്ടത്തിൽ നടത്താം.

∙സെക്കന്റ് പ്രോട്ടോടൈപ്പ്, തേഡ് പ്രോട്ടോടൈപ്പ്

ഇപ്പോൾ നിങ്ങളുടെ അലക്കുകാരൻ റോബട്ട് പുറത്തുകാണിക്കാൻ പറ്റുന്ന തരത്തിലേക്കു മാറിയിട്ടുണ്ടാകും. സർക്കാർ ഓഫിസിൽ ഉപയോഗിക്കാവുന്ന അഞ്ചു ലക്ഷം രൂപയിൽ കുറഞ്ഞ ഉൽപന്നമാണെങ്കിൽ ടെൻഡർ ഇല്ലാതെ തന്നെ ഡിമാൻഡ് ഡേ വഴി സർക്കാർ ഈ ഉൽപന്നം വാങ്ങും.

∙ ആക്സിലറേഷൻ

ഏൺസ്റ്റ് ആൻഡ് യങ്ങുമായി ചേർന്നു കേരളാ സ്റ്റാർട്ടപ് മിഷൻ നടത്തുന്ന ആക്സിലറേഷൻ സെന്ററിലാകും ഇനി നിങ്ങളുടെ പരിശീലനം. കോഴിക്കോടും തിരുവനന്തപുരത്തും ഇപ്പോൾ ആക്സിലറേഷൻ സെന്ററുകളുണ്ട്. ഇതുകൂടി കഴിഞ്ഞാൽ ഉൽപന്നവുമായി വിപണിയിലേക്കിറങ്ങാം.

ഫണ്ടിന് ഇനിയുമുണ്ട് വഴികൾ

∙ ഫീഡിങ് കേരള

നിങ്ങളുമായി ദേശീയ രാജ്യാന്തര നിക്ഷേപകരെ പരിചയപ്പെടുത്തുന്ന പരിപാടിയാണിത്. ഉൽപന്നത്തെപ്പറ്റി വിശദീകരിച്ച് നിക്ഷേപകരിൽ താൽപര്യമുണ്ടാക്കി നിങ്ങളെ പരിചയപ്പെടുത്തും. ഉൽപന്നം ഫീസിബിൾ എന്നു തോന്നിയാൽ ഫണ്ട് ലഭിക്കും. പല നിക്ഷേപക ഏജൻസികളുമായും സ്റ്റാർട്ടപ് മിഷന് ടൈ അപ് ഉണ്ട്.

∙ ഫണ്ട് ഓഫ് പണ്ട്

നിക്ഷേപകർ നൽകുന്ന തുകയുടെ നിശ്ചിത ശതമാനം സർക്കാരും നിക്ഷേപിക്കുന്ന പദ്ധതി. (60 ശതമാനം വരെ)

∙ പേറ്റന്റ് റീഇംബേഴ്സ്മെന്റ്

അലക്കുകാരൻ റോബടിന് പേറ്റന്റ് കിട്ടിയാൽ ഇതിനായി ചെലവായ തുക മുഴുവനും സർക്കാർ തിരിച്ചു തരും.

∙ സ്റ്റാർട്ടപ് ബോക്സ്

പ്രോജക്ട് ചെയ്യാൻ ആവശ്യമായ സാങ്കേതിക ഉപകരണങ്ങൾ, ലാപ്ടോപ് അടക്കമുള്ളവ കിറ്റായി ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.