Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുമേഖലാ സ്‌ഥാപനമേ, പെട്രോൾ വിറ്റെങ്കിലും രക്ഷപ്പെടൂ

Author Details
petrol-pump

മലപ്പുറം ∙ പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്ത് പെട്രോൾ പമ്പുകൾ തുടങ്ങാൻ സർക്കാർ അനുമതി. നഷ്‌ടത്തിൽ പ്രവർത്തിക്കുന്ന ചില സ്‌ഥാപനങ്ങളുടെ അപേക്ഷയെ തുടർന്നാണു വ്യവസായ വകുപ്പ് തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

പ്രധാന റോഡുകളോടു ചേർന്നു സ്‌ഥലമുള്ള പൊതുമേഖലാ സ്‌ഥാപനങ്ങൾക്കാണ് ഈ സൗകര്യം ലഭിക്കുക. സ്‌ഥാപനത്തിന്റെ കൈവശമുള്ള സ്‌ഥലം പൊതുമേഖലയിൽ പ്രവർത്തിക്കുന്ന പെട്രോളിയം കമ്പനികൾക്ക് 20 വർഷത്തേക്കു പാട്ടത്തിനു നൽകാം. സ്‌ഥലം അനുവദിക്കുന്നതിനായി പെട്രോളിയം കമ്പനികളിൽനിന്നു ടെൻഡർ ക്ഷണിക്കണം. അധിക ജീവനക്കാരുള്ള പൊതുമേഖലാ സ്‌ഥാപനങ്ങളാണു പരിഗണനയിലുള്ളത്.

അധികമുള്ള ജീവനക്കാരെ വച്ചു പമ്പിന്റെ നടത്തിപ്പു ജോലികൾ നിർവഹിക്കണം. വിൽപന ഇനത്തിൽ പെട്രോളിയം കമ്പനികൾ നൽകുന്ന കമ്മിഷൻ തുക സ്‌ഥലം വിട്ടുനൽകിയ പൊതുമേഖലാ സ്‌ഥാപനത്തിനു പ്രയോജനപ്പെടുത്താം. പാട്ടത്തുക മാസത്തിൽ ഈടാക്കണം. അതും സ്‌ഥലം നൽകുന്ന സ്‌ഥാപനത്തിന് ഉപയോഗിക്കാം. സ്‌ഥലം ഏറ്റെടുക്കാനായി പെട്രോളിയം കമ്പനികൾക്കു മൂന്നു മാസം സമയം നൽകണം. സ്‌ഥലം ഏറ്റെടുത്ത് ആറു മാസത്തിനകം കമ്പനികൾ പെട്രോൾ പമ്പ് പ്രവർത്തന ക്ഷമമാക്കണമെന്നാണു വ്യവസ്‌ഥ. 

പ്രധാന പാതകളോടു ചേർന്നു സ്‌ഥലമുള്ളതും നഷ്‌ടത്തിൽ പ്രവർത്തിക്കുന്നതുമായ പൊതുമേഖലാ സ്‌ഥാപനങ്ങൾ ഏറെയുണ്ട്. പത്തിലധികം ജീവനക്കാരെ പമ്പിൽ വിന്യസിക്കാനും വിൽപനയിൽനിന്നു ലഭിക്കുന്ന കമ്മിഷൻ തുകയും പാട്ടത്തുകയും സ്‌ഥാപനത്തിന്റെ നഷ്‌ടം നികത്താൻ ഉപയോഗിക്കാനും കഴിയുമെന്നാണു  കണക്കു കൂട്ടൽ. 

കണ്ണൂരിൽനിന്നുള്ള ഒരു പൊതുമേഖലാ സ്‌ഥാപനമാണ് പെട്രോൾ പമ്പ് തുടങ്ങാൻ സ്‌ഥലം വിട്ടുകൊടുക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ആദ്യം വ്യവസായ വകുപ്പിനെ സമീപിച്ചത്. തുടർന്നാണ് ഏതു പൊതുമേഖലാ സ്‌ഥാപനത്തിനും ബാധകമാകുന്ന തരത്തിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.