Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരുമുളക്: ഇറക്ക് മതി...പോരാ...

Author Details
516957582

കൊച്ചി ∙ കുരുമുളക് ഇറക്കുമതി ചെയ്തില്ലെങ്കിൽ രാജ്യാന്തര വിപണിയിൽ മൽസരിക്കാൻ കഴിയില്ലെന്നു മൂല്യവർധിത കുരുമുളക് ഉത്പന്നങ്ങളുടെ കയറ്റുമതിക്കാർ. കിലോഗ്രാമിന് 500 രൂപയിൽത്താഴെ വിലയ്ക്ക് കുരുമുളക് ഇറക്കുമതി ചെയ്യുന്നതിന് കർശന നിയന്ത്രണവുമായി വിദേശവാണിജ്യ ഡയറക്ടർ ജനറൽ. ഇറക്കുമതി പൂർണമായും നിർത്തണമെന്ന് പ്രാദേശിക കർഷകർ. കുരുമുളക് വ്യവസായ മേഖലയിൽ എരിവേറുന്നു.

കുരുമുളകിന്റെ ആഭ്യന്തര വിപണിയിലെ വില രാജ്യാന്തര വിപണിയിലെ വിലയെക്കാൾ ഉയർന്നു നിൽക്കുന്നതാണ് പ്രതിസന്ധിക്കു കാരണം. രാജ്യാന്തര വിപണിയിൽ കുരുമുളകിന് കിലോഗ്രാമിന് 3.5–4 ഡോളർ (225–260 രൂപ) മാത്രമാണു വില. ആഭ്യന്തര വിപണിയിൽ 460–470 രൂപ വിലയുണ്ട്. പൂർണമായും മൂല്യവർധിത കയറ്റുമതിക്കായി മാത്രം ഫാക്ടറികൾ നടത്തുന്ന വ്യവസായികൾക്ക് ഈ വില വ്യത്യാസം രാജ്യാന്തര വിപണിയിൽ മൽസരിക്കുന്നതിനു തടസ്സമാകുന്നു. മാത്രമല്ല തങ്ങൾ ഇറക്കുമതി ചെയ്യുന്ന കുരുമുളക് പൂർണമായും കുരുമുളകു പൊടിയും ഓലിയോറെസിൻ പോലുള്ള ഉത്പന്നങ്ങളുമായി തിരികെ കടൽ കടക്കുന്നതിനാൽ ആഭ്യന്തര വിപണിയെ ബാധിക്കുന്നില്ലെന്നാണ് അവരുടെ നിലപാട്.

അതിനിടെയാണ് കിലോഗ്രാമിന് 500 രൂപയിൽ താഴ്ന്ന വിലയുള്ള കുരുമുളക് ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഡിജിഎഫ്ടി (ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ്) വിജ്ഞാപനം പുറത്തിറക്കിയത്. അതനുസരിച്ച് ഇൻവോയ്സിൽ കുരുമുളക് വില 500 രൂപയ്ക്കു മുകളിലാവണം. അതിൽ കുറഞ്ഞ വിലയുള്ള കുരുമുളക് ഇറക്കുമതി ചെയ്താൽ പെനൽറ്റിയും ആഭ്യന്തര വിപണിയിലെ വിലയുമായി തട്ടിച്ചു നോക്കുമ്പോഴുള്ള വ്യത്യാസത്തിനു മേൽ 70% ഡ്യൂട്ടിയും സർചാർജും മറ്റും നൽകണം. ഇറക്കുമതി അപ്രായോഗികമാക്കി ആഭ്യന്തര വിപണിയിലെ വില പിടിച്ചു നിർത്തുന്നതിനാണിത്. കുരുമുളക് കർഷകർ അതിനെ സ്വാഗതം ചെയ്യുന്നു. ശ്രീലങ്കയിൽ നിന്നു വർഷം 2500 ടൺ കുരുമുളക് അഞ്ച് ശതമാനം ഡ്യൂട്ടിയിൽ ഇറക്കുമതി ചെയ്യാമെന്ന വ്യവസ്ഥയും റദ്ദാക്കണമെന്ന് അവർ ആവശ്യപ്പെടുന്നുണ്ട്.

ഇന്ത്യയിൽ വർഷം 18,000–20,000 ടൺ കുരുമുളക് ഇറക്കുമതിയുണ്ട്. മൂല്യവർധിത കുരുമുളക് കയറ്റുമതിക്കാരുടെ സംഘടനയായ ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറത്തിലെ അംഗങ്ങൾ മാത്രം വർഷം 12,000–15,000 ടൺ കുരുമുളക് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ചെയർമാൻ പ്രകാശ് നമ്പൂതിരി പറഞ്ഞു. ഓലിയോ റെസിൻ ഏകദേശം 355 കോടിക്കും മറ്റു കുരുമുളക് ഉൽപന്നങ്ങൾ 350 കോടിക്കും കയറ്റുമതി ചെയ്യുന്നുമുണ്ട്. മാത്രമല്ല ഓലിയോ റെസിൻ (കുരുമുളക് സത്ത്) ഉൽപാദിപ്പിക്കുന്നതിന് മൂപ്പെത്താത്ത കുരുമുളക് (ലൈറ്റ് ബെറീസ്) ആണു വേണ്ടതെന്നും ഇന്ത്യൻ വിപണിയിൽ അതു ലഭ്യമല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര വിപണിയുമായി വില വ്യത്യാസവും നിൽനിൽക്കുന്നതിനാൽ ഇറക്കുമതി കൂടാതെ വ്യവസായവും കയറ്റുമതിയും മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നാണ് അവരുടെ നിലപാട്.

സ്പൈസസ് ബോർഡ് ചെയർമാൻ ഇതു സംബന്ധിച്ച് എല്ലാ വിഭാഗക്കാരുടെയും യോഗം വിളിച്ചിരുന്നു. ഇറക്കുമതി ചെയ്യുന്ന കുരുമുളകും അതിന്റെ കയറ്റുമതിക്കായുള്ള ഉപയോഗവും സംബന്ധിച്ച കണക്കു ചോദിച്ചെങ്കിലും കയറ്റുമതിക്കാർക്ക് ഹാജരാക്കാൻ കഴിഞ്ഞില്ല. ഇറക്കുമതി ചെയ്യപ്പെടുന്ന കുരുമുളകിൽ ഒരു ഭാഗം ആഭ്യന്തര വിപണിയിൽ ചെന്നെത്തുന്നു എന്ന ആരോപണവുമുണ്ട്. മാത്രമല്ല നിലവാരം കുറഞ്ഞ കുരുമുളകാണ് വിയറ്റ്നാമിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്നത് എന്നും  ആരോപണമുണ്ട്. ഇറക്കുമതി ചെയ്യുന്ന കുരുമുളകിന്റെ നിലവാരം ടെസ്റ്റ് ചെയ്യട്ടെ എന്നു ചോദിച്ചപ്പോൾ കയറ്റുമതിക്കാർ എതിർത്തിരുന്നു. പുറത്തുനിന്നു നിലവാരം കുറഞ്ഞ കുരുമുളക് വില കുറച്ചു വാങ്ങുകയാണോ എന്ന സംശയവും ഇതു സൃഷ്ടിച്ചു. ഇന്ത്യയിലെ നിലവാരം കൂടിയ കുരുമുളക് ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുകയാണു വേണ്ടതെന്ന് സ്പൈസസ് ബോർഡ് ചെയർമാൻ ഡോ.എ. ജയതിലക് പറഞ്ഞു. സ്പൈസസ് ബോർഡ് നിർദേശം അനുസരിച്ചാണ് ഇറക്കുമതിക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്..

കഴിഞ്ഞ വർഷം ഇന്ത്യയിൽ 40,000–50,000 ടണ്ണായിരുന്നു കുരുമുളക് ഉൽപാദനം. ഇക്കൊല്ലം അത് 60,000–80,000 ടണ്ണായി ഉയരുമെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ കുരുമുളക് വിലയിൽ ഇനിയും ഇടിവിനു സാധ്യതയുണ്ടെന്നിരിക്കെയാണ് ഇറക്കുമതിയും കയറ്റുമതിയും സംബന്ധിച്ച തർക്കം. ഇറക്കുമതി നിയന്ത്രിച്ച വിജ്ഞാപനം വന്ന ഡിസംബർ ആറിനു  ശേഷം കുരുമുളക് വില കൂടിയിട്ടുമുണ്ടെന്നതു വസ്തുതയാണ്.

കുരുമുളക് വില (കിലോഗ്രാമിന് രൂപയില്‍), അൺഗാർബിൾഡ്, ഗാര്‍ബിള്‍‌ഡ് എന്ന ക്രമത്തില്‍.

ഡിസംബർ  7        378,  399 

ഡിസംബർ 16        415,  435 

ഡിസംബർ 27        446, 466

ഇന്നലെ        445,    465