Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബയോ സയൻസ് പാർക്ക്: സ്റ്റാർട്ടപ്പുകൾക്ക് സ്വാഗതം

തിരുവനന്തപുരം∙ രാജ്യാന്തര നിലവാരത്തിലുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്  ഉൾപ്പെടെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും  ബയോ സയൻസ് പാർക്കിൽ  മുൻഗണന. നാലു പൊതുമേഖലാ സ്ഥാപനങ്ങൾക്കായി തോന്നയ്ക്കലെ  ബയോ സയൻസ് പാർക്കിൽ 45 ഏക്കർ ഭൂമി അനുവദിച്ചു. രണ്ടു സ്റ്റാർട്ടപ്പുകൾക്കും സർക്കാർ പ്രവർത്തന അനുമതി നൽകിയിട്ടുണ്ട്. 

ജീവശാസ്ത്ര വ്യവസായ രംഗത്തെ സംരംഭകർക്കായി സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) തുടങ്ങിയ ബയോ 360 ലൈഫ് സയൻസ് പാർക്കിന്റെ ആദ്യഘട്ടമായാണിത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് 25 ഏക്കറാണ് അനുവദിച്ചത്. ശ്രീചിത്ര മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബയോ മെഡിക്കൽ റിസർച് ഡവലപ്മെന്റ് സെന്റർ തുടങ്ങുന്നതിന് 10 ഏക്കറും  കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ്  സർവകലാശാല ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുന്നതിന് അഞ്ച് ഏക്കറും ട്രോപ്പിക്കൽ ബൊട്ടാണിക്കൽ റിസർച് സെന്ററിന് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ അഞ്ച് ഏക്കറും അനുവദിച്ചിട്ടുണ്ട്.

ആരോഗ്യ ചികിൽസാ രംഗത്തെ യുവഗവേഷകർ ഉൾപ്പെടുന്ന രണ്ടു സ്റ്റാർട്ടപ്പ് സംരംഭകർക്കും സ്ഥാപനം തുടങ്ങാൻ അനുമതിയായിട്ടുണ്ട്. സാംക്രമിക രോഗങ്ങളെക്കുറിച്ചു പഠിക്കുന്നതിനും മരുന്നുകൾ വികസിപ്പിച്ചെടുക്കുന്നതിനും ആരോഗ്യവകുപ്പിന്റെ ബയോടെക്നോളജി കമ്മിഷൻ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എന്നിവയുടെ ഉടമസ്ഥതയിൽ  500 കോടി രൂപ ചെലവഴിച്ചാണു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.  ജൂലൈ പദ്ധതി പൂർത്തിയാക്കുകയാണു ലക്ഷ്യം.