Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രൂസ് സഞ്ചാരികൾക്കു തിരിച്ചറിയൽ നടപടിയിൽ ഇളവ്

Cruise Ship

കൊച്ചി ∙ ക്രൂസ് ടൂറിസം പ്രോത്സാഹനത്തിനായി വിദേശ സഞ്ചാരികൾക്കു ബയോമെട്രിക് എൻറോൾമെന്റിൽ നിന്ന് ഇളവു നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇ വീസ സൗകര്യം അനുവദിച്ച കൊച്ചി ഉൾപ്പെടെ അഞ്ചു മേജർ തുറമുഖങ്ങളിൽ ക്രൂസ് ഷിപ്പുകളിൽ എത്തുന്ന സഞ്ചാരികളെയാണു ബയോമെട്രിക് വിശദാംശങ്ങൾ നൽകുന്നതിൽ നിന്ന് ഒഴിവാക്കുക. 2020 ഡിസംബർ 31 വരെയാണ് ഇളവു പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ സീസണിലും 35 – 40 ക്രൂസ് ഷിപ്പുകളും പതിനായിരക്കണക്കിനു സഞ്ചാരികളുമെത്തുന്ന കൊച്ചി തുറമുഖത്തിനു തീരുമാനം നേട്ടമാകും. 

കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുന്നോട്ടു വച്ച ആവശ്യത്തെത്തുടർന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ഇമിഗ്രേഷൻ നടപടികൾ പരമാവധി ഒന്നര മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണമെന്ന രാജ്യാന്തര മാനദണ്ഡം പാലിക്കാൻ ഇന്ത്യൻ തുറമുഖങ്ങൾക്കു കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണു തീരുമാനം. 

സാധാരണയായി ആദ്യമായി തുറമുഖത്തെത്തുന്ന എത്തുന്ന വിദേശ സഞ്ചാരികൾക്കാണു ബയോമെട്രിക് വിശദാംശങ്ങൾ നൽകേണ്ടിവരുന്നത്. ഈ നിബന്ധന ഇളവു ചെയ്തതോടെ സഞ്ചാരികളുടെ ഇമിഗ്രേഷൻ നടപടികൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാനാകും. നാടു കാണാൻ കൂടുതൽ സമയം ലഭിക്കുകയും ചെയ്യും. കൊച്ചിക്കു പുറമേ, മുംബൈ, മർമഗോവ, ന്യൂ മംഗളൂരു, ചെന്നൈ തുറമുഖങ്ങളിലാണ് ഇ വീസ സൗകര്യമുള്ളത്. 

ക്രൂസ് ഷിപ്പുകളെ ആകർഷിക്കുന്നതിനായി കഴിഞ്ഞ നവംബറിൽ മേജർ തുറമുഖങ്ങൾ 42 – 67 ശതമാനം നിരക്കിളവു പ്രഖ്യാപിച്ചിരുന്നു. 2000 മുതൽ 4000 വരെ യാത്രികരെ വഹിക്കാൻ ശേഷിയുള്ള വമ്പൻ ക്രൂസ് ഷിപ്പുകളാണ് പുതിയ സീസണിൽ ഇന്ത്യൻ തുറമുഖങ്ങൾ സന്ദർശിക്കുന്നത്.