Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുമേഖലാ സ്ഥാപനങ്ങൾ 34.19 കോടി രൂപ ലാഭത്തിൽ

തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ നടപ്പു സാമ്പത്തികവർഷം പകുതി പിന്നിട്ടപ്പോൾ 34.19 കോടി രൂപയുടെ ലാഭമുണ്ടാക്കിയതായി വ്യവസായ വകുപ്പ്. കഴിഞ്ഞ സാമ്പത്തികവർഷം ഇതേ സമയത്ത് 113 കോടി രൂപ നഷ്ടമായിരുന്നു. 136 കോടി രൂപയുടെ ലാഭം നേടിയ കെഎംഎംഎൽ ചരിത്രത്തിലെ ഉയർന്ന നേട്ടമാണുണ്ടാക്കിയത്.

കഴിഞ്ഞ തവണ ഇതേ സമയത്ത് 15 കോടി മാത്രമായിരുന്നു ലാഭം. 18.87 കോടി  ലാഭമുണ്ടാക്കിയ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസും ചരിത്രമെഴുതി. കഴിഞ്ഞ തവണ ഇതേ സമയത്ത് 97 ലക്ഷം രൂപയായിരുന്നു ലാഭം. മൂന്നുകോടി രൂപ ലാഭമുണ്ടായിരുന്ന ടൈറ്റാനിയം നേട്ടം 20 കോടിയിലെത്തിച്ചു.

കഴിഞ്ഞ തവണ ഇതേ സമയം നഷ്ടത്തിലായിരുന്ന കെഎസ്ഐഇ ഇത്തവണ ആദ്യ പാദത്തിൽ ലാഭത്തിലായി. സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും കൂടുതൽ കമ്പനികൾ പ്രവർത്തന ലാഭം നേടുമെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു.

യുഡിഎഫ് സർക്കാർ ഒഴിയുമ്പോൾ 131.60 കോടി രൂപയായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം. എൽഡിഎഫ് സർക്കാരിന്റെ ആദ്യവർഷം നഷ്ടം 71 കോടി രൂപയായി കുറഞ്ഞു. പദ്ധതി വിഹിതം 100 കോടിയിൽനിന്നു 270 കോടിയാക്കി കഴിഞ്ഞ വർഷം ഉയർത്തിയത് ഏറെ ഗുണം ചെയ്തെന്നും മന്ത്രി പറഞ്ഞു.

ടെൽക്, കെൽ, ഓട്ടോകാസ്റ്റ്, കെഎഎൽ തുടങ്ങിയ കമ്പനികളിലെ ആധുനികവൽക്കരണ നടപടികൾ അന്തിമഘട്ടത്തിലാണ്. കെഎംഎംഎൽ, ട്രാവൻകൂർ ടൈറ്റാനിയം, മലബാർ സിമന്റ്‌സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ വിപുലീകരണ പദ്ധതിയും സർക്കാരിന്റെ പരിഗണനയിലുണ്ട്.

കരിമണലിൽനിന്ന് ടൈറ്റാനിയം ഉൽപാദിപ്പിക്കുന്നതിനു വ്യവസായ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനുള്ള പദ്ധതിപഠനവും പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.