Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർണ വായ്പ വ്യവസായം 3.1 ലക്ഷം കോടി രൂപയിലേക്ക്

gold-loan

ന്യൂഡൽഹി ∙ രാജ്യത്തെ സ്വർണ വായ്പ വ്യവസായ രംഗത്തിനു തിളക്കം കൂടുമെന്നു റിപ്പോർട്ട്. 2019–20 സാമ്പത്തിക വർഷം സ്വർണ വായ്പാ രംഗം 310100 കോടി രൂപയിലെത്തുമെന്ന് കെപിഎംജി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞ പലിശനിരക്ക്, ലളിതമായ നടപടിക്രമങ്ങൾ തുടങ്ങിയവയാണ് സ്വർണ വായ്പയ്ക്ക് ആവശ്യക്കാരെ കൂട്ടുന്നത്. ഉപയോക്താക്കളുടെ വായ്പ തിരിച്ചടവ് സംബന്ധിച്ച വിലയിരുത്തൽ ഈ രംഗത്തു കർശനമല്ലെന്നതും മറ്റൊരു നേട്ടമാണ്. കുറഞ്ഞ കാലാവധിയിലുള്ള വായ്പ പദ്ധതികളും ധന സ്ഥാപനങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

2016–2017 ൽ 213900 കോടി രൂപയുടേതായിരുന്നു സ്വർണ വായ്പ വ്യവസായ മേഖല. ബാങ്ക് ഇതര ധന സ്ഥാപനങ്ങൾ, ബാങ്കുകൾ, കോഓപ്പറേറ്റീവ് സംരംഭങ്ങൾ എന്നിവയും സ്വകാര്യ വായ്പ വിതരണ സംരംഭങ്ങളും ഈ രംഗത്തു സജീവമാണ്. ഇതിൽ സ്വകാര്യ സംരംഭങ്ങളേക്കാൾ കുറഞ്ഞ പലിശനിരക്കിലാണ് ബാങ്കുകളും, ബാങ്ക് ഇതര ധന സ്ഥാപനങ്ങളും വായ്പ നൽകുന്നത്.

ബാങ്കുകൾ 12–15% പലിശ ചുമത്തുമ്പോൾ, ബാങ്ക് ഇതര ധനസ്ഥാപനങ്ങൾ 18–24 ശതമാനമാണ് ഈടാക്കുന്നത്. 25–50 ശതമാനം വരെ പലിശ വാങ്ങുന്ന സ്വകാര്യ വായ്പ വിതരണക്കാരും ഈ രംഗത്തുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു.

സ്വർണ വായ്പ വിതരണത്തിന് ഇന്ത്യയിൽ ഇനിയും സാധ്യതകൾ ഏറെയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഉത്തര, പശ്ചിമ ഇന്ത്യയിലാണ് സ്വർണ ശേഖരത്തിന്റെ 45 ശതമാനവും ഉള്ളതെന്നു കണക്കാക്കുന്നു. സ്മോൾ ഫിനാൻസ് ബാങ്കുകൾ ഈ മേഖലയിൽ ശക്തമായ വെല്ലുവിളി ഉയർത്തിത്തുടങ്ങിയിട്ടുണ്ട്. വായ്പ വിതരണ സ്ഥാപനങ്ങൾ പ്രവർത്തനം ഏകീകരിക്കുകയും, സാങ്കേതിക രംഗത്തു പൊതുവായ പ്ലാറ്റ്ഫോമിന് രൂപം നൽകുകയും വേണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

കേന്ദ്രീകൃത ലോക്കർ സംവിധാനം നടപ്പാക്കിയാൽ എല്ലാ ശാഖകളിലും ലോക്കൽ സംവിധാനം നടപ്പാക്കാനുള്ള ചെലവു കുറയ്ക്കാനും സുരക്ഷിതത്വം വർധിപ്പിക്കാനും സാധിക്കുമെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.

സ്വർണ വായ്പ വിതരണം നടത്തുന്നതിൽ പ്രമുഖ സ്ഥാപനങ്ങൾ കേരളത്തിലാണ് പ്രവർത്തിക്കുന്നത്. ലോക ഗോൾഡ് കൗൺസിലിന്റെ കണക്കുപ്രകാരം രാജ്യത്തെ സ്വർണത്തിന്റെ ശേഖരം 23,000 ടണ്ണാണ്.