Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെപ്സിയും സിൻഡിയും വീണ്ടും ഒന്നിക്കുമ്പോൾ...

lindy-old-new

കാറ്റിലാടിക്കളിക്കുന്ന ചെമ്പൻ മുടിയിഴകളും ചുണ്ടിനു മുകളിലെ മറുകഴകുമായി സിൻഡി ക്രോഫോർഡ് ചുവന്ന ലംബോർഗിനിയിൽ വന്നിറങ്ങി- എന്നുമോർമിക്കപ്പെടുന്ന പരസ്യങ്ങളുടെ നിരയിലേക്ക്. പെപ്‌സിയുടെ സൂപ്പർ ബൗൾ പരസ്യ നായിക അൻപത്തൊന്നാം വയസ്സിൽ തിരികെയെത്തുകയാണ്, 26 വർഷത്തെ ഇടവേളയ്ക്കു ശേഷം.

യുഎസിലെ നാഷനൽ ഫുട്‌ബോൾ ലീഗ് ചാംപ്യൻഷിപ് (സൂപ്പർ ബൗൾ) ഹൈ പ്രൊഫൈൽ പരസ്യങ്ങളുടെ മത്സരക്കളം കൂടിയാണ്. 2010ലെ ഒരു നീൽസൻ റിപ്പോർട്ട് അനുസരിച്ച് പകുതിയിലധികം ആളുകളും മത്സരസമയത്ത് ടെലിവിഷനു മുന്നിലെത്തിയത് കളി കാണാനല്ലായിരുന്നു- അടിപൊളി പരസ്യങ്ങൾ കാണുകയായിരുന്നു ഉദ്ദേശ്യം! 

1992ലെ ഇത്തരമൊരു സൂപ്പർ ബൗൾ പരസ്യത്തിനുവേണ്ടിയാണ് സിൻഡി ക്രോഫോർഡും പെപ്‌സിയും ഒന്നിച്ചത്. സൂപ്പർ മോഡലും നടിയുമായ സിൻഡി ഒരു പെട്രോൾ പമ്പിനു മുന്നിൽ പെപ്‌സി മേടിക്കാൻ വന്നിറങ്ങുന്നതാണ് രംഗം. പശ്ചാത്തലത്തിൽ ഡോറിസ് ട്രോയിയുടെ ജസ്റ്റ് വൺ ലുക്ക് എന്ന ഹിറ്റ് ഗാനം. വെളുത്ത ടാങ്ക് ടോപ്പും ഡെനിം ഷോർട്‌സും ധരിച്ച സിൻഡി പെപ്‌സി അത്യാവേശപൂർവം കുടിക്കുന്നതു നോക്കിനിൽക്കുന്ന രണ്ടു കുട്ടികൾ. പരസ്യം കണ്ട നാട്ടുകാർ മുഴുവൻ സിൻഡിയെന്ന സുന്ദരക്കുട്ടിയെ നോക്കിനിന്നപ്പോൾ പരസ്യത്തിലെ പിള്ളേരുടെ നോട്ടം പെപ്‌സിയുടെ കാനിലേക്കായിരുന്നു - ‘എന്തൊരു സുന്ദരൻ കാൻ’ എന്നു കമന്റ്. 

ഷൂട്ടിങ്ങിനുചെന്നപ്പോൾ സിൻഡി ധരിച്ചിരുന്ന ജീൻസ് വെട്ടിമുറിച്ച് സെറ്റിലെ സ്റ്റൈലിസ്റ്റ് ഉണ്ടാക്കിയതായിരുന്നു ആ ഹോട്ട് ഷോർട്‌സ്. ഇത്തവണത്തെ സൂപ്പർ ബൗൾ പരസ്യത്തിനായി സിൻഡിയെ തിരികെയെത്തിക്കുകയാണ് പെപ്‌സി. ഒപ്പം സിൻഡിയും പതിനെട്ടുകാരനായ മകൻ പ്രസ്‌ലി ഗർബറുമുണ്ട്. പെപ്‌സി ജനറേഷൻ ക്യാംപെയ്‌നിന്റെ ഭാഗമാണ് ഈ പരസ്യം. അടുത്ത മാസം പുറത്തിറങ്ങും. പരസ്യത്തിന്റെ ടീസർ പെപ്‌സി പുറത്തുവിട്ടിട്ടുണ്ട്. ഡെനിം ഷർട്ട് ധരിച്ച സിൻഡ് പെപ്‌സി കുടിക്കുന്നു- സീ യു സൂപ്പർ ബൗൾ സൺഡേ, സിൻഡി എന്നു ക്യാപ്ഷൻ.

സിൻഡിയുടെ മകൾ കയ ഗർബറും മോഡലാണ്. 1992ലെ ആ ഷോർട്‌സ് സിൻഡി സൂക്ഷിച്ചു വച്ചിട്ടുണ്ടത്രേ- മകൾ എന്നെങ്കിലും പെപ്‌സി പരസ്യത്തിൽ അഭിനയിക്കുകയാണെങ്കിൽ ധരിക്കാൻ കൊടുക്കാൻ!