Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മാർട് സിറ്റി: പ്രവർത്തനം നിരീക്ഷിക്കാൻ കർശന സംവിധാനം

smart-city

കൊച്ചി ∙ സ്മാർട് സിറ്റി കൊച്ചിയുടെ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു. എല്ലാ മാസവും ഐടി സെക്രട്ടറി എം. ശിവശങ്കർ നേരിട്ടെത്തിയാണു പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്. ഏതാനും മാസം മുൻപു സ്മാർട് സിറ്റി തലപ്പത്തുണ്ടായ മാറ്റങ്ങൾക്കു ശേഷമാണു സർക്കാർ പദ്ധതിയിൽ സജീവ ശ്രദ്ധ നൽകുന്നത്. മൂന്നു വർഷത്തിനകം പദ്ധതി പൂർണമാക്കാനാണു സർക്കാർ ശ്രമം. 

അതേസമയം, സ്മാർട് സിറ്റിക്കു പൂർണസമയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറെ (സിഇഒ) നിയമിക്കണമെന്ന സർക്കാർ നിർദേശം പ്രമോട്ടർമാരായ ദുബായ് ഹോൾഡിങ് അംഗീകരിച്ചു. സിഇഒയുടെ അധികച്ചുമതല നിർവഹിച്ചിരുന്ന ചീഫ് ഓപ്പറേറ്റിങ് ഓഫിസർ (സിഒഒ) മനോജ് നായരെയാണു സിഇഒ ആയി ഉയർത്തിയത്.

ദുബായ് ഹോൾഡിങ്ങിന്റെ ആഗോള ബിസിനസുകളുടെ പുനഃസംഘടനയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഓഗസ്റ്റിലാണു സ്മാർട് സിറ്റി കൊച്ചി സിഇഒയുടെ ചുമതല വഹിച്ചിരുന്ന ബാജു ജോർജിനെ നീക്കിയത്. സെപ്റ്റംബർ ഒടുവിൽ മനോജ് നായരെ സിഒഒ ആയി നിയമിച്ചു. ദുബായ് ഹോൾഡിങ്ങിനു കീഴിലുള്ള ദുബായ് പ്രോപ്പർട്ടീസ് ഗ്രൂപ്പിൽ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള അനുഭവ പരിചയവുമായാണ് അദ്ദേഹം സ്മാർട് സിറ്റി കൊച്ചിയെ നയിക്കാൻ എത്തിയത്. 

തങ്ങളോട് ആലോചിക്കാതെ ബാജു ജോർജിനെ സിഇഒ സ്ഥാനത്തു നിന്നൊഴിവാക്കിയതിൽ സർക്കാർ ദുബായ് ഹോൾഡിങ്ങിനെ അതൃപ്തി അറിയിച്ചിരുന്നു. തുടർന്നു ദുബായ് ഹോൾഡിങ് പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും തുടർ നടപടികൾ സർക്കാരിനെ അറിയിച്ചുകൊണ്ടു മാത്രമേ നടത്തൂവെന്ന് ഉറപ്പുനൽകുകയും ചെയ്തു.

സിഇഒ സ്ഥാനത്തേക്കു ദുബായ് ഹോൾഡിങ് മനോജ് നായരുടെ പേരാണു നിർദേശിച്ചത്. സർക്കാർ അംഗീകരിക്കുകയും ചെയ്തു. സിഇഒ ആയതോടെ അദ്ദേഹം ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവുമായി. ഇതോടെ, സർക്കാരുമായുള്ള ആശയവിനിമയം ഉൾപ്പെടെയുള്ള കാര്യങ്ങൾ കുറച്ചുകൂടി വേഗത്തിലാകും. 

2016 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ആദ്യ ഐടി മന്ദിരം മാത്രമാണു പദ്ധതിയിലെ ഏക നിർമിതി. കോ–ഡവലപ്പർമാരുടെ സഹകരണത്തോടെ നിർമിക്കുന്ന മറ്റ് ഐടി മന്ദിരങ്ങളുടെ നിർമാണം പ്രാഥമികഘട്ടത്തിലാണ്. 2021നകം എല്ലാ നിർമിതികളും പൂർത്തിയാക്കി ആഗോള ഐടി, ഐടി ഇതര കമ്പനികളെ ആകർഷിക്കുകയെന്ന  ദൗത്യമാണു സ്മാർട് സിറ്റി അധികൃതർക്കു മുന്നിലുള്ളത്.