Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി റിട്ടേൺ നിർത്താൻ പദ്ധതി പരിഗണനയിൽ

Goods and Services Tax - GST

തിരുവനന്തപുരം∙ കുഴഞ്ഞുമറിഞ്ഞ ഇപ്പോഴത്തെ ജിഎസ്ടി റിട്ടേൺ സമർപ്പണം ഒഴിവാക്കി, പകരം ആരും റിട്ടേൺ സമർപ്പിക്കാതെതന്നെ നികുതി പിരിക്കുന്ന പരിഷ്കാരവുമായി ഇൻഫോസിസ്. കഴിഞ്ഞദിവസം ഡൽഹിയിൽ നടന്ന ജിഎസ്ടി കൗൺസിലിൽ ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനി അവതരിപ്പിച്ച പരിഷ്കാരത്തെ സ്വാഗതംചെയ്യുന്നതായി ധനമന്ത്രി തോമസ് ഐസക് ഫെയ്സ്ബുക്കിൽ കുറിച്ചു. മറ്റു പല സംസ്ഥാനങ്ങളും അനുകൂല നിലപാടെടുത്ത പരിഷ്കാരം അടുത്ത കൗൺസിലിൽ വീണ്ടും ചർച്ചയ്ക്കു വരും. മാറ്റം നടപ്പായാൽ ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതിൽ ഇപ്പോഴുള്ള ആശയക്കുഴപ്പം അവസാനിക്കുകയും സർക്കാരിന്റെ നികുതി വരുമാനം വർധിക്കുകയും ചെയ്യുമെന്നാണു പ്രതീക്ഷ. 

വ്യാപാരികൾ നൽകുന്ന വിറ്റുവരവു കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നികുതി പിരിക്കുന്നത്. ജിഎസ്ടി ശൃംഖല അടിക്കടി പണിമുടക്കുന്നതും സങ്കീർണമായ റിട്ടേൺ സമർപ്പണ പ്രക്രിയകളും കാരണം ജൂലൈ മാസത്തെ റിട്ടേൺ പോലും ഇതുവരെ സമർപ്പിക്കാൻ കഴിയാത്ത വ്യാപാരികളുണ്ട്. ഇതിനെല്ലാം പരിഹാരമെന്നോണമാണ് ജിഎസ്ടി ശൃംഖല കൈകാര്യം ചെയ്യുന്ന ഇൻഫോസിസിന്റെ ചെയർമാൻ നന്ദൻ നിലേകനി പുതിയ പരിഷ്കാരം കൗൺസിലിൽ അവതരിപ്പിച്ചത്. 

പരിഷ്കാരത്തെക്കുറിച്ചു മന്ത്രി തോമസ് ഐസക് പറയുന്നത് ഇങ്ങനെ: മാറ്റം നടപ്പാക്കിയാൽ ആരും റിട്ടേൺ സമർപ്പിക്കേണ്ടി വരില്ല. പകരം, ഓരോ വ്യാപാരിയും അയാളുടെ വിൽപനയുടെ ഇൻവോയ്സ് ദിവസേനയോ ആഴ്ചതോറുമോ അയച്ചുകൊടുത്താൽ മതി. വ്യാപാരിയിൽനിന്നു സാധനം വാങ്ങിയ വിൽപനക്കാരന് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് കിട്ടണമെങ്കിൽ അദ്ദേഹം കണക്ക് അപ്‌ലോഡ്  ചെയ്തിരിക്കണം. വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും കണക്കുകൾ പരിശോധിച്ചു കംപ്യൂട്ടർ തന്നെ റിട്ടേൺ തയാറാക്കും. ഒന്നര കോടിയിലേറെ വിറ്റുവരവ് ഉള്ളവരാണ് ഇപ്പോൾ റിട്ടേൺ സമർപ്പിക്കേണ്ടി വരുന്നത്. 

സംസ്ഥാനത്ത് 40,000 പേർ ഇൗ ഗണത്തിലുണ്ട്. ഇതിൽ പകുതി പേരെങ്കിലും ഇപ്പോൾത്തന്നെ കംപ്യൂട്ടർ ബില്ലിങ് സൗകര്യം ഉള്ളവരാണ്. ബാക്കിയുള്ളവർക്കു സർക്കാർ പലിശരഹിത വായ്പ നൽകി കംപ്യൂട്ടർ ബില്ലിങ് സൗകര്യം ഉറപ്പാക്കും. ഇതോടെ കംപ്യൂട്ടർ ഓട്ടമാറ്റിക്കായിത്തന്നെ ബില്ലുകൾ അപ്‌ലോഡ് ചെയ്യും. നികുതി ചോർച്ച ഗണ്യമായി കുറയ്ക്കാനും കഴിയും. ലളിതമായ പുതിയ സംവിധാനം മെച്ചമെന്നു തോന്നിയതിനാൽ നന്ദൻ നിലേകനിയെ കൗൺസിൽ യോഗത്തിൽ താൻ പിന്തുണച്ചെന്ന് ഐസക് പറഞ്ഞു. 

നിലവിലുള്ള സംവിധാനം ഭേദഗതികളോടെ തുടരാം എന്ന് ഇൻഫോസിസ് പറയുമ്പോൾ മൂല്യവർധിത നികുതിയിലെ സംവിധാനം പരിഷ്കരിച്ചു നടപ്പാക്കാം എന്ന നിലപാടാണ് ഉദ്യോഗസ്ഥർക്ക് എന്നും തോമസ് ഐസക് വ്യക്തമാക്കി.