Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എതിർപ്പ്; വ്യവസായ ബില്ലിൽ മാറ്റം വരുത്താമെന്നു മന്ത്രി

AC_Moideen

തിരുവനന്തപുരം ∙ നിയമസഭയിൽ അവതരിപ്പിച്ച കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ബില്ലുകളിൽ അംഗങ്ങളുടെ രൂക്ഷ വിമർശനത്തെ തുടർന്നു മാറ്റം കൊണ്ടുവരാമെന്നു മന്ത്രി എ.സി.മൊയ്തീന്റെ ഉറപ്പ്. വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി വേഗത്തിലും സുഗമവും ആക്കുന്നതിന്റെ ഭാഗമായുള്ള രണ്ടു ബില്ലുകളിലെ വിവാദ വകുപ്പുകളെയാണു ഭരണ, പ്രതിപക്ഷ അംഗങ്ങൾ എതിർത്തത്. വ്യവസായിക്ക് ഇഷ്ടമുള്ളവരെ കയറ്റിറക്കിനു നിയോഗിക്കാമെന്ന വ്യവസ്ഥയിൽ മാറ്റം കൊണ്ടുവരുന്ന കാര്യം സബ്ജക്ട് കമ്മിറ്റിയിൽ ചർച്ച ചെയ്യാമെന്നു മന്ത്രി പറഞ്ഞു. 

ഭൂഗർഭ ജലം പരിധിയില്ലാതെ ഉപയോഗിക്കാൻ വ്യവസായ സ്ഥാപനങ്ങൾക്ക് അനുമതി നൽകില്ലെന്നും ബില്ലിനെ തെറ്റായി മനസ്സിലാക്കിയതാണ് അത്തരം ആരോപണങ്ങൾക്കു കാരണമെന്നും മന്ത്രിമാരായ എ.സി.മൊയ്തീനും മാത്യു ടി.തോമസും വിശദീകരിച്ചു. 

സർക്കാർ ഏജൻസികളിൽ നിന്നുള്ള അനുമതികൾ 30 ദിവസത്തിനകം ഉറപ്പാക്കി വ്യവസായ സൗഹൃദ സൂചികയിൽ (ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇൻഡക്സ്) കേരളത്തെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച രണ്ട് ബില്ലുകളിലൂടെ ഏഴ് പ്രധാന നിയമങ്ങളിലാണ് ഭേദഗതി കൊണ്ടുവന്നത്. കഴിഞ്ഞ ഒക്‌ടോബർ 20നു പ്രാബല്യത്തിലായ ഓർഡിനൻസുകൾക്കു പകരമായാണ് ബിൽ. ഫീസടച്ചാൽ പരിധിയില്ലാതെ ഭൂഗർഭജലം ഉൗറ്റിയെടുക്കാമെന്ന തരത്തിൽ 2002ലെ കേരള ഭൂജല നിയന്ത്രണ നിയമത്തിൽ വരുത്തിയ മാറ്റത്തിനെതിരെ അംഗങ്ങൾ രൂക്ഷമായി പ്രതികരിച്ചു. സുരക്ഷിത മേഖലകളിൽ, നിശ്ചിത അളവിൽ മാത്രമേ ജലം ഉപയോഗിക്കാൻ കഴിയൂ എന്നും ഇക്കാര്യം വ്യവസായി സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥ കൂടി ബില്ലിൽ ഉൾപ്പെടുത്താമെന്നും മന്ത്രി മൊയ്തീൻ പറഞ്ഞു. 

കയറ്റിറക്കിനുള്ള അവകാശം ചുമട്ടുതൊഴിലാളികൾക്കുള്ളതു പോലെ സ്വതന്ത്രമായി വ്യവസായം നടത്തുന്നതിനുള്ള സ്വാതന്ത്ര്യം വ്യവസായികൾക്കുമുണ്ട്. അനുകൂലമായ ഉത്തരവുകൾ വ്യവസായികൾ കോടതികളിൽ നിന്നു സമ്പാദിക്കുന്നുമുണ്ട്. തൃപ്തികരമായ തീരുമാനം സബ്ജക്ട് കമ്മിറ്റി കൈക്കൊള്ളും. വ്യവസായസംരംഭങ്ങൾ തുടങ്ങാൻ ജില്ലാ മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ട് ആവശ്യമില്ലെന്നത് ഉൾപ്പെടെയുള്ള ഭേദഗതികളും ബില്ലിലുണ്ട്. ആശുപത്രികൾ, അനുബന്ധ സ്ഥാപനങ്ങൾ, ലാബ് തുടങ്ങിയ ആരോഗ്യസുരക്ഷാ സ്ഥാപനങ്ങൾ എന്നിവ തുടങ്ങുന്നതിനു മാത്രമേ ഡിഎംഒയുടെ റിപ്പോർട്ട് വേണ്ടിവരൂ. ചർച്ചയിൽ സി.മമ്മൂട്ടി, വി.ഡി.സതീശൻ, കെ.സുരേഷ് കുറുപ്പ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.മുരളീധരൻ, വി.കെ.ഇബ്രാഹിംകുഞ്ഞ്, ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.

related stories