ചില സെമിനാർ നമ്പരുകൾ

സെമിനാർ, മീറ്റിങ്...!! അതിൽ പങ്കെടുക്കുന്നതൊരു കലയാണു ചേട്ടാ! എവിടെ സെമിനാർ ഉണ്ടെങ്കിലും ആരും ക്ഷണിക്കാതെ അതിൽ പങ്കെടുത്ത് ആരും ചോദിക്കാതെ അഭിപ്രായങ്ങൾ തട്ടിമൂളിക്കുന്നവരുണ്ട്. ഫൈവ് സ്റ്റാർ ഹോട്ടലിൽ ബാങ്ക്വറ്റ് ഹാൾ ബുക്ക് ചെയ്തു സെമിനാർ പരസ്യം ചെയ്തു റജിസ്ട്രേഷനായി ആയിരങ്ങൾ വാങ്ങി ആളെ പങ്കെടുപ്പിക്കുന്ന ബിസിനസുമുണ്ട്. കാശു കൊടുത്ത് ഇടിച്ചു കേറാൻ ആളുണ്ടായിട്ടാ, ചുമ്മാതല്ല.

പ്രഭാഷണമോ പ്രസന്റേഷനോ നടത്തുന്ന വൻ പേരുകൾ കണ്ടിട്ടാണ് ഇടിച്ചു കേറൽ. പലർക്കും അത്തരം പ്രശസ്തരെ അടുത്തു കാണണം പറ്റിയാൽ വിസിറ്റിങ് കാർഡ് കൈമാറണം, സെൽഫിയെടുക്കണം. സായുജ്യം! അതിനാണു കാശുമുടക്കുന്നത്. സെമിനാറും ശിൽപശാലയെന്ന ‘വർഷാപ്പും’ നടത്തുന്ന ‘മേശിരി’ മാർക്ക് സംഗതി കോളാണ്. ഒറ്റ ദിവസത്തെ പണി കൊണ്ട് ലക്ഷങ്ങൾ തടയുന്നു.

വൻ പേരുകാർ പലരും അവസാനം ഉണ്ടാവണമെന്നില്ല. കാരണം സെമിനാർ ആലോചിക്കുമ്പോൾ ആദ്യം ഘടാഘടിയൻ പേരുകളാണു പൊന്തിവരുന്നത്. ബയോടെക്നോളജിയോ? കിരൺ മജൂംദാർ തന്നെ വേണം. ഐടിയോ? ടിസിഎസ് ചെയർമാൻ തന്നെ വേണം. കൃഷിയോ? എം.എസ്. സ്വാമിനാഥനെ വേണം. ഇക്കണോമിക്സോ? അമർത്യ സെൻ അല്ലാതാര്...?

ഇവരെയൊക്കെ കിട്ടാൻ ശ്രമിക്കുമ്പോഴാണ് സംഗതി കളിയല്ലെന്നു മനസിലാവുന്നത്. ഇമ്മാതിരി കക്ഷികളുടെ പ്രോഗ്രാം ഒരു വർഷം മുൻപേ ഫിക്സ് ചെയ്തിരിക്കും. അവർക്ക് ഒഴിവുണ്ടാകണമെന്നില്ലെന്നു മാത്രമല്ല, ഇങ്ങ് ആരാണ്ടു നടത്തുന്ന സെമിനാറിൽ പങ്കെടുക്കാൻ താൽപര്യവും കാണില്ല. റിഗ്രറ്റ് ചെയ്തുകൊണ്ടു മെയിൽ മടക്കത്തപാലിൽ തന്നെ കിട്ടും. അതോടെ സംഘാടകർ താഴോട്ടിറങ്ങുന്നു.

അടുത്ത നിരക്കാരെ നോക്കി, അതും കിട്ടിയില്ല, മൂന്നാം തരക്കാരെ നോക്കി അതുമില്ല,  അവസാനം നാലാം തരക്കാരെ കഷ്ടിച്ച് ഒപ്പിക്കുന്നു. നാടൻ ഐടി കമ്പനിയുടെ സിഇഒ, സ്വാശ്രയ കോളജിലെ ബയോടെകനോളജി പ്രഫസർ, ‍ചാനൽ ചർച്ചയിൽ വരുന്ന സാമ്പത്തിക വിദഗ്ധൻ...   ഉള്ളതുകൊണ്ട് ഓണം പോലെ. അവതരണം കഴിഞ്ഞു ചോദ്യത്തര വേളയാകുമ്പോൾ സദസിൽനിന്നു പണ്ഡിതൻമാർ പൊങ്ങുന്നതു കാണാം. ചോദ്യം ചോദിക്കുന്നതിനു പകരം പാണ്ഡിത്യം കുറേ വിളമ്പിയിട്ട് ‘ഹാവിങ് സെഡ് ദാറ്റ്’ എന്ന മുഖവുരയോടെ എന്തോ ചോദിക്കുന്നു. അതിനിടെ ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, ഫിൻടെക്ക്, റോബട്ടിക്സ് എന്നൊക്കെ കേട്ടെന്നിരിക്കും. അറിയാവുന്നതൊക്കെ വച്ചുകാച്ചിയതാണ്. 

എന്നതാ സാറേ ഈ ബ്ലോക്ക് ചെയിൻ എന്നു ചോദിച്ചാൽ ചങ്ങായി നക്ഷത്രമെണ്ണുന്നതു കാണാം. പ്രാന്തൻമാരുടെ കാലിലിടുന്ന ചങ്ങലയാണോ? ക്രിപ്റ്റോ കറൻസി ഒന്നു വിശദീകരിക്കാൻ പറഞ്ഞാട്ടെ. നാക്കിറങ്ങിപ്പോകും, അനിയാ വലിച്ചുകീറി ഒട്ടിക്കല്ലേ എന്ന മട്ടിൽ നോക്കുന്നതു കാണാം.

പവർ പോയിന്റ് പ്രസന്റേഷനുകൾ നടക്കുമ്പോഴാണു കളി. പ്രത്യേകിച്ചു കമ്പനികളിൽ നടക്കുന്ന ഇത്തരം പ്രസന്റേഷനുകളിലെ ചില സ്ഥിരം ഐറ്റംസുണ്ട്. ചില മൂപ്പീന്നുമാർ ചോദിക്കും – കാൻ യൂ ഗോ ബാക്ക് ടു ദ് ലാസ്റ്റ് സ്‌ലൈഡ്? ഭയങ്കര ശ്രദ്ധാലുവിന്റേതു പോലാണു ചോദ്യം. ‘സസ്റ്റെയ്നബിലിറ്റി’ ഇല്ലാതെ ചിലർക്ക് ഒന്നും ദഹിക്കില്ല. എന്തിലും മേമ്പൊടിക്ക് വേറേ ചിലതു കൂടി വേണം–ഗ്രീൻ ടെക്നോളജി, ഇക്കോ സിസ്റ്റം...  അതൊന്നും ഇല്ലെങ്കിൽ പിന്നെന്തോന്ന് പ്രസന്റേഷൻ!

ഒരു വിദ്വാന് ഫോർവേഡ് ഇന്റഗ്രേഷൻ വേണം, വേറൊരു വിദ്വാന് ബാക്‌വേഡ് ഇന്റഗ്രേഷൻ മതി. രണ്ടും ഇരിക്കട്ടെ ആശാനെ. ഡിസ്റപ്ടീവ് ടെക്നോളജി എന്ന വാക്കു പറയാതെ ഇക്കാലത്തൊരു സെമിനാറും അവസാനിക്കാറില്ല. ജീവിതത്തിൽ ഇന്നേവരെ മനസറിഞ്ഞ് ഒരു കൊതുകിനെപ്പോലും ഡിസ്റപ്ട് ചെയ്തിട്ടില്ലാത്ത മഹാൻമാരാണു തട്ടിവിടുന്നതെന്നു മാത്രം.

ഒടുവിലാൻ ∙ അങ്ങനെ സെമിനാറിൽ പങ്കെടുത്തു സന്തോഷമായി ചായപലഹാരാദികൾ കഴിച്ചു സ്പോൺസർ കമ്പനിയുടെ പേരെഴുതിയ കൂതറ ബാഗും തൂക്കി മടങ്ങുന്നവർക്ക് എന്തു കിട്ടി? ഒരു ലേണിങ് കർവ് കിട്ടി...! അതെന്താണെന്ന് പടച്ചോനു പോലും അറിയത്തില്ലേ!