Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയദിനമല്ലേ... എന്തു വാങ്ങും...

love-

ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുടെ കളർടോൺ ചുവപ്പായതു കണ്ടില്ലേ... പുറത്തേക്കിറങ്ങി ഏതു കടകളിലേക്കു നോക്കിയാലും ഒരു ചുവപ്പുനിറം. ഹൃദയാകൃതിയിലുള്ള കമാനങ്ങളുമായല്ലേ, ഷോപ്പിങ് മാളുകൾ ഇപ്പോൾ നിങ്ങളെ സ്വാഗതം ചെയ്യുന്നത്. അതെ, എല്ലാ ഷോപ്പുകളും എല്ലാ ബ്രാൻഡുകളും പ്രണയച്ചൂടിലായിക്കഴിഞ്ഞു. വലന്റൈൻസ് ഡേ സെയിൽ എന്ന പഴഞ്ചൻ രീതി ബ്രാൻ‍ഡുകൾ മാറ്റിയിരിക്കുന്നു. വലന്റൈൻസ് സീസൺ എന്നാണ് ബിസിനസ് ലോകം ഫെബ്രുവരിയെ വിളിക്കുന്നത്. ഫെബ്രുവരി ഒൻപത്–ചോക്‌ലേറ്റ് ദിനം, എട്ട്–പ്രണയാഭ്യർഥന പറയാനുള്ള പ്രപ്പോസൽ ദിനം–റോസ് ഡേ, ടെഡി ഡേ പ്രണയവാഗ്ദാനങ്ങളുടെ പ്രോമിസ് ഡേ, ഹഗ് ആൻഡ് കിസ് ഡേ–എഴു മുതൽ 14 വരെ എന്നും പ്രണയത്തിനു വേണ്ടി ഓരോരോ ദിനങ്ങൾ –ഫെബ്രുവരി പ്രണയ സീസനാകാൻ ഇതിൽ കൂടുതൽ കാരണങ്ങൾ വേണോ. 

ബ്രാൻഡുകളെന്നാൽ വസ്ത്ര ബ്രാൻഡുകളാണെന്നു വിചാരിച്ചാൽ അതും തെറ്റി. ഇലക്ട്രോണിക്സ്, ഗോൾഡ് ആൻഡ് ജ്വല്ലറി, ഫുട്‌വെയർ, ചോക്ലേറ്റ്സ്, ലൈഫ്‌സ്റ്റൈൽ, ഫൂഡ്, ട്രാവൽ ആൻഡ് ടൂറിസം, എയർലൈൻസ്... ആരും മാറിനിൽക്കുന്നില്ല വലന്റൈൻസ് സീസണിൽ നിന്ന്...

ആഘോഷം വസ്ത്രങ്ങളിൽ തുടങ്ങും

വലന്റൈൻസ് ഡേയുടെ ആഘോഷം വസ്ത്രങ്ങളിൽത്തന്നെ തുടങ്ങും. ഈ വലന്റൈൻസ് ഡേയ്ക്കു ചുവപ്പ് നിറം വേണ്ടെന്നു പല ഇന്ത്യൻ ഡിസൈനർമാരും പ്രസ്താവനയിറക്കിയെങ്കിലും പ്രണയത്തിന്റെ നിറം ചുവപ്പുതന്നെ. ചുവപ്പു വസ്ത്രങ്ങൾക്കു പ്രത്യേക വിലക്കിഴിവുകൾ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഒരു വർഷം മുഴുവൻ ഗവേഷണം നടത്തിയാണ് വമ്പൻ ബ്രാൻഡുകളുടെ ഡിസൈനർമാർ വലന്റൈൻസ് ഡേ സ്പെഷൽ വസ്ത്രങ്ങളും ആക്സസറികളും രൂപകൽപന ചെയ്യുന്നത്. ഓരോ ബ്രാൻഡുകൾക്കും എക്സ്ക്ലുസീവ് വലന്റൈൻ കലക്‌ഷനുമുണ്ടാകും.  

ഹൃദയം കൈമാറാം, ഫോണിന്റെ രൂപത്തിൽ

വലന്റൈൻസ് ഡേയിൽ സമ്മാനമായി നൽകേണ്ടത് ഫോൺ തന്നെ എന്നു വാശി പിടിക്കുന്നുണ്ട് പ്രമുഖ ബ്രാൻഡുകൾ. ഇതിനായി നിലവിലുള്ള മോഡലുകളുടെ വലന്റൈൻസ് ഡേ പതിപ്പുകൾ പുറത്തിറക്കിയിരിക്കുകയാണ് ചില കമ്പനികൾ. പ്രണയ സന്ദേശങ്ങളെഴുതിയ ചുവന്ന ഫോണുകളാണ് ഓപ്പോയും വൺപ്ലസും വിവോയുമെല്ലാം അവതരിപ്പിക്കുന്നത്. വൺ പ്ലസിന്റെ 5ടി, ഓണറിന്റെ 7എക്സ്, വിവോ വി7പ്ലസ്, ഷവോമി മി എ1, ഓപ്പോ എഫ്5 എന്നിവയാണ് ലിമിറ്റഡ് എഡിഷൻ വലന്റൈൻസ് ഡേ ഫോണുകൾ.  ഐഫോൺ7, ഐഫോൺ7 പ്ലസ് എന്നീ മോഡലുകളുടെ ചുവന്ന പതിപ്പ് ആപ്പിളും പുറത്തിറക്കിയെങ്കിലും അത് വലന്റൈൻസ് ഡേ പതിപ്പായല്ല അവതരിപ്പിച്ചത്. എയ്ഡ് ഗവേഷണത്തിനു വേണ്ടി ഫണ്ട് കണ്ടെത്തുന്നതിനായിരുന്നു ആപ്പിൾ ചുവപ്പ് ചട്ടയിലുള്ള ഐഫോൺ 7 പതിപ്പുകൾ അവതരിപ്പിച്ചത്. 

വൺ പ്ലസ് 5ടി ലാവ റെഡ് ഫോണിന് കമ്പനി 1500 രൂപ കാഷ്ബാക്ക് ഓഫറും വലന്റൈൻസ് ഡേയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.  ഈ വലന്റൈൻ ഫോണിന് കമ്പനി നൽകുന്ന ഓഫർ 8 ജിബി റാമാണ്. ഇതിന്റെ സാധാരണ ഫോണിന് 6 ജിബിയാണ് റാം. റോമും ഇരട്ടിയാക്കി. വിവോയുടെ സ്റ്റൈലിഷ് വലന്റൈൻ ഫോൺ– വി7പ്ലസ് ഡിസൈൻ ചെയ്തിരിക്കുന്നത് ബോളിവുഡ് ഡിസൈനർ മനിഷ് മൽഹോത്രയാണ്. ഹൃദയാകൃതിയിലുള്ള മോട്ടിഫും ഫോണിലുണ്ട്. വോഗുമായി ചേർത്ത് ഇറക്കിയിരിക്കുന്ന ഓപ്പോ എഫ് 5 റെഡ് ഫോണിനൊപ്പം ചുവന്ന ലെതർ ബാഗ് സമ്മാനമായി ലഭിക്കും.

ഇങ്ങനെയും ചില സമ്മാനങ്ങൾ

പ്രണയിക്കുന്നവരുടെ ആരോഗ്യകാര്യങ്ങളിൽ കൂടി ശ്രദ്ധവയ്ക്കണമെന്ന് നിർദേശിക്കുന്നുണ്ട് ചില കമ്പനികൾ. വലന്റൈൻസ് ഡേ സ്പെഷൽ ഫിറ്റ്നെസ് ഉപകരണങ്ങൾ വിപണിയിലെത്തിച്ചുകഴിഞ്ഞു ചില ഇലക്ട്രോണിക്സ് കമ്പനികൾ. ഫ്ലെക്സി ഫിറ്റ് എന്ന പേരിൽ നടപ്പും ഓട്ടവും എന്നും കണക്കിലെടുത്ത് ആരോഗ്യകാര്യത്തിൽ കൃത്യമായി നിർദേശം നൽകുന്ന വിയറബിൾ ഡിവൈസ് ആംബ്രേൻ വലന്റൈൻസ് വിപണിയിലെത്തിച്ചു കഴിഞ്ഞു. ഹെഡ്ഫോൺ, പവർബാങ്ക്, ബ്ലൂടൂത്ത് എന്നിവയുടെ എല്ലാം വലന്റൈൻസ് ഡേ സ്പെഷൽ പുറത്തിറക്കിയിട്ടുണ്ട് ആസ്ട്രം.

വജ്രത്തിളക്കമുള്ള പ്രണയം

വജ്രമാണു പ്രണയത്തോടു കൂടുതൽ ചേർന്നിരിക്കുന്നത്. ജ്വല്ലറികളെല്ലാം ഫെബ്രുവരിയിൽ സ്വർണപരസ്യങ്ങൾ മാറ്റി വജ്രത്തിലേക്കു ചുവടുമാറ്റി. 3000 രൂപയുടെ ഒറ്റക്കൽ പെൻഡന്റ് മുതലാരംഭിക്കുന്നതാണ് വലന്റൈൻസ് ഡേ കലക്‌ഷൻ. ഏറ്റവും കൂടുതൽ വജ്രാഭരണങ്ങൾക്കു ഡിമാൻഡ് കൂടുന്നത് ഫെബ്രുവരി മാസത്തിലാണെന്ന് ജ്വല്ലറി ഉടമകൾ പറയുന്നു.

വലന്റൈൻസ് ഡേ പാക്കേജസ്

മുസോറി, കശ്മീർ, ബിക്കാനിർ, ആഗ്ര... ഇങ്ങനെ വലന്റൈൻസ് ഡേ സ്പോട്ടുകൾ ധാരാളം. ഇവിടങ്ങളിലേക്കു സ്പെഷൽ പാക്കേജുകളുമായി ട്രാവൽ കമ്പനികളും സീസൺ ആഘോഷമാക്കുകയാണ്. 

ഓൺലൈനിലും പ്രണയം

ഓൺലൈൻ ഷോപ്പിങ് സൈറ്റുകളാണ് പ്രണയദിനം കൂടുതൽ ആഘോഷമാക്കുന്നത്. റീടെയിൽ സ്റ്റോറുകൾക്കു നൽകാൻ കഴിയാത്തത്ര വിലക്കുറവും ഓഫറുകളുമായാണ് പ്രമുഖ ഇ–കൊമേഴ്സ് കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്. കസ്റ്റമൈസ്ഡ് സമ്മാനങ്ങളും വിലക്കുറവിനൊപ്പമുണ്ട്. ഫോർ ഹിം, ഫോർ ഹെർ  ഓപ്ഷനുകളിൽ സമ്മാനങ്ങളുടെ നീണ്ട നിര തന്നെ കാണാം, മൊബൈൽ സ്ക്രീനിൽ.