Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണക്റ്റഡ് ജീവിതം: വിപണി നിറയെ ഐഒടി

iot

കൊച്ചി ∙ ഓഫിസിലെത്തിയാലും മോട്ടോർ ഓഫ് ചെയ്യാൻ മറന്നോ എന്നു ചിന്തിച്ചു സമ്മർദം കൂടിയിരുന്ന ഒരു കാലമുണ്ടായിരുന്നു, വീടടച്ച്, രാവിലെ ഓഫിസിലേക്കിറങ്ങുന്ന വീട്ടമ്മമാർക്ക്. കറന്റ് ബില്ലിനോടുള്ള പേടിയിൽ നിന്നുണ്ടാകുന്ന ഒട്ടേറെ ആശങ്കകൾ. ഫാൻ ഓഫാക്കാൻ മറന്നോ, ടിവി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടോ... ഇങ്ങനെ ഒരുകൂട്ടം സംശയങ്ങൾ. എന്നാൽ മലയാളികളുടെ ഓർക്കാനിഷ്ടമുള്ള ഗൃഹാതുരത്വങ്ങളുടെ വലിയ പട്ടികയിലേക്ക് അവസാനത്തേതായി ഇടം പിടിക്കുകയാണ് വീടു പൂട്ടിയിറങ്ങുന്ന വീട്ടമ്മമാരുടെ ഇത്തരം ആശങ്കകൾ.  

ഓഫിസിലിരുന്നുതന്നെ, മൊബൈലിൽ വിരൽതൊട്ട്  ടിവിയും ഫാനും മോട്ടോറുമെല്ലാം ഓഫ് ചെയ്യുന്ന കാലത്തിലേക്കു നഗരങ്ങൾ ചുവടുമാറിക്കഴിഞ്ഞു. ഉപകരണങ്ങളെയും വീടിനെയും എന്തിനെയും സാങ്കേതികവിദ്യയുടെ നൂലുകൊണ്ട് പരസ്പരം ബന്ധിപ്പിക്കുന്ന ഇന്റർനെറ്റ് ഓഫ് തിങ്സ് എന്ന മൂന്നു വാക്കിലേക്ക് ലോകം മാറിയിരിക്കുന്നു. ജീവിതം കൂടുതൽ ആയാസരഹിതമാകുന്നു. ജീവിത നിലവാരം ഉയരുന്നു. ആശങ്കകൾ അകലുന്നു.

ഇന്റർനെറ്റ് ഓഫ് തിങ്സ് സാങ്കേതികവിദ്യയിലേക്കു കേരളം ആസ്ഥാനമാക്കിയുള്ള കമ്പനികൾ പോലും ഉൽപന്നങ്ങളെ മാറ്റിക്കഴിഞ്ഞു.  രണ്ടു വർഷങ്ങൾക്കുള്ളിൽ രാജ്യത്തെ ഐഒടി വിപണി ഒൻപതു ബില്യൻ ഡോളർ കടക്കുമെന്നാണു കണക്കുകൾ. ലോകത്തെ 3000 കോടി ഉപകരണങ്ങൾ ഐഒടി വഴി കണക്ടഡ് ആകും. ലോക ഐഒടി വിപണിയുടെ മൂല്യം 7.1 ലക്ഷം കോടി ഡോളർ കടക്കും. 

അനിവാര്യമായ  മാറ്റങ്ങൾ

വി–ഗാർഡ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച പുതിയ ഉൽപന്നങ്ങളെല്ലാം ഐഒടി സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്. ജീവിതം കൂടുതൽ അനായാസമാക്കുന്ന പുതിയ സാങ്കേതിക വിദ്യയിലേക്ക് ഉൽപന്ന ശ്രേണിയെ മാറ്റാൻ മൂന്നു വർഷത്തെ ഗവേഷണം വേണ്ടിവന്നെന്നു മാനേജിങ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി പറയുന്നു.

പുതിയ സ്മാർട് ഇൻവർട്ടറുകളും വാട്ടർ ഹീറ്ററുകളും എപ്പോഴും മൊബൈൽ ആപ്പിൽ കണക്ടഡ് ആയിരിക്കും. ലോകത്തിന്റെ ഏതു കോണിൽ നിന്നും ഇവ പ്രവർത്തിപ്പിക്കുകയും ഓഫാക്കുകയും ചെയ്യാം. നാം സെറ്റ് ചെയ്ത താപനിലയിലേക്ക് എത്തിയാൽ അപ്പോൾ മൊബൈലിൽ അലർട് ലഭിക്കും. പിന്നെ ഒരു ടച്ച് മാത്രം മതി, യന്ത്രം പ്രവർത്തനം നിർത്താൻ. ഇന്റലിജൻസ് ഷെഡ്യൂളർ ഉൽപന്നങ്ങളിലെല്ലാമുണ്ട്. മാത്രമല്ല, നമ്മുടെ ഊർജോപകരണത്തെക്കുറിച്ചു പോലും ഉപകരണം നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കും. പവർ സപ്ലെ നിർത്തേണ്ടപ്പോൾ തനിയെ നിർത്തുന്നത്ര സ്മാർട്നെസ്.  

യന്ത്രം പറയുന്നു, എന്നെ ഒന്നു സർവീസ് ചെയ്തു തരൂ...

കേടായാൽ സ്വയം സർവീസ് സെന്ററിലേക്കു സന്ദേശം അയയ്ക്കും ഈ ഉപകരണങ്ങൾ. ഉപയോക്താക്കൾ അറിയുന്നതിനു മുൻപേ ഉപകരണത്തിന്റെ പ്രശ്നം എന്താണെന്ന് സർവീസ് സെന്ററിലെ വിദഗ്ധന് അറിയാൻ കഴിയുന്നു. വീട്ടിൽ വന്ന്, ഉപകരണങ്ങൾ പരിശോധിച്ച്, പ്രശ്നം കണ്ടുപിടിച്ചു, നന്നാക്കാനുള്ള ഉപകരണങ്ങൾ എടുത്തു, ദിവസങ്ങൾ നീളുന്ന സർവീസിങ് ഇപ്പോൾ വളരെ വേഗത്തിൽ സാധ്യമാകുന്നു. ഇതൊന്നും ദൂരെ വിദേശ രാജ്യങ്ങളിൽ നടക്കുന്ന കാര്യങ്ങളല്ല, ഇന്നു നാം വാങ്ങുന്ന ഐഒടി ഉപകരണങ്ങൾ നൽകുന്ന സേവനങ്ങളാണ്.

ബുദ്ധിയുള്ള കാറ്റ്

മുറിയിലെ താപനില കൂടുന്നതിനും കുറയുന്നതിനുമനുസരിച്ചു വേഗം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ഫാനുമുണ്ട് ഐഒടി ഉൽപന്ന നിരയിൽ. കാറ്റിനു മാത്രമല്ല, ഫാനിൽ ഘടിപ്പിച്ചിരിക്കുന്ന എൽഇ‍ഡി ലൈറ്റിനുമുണ്ട് ബുദ്ധി. മുറിയുടെ മൂഡ് അനുസരിച്ച് ലൈറ്റിന്റെ നിറം മാറും. 

ഐഒടി– ഞാനും സ്മാർട്, വീടും സ്മാർട്

വ്യക്തികളുടെ ഉപകരണങ്ങളും വീട്ടിലെ എല്ലാ ഉപകരണങ്ങൾ തമ്മിലും ഐഒടിയിലൂടെ  ബന്ധിപ്പിക്കുന്ന തിരക്കിലാണ് കമ്പനികൾ. മൊബൈൽ ഫോണുകളും ധരിക്കാവുന്ന ഡിവൈസുകളും മാത്രമല്ല, വ്യായാമം ചെയ്യുന്ന സൈക്കിൾ വരെ ഐഒടി സാങ്കേതിക വിദ്യയിലാണ് കമ്പനികൾ ഇനി പുറത്തിറക്കുക. എല്ലാ സാങ്കേതിക വിദ്യകളെയും പോലെ ഐഒടിയുടെ ചെലവു താങ്ങാവുന്ന പരിധിയിലേക്കു താഴുന്നതാണ് അടുത്ത ഘട്ടം. 

ഹോം ഓട്ടമേഷനുമായി ഇന്ത്യൻ കമ്പനികൾ

വീട്ടിലെ സ്വിച്ചുകളെയും ഉപകരണങ്ങളെയുമെല്ലാം ബന്ധിപ്പിക്കുന്ന, എല്ലാത്തിന്റെയും നിയന്ത്രണം മൊബൈലിലേക്കു കണ്ടുവരുന്ന ഹോം ഓട്ടമേഷൻ ഇപ്പോൾ പുതിയ പദമല്ല,  ഇന്ത്യൻ കമ്പനികളും കേരളത്തിൽ നിന്നുള്ള കമ്പനികൾ പോലും ഹോം ഓട്ടമേഷനുമായി രംഗത്തെത്തിയതോടെയുണ്ടായ നല്ല മാറ്റം ചെലവു കുറഞ്ഞു എന്നതാണ്. 

 ഹോം ഓട്ടമേഷനിൽ ശ്രദ്ധയൂന്നി ഐഒടിയുടെ സാധ്യതകൾ മുതലെടുക്കാൻ ഇന്ത്യൻ കമ്പനിയായ സ്മാർട്രോൺ കഴിഞ്ഞ വർഷം തന്നെ കളത്തിലിറങ്ങിയിരുന്നു. പ്രമുഖ ചിപ് നിർമാതാക്കളായ ക്വാൽകോം അവതരിപ്പിച്ച ഐഒടി പ്ലാറ്റ്ഫോം ഇന്ത്യയിൽ എത്തിക്കുക സ്മാർട്രോൺ ക്വാൽകോമാണ്. ക്വാൽകോമിന്റെ ഐഒടി പ്ലാറ്റ്ഫോമായ വൈഫൈ-മെഷ് ഇന്ത്യയിൽ എത്തിക്കാൻ ആദ്യം മുന്നോട്ടു വന്ന കമ്പനി കൂടിയാണ് സ്മാർട്രോൺ.

പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഉപകരണങ്ങൾക്ക് ആവശ്യമായ തരത്തിൽ കണക്ടിവിറ്റി ലഭ്യമാക്കുകയാണ് വൈഫൈ-മെഷ് ചെയ്യുന്നത്. വീട്ടിനുള്ളിൽ പല സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന സ്മാർട് ഉപകരണങ്ങൾക്ക് പരസ്പരം ബന്ധപ്പെടാനും ആശയവിനിമയം നടത്താനും കഴിയുംവിധം ഓരോ മുക്കിലും മൂലയിലും കണക്ടിവിറ്റി ലഭ്യമാക്കാൻ വൈഫൈ-മെഷിനു സാധിക്കും. ക്വാൽകോമുമായി സഹകരിച്ച് ഈ രംഗത്തെ അമരക്കാരാവുന്നതോടെ ഐഒടിയിൽ ആധിപത്യം നേടുകയാണു ലക്ഷ്യം.

ഇന്ന് ഹോം ഓട്ടമേഷനിലും ഐഒടിയിൽ തന്നെയും ഒട്ടേറെ സ്റ്റാർട്ടപ്പുകൾ കേരളത്തിൽ തന്നെയുണ്ട്. ഐഒടി സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ ബെംഗളൂരുവാണ് രാജ്യത്ത് ഒന്നാമത്.

സൂപ്പർ ഐഒടിയുമായി വോഡഫോൺ

സംരംഭകർക്ക് ഐഒടി പ്രാപ്യമാക്കാൻ സൂപ്പർ ഐഒടി അവതരിപ്പിച്ചിരുന്നു ടെലികോം കമ്പനിയായ വോഡഫോൺ. വാഹനങ്ങളെയും വീട്ടിലെയോ ഓഫിസിലെയോ ചലിക്കുന്നതും ചലിക്കാത്തതുമായ എല്ലാ ഉപകരണങ്ങളെയും ജീവനക്കാരെയും വ്യക്തികളെയുമെല്ലാം ട്രാക് ചെയ്യുന്നതാണ് ഈ ഐഒടി സൊലൂഷൻ. വാഹനക്കമ്പനികൾ, ഉൽപാദന മേഖല, ബാങ്കിങ്, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലേക്ക് ഐഒടി എത്തിക്കുന്നതിനുള്ള സാങ്കേതികത ലഭ്യമാക്കുകയാണു ലക്ഷ്യമെന്നു കമ്പനി പറയുന്നു. രാജ്യത്തെ 81% സ്ഥാപനങ്ങളും ഓട്ടമേഷനായി ഐഒടി തിരഞ്ഞെടുക്കുന്നതായാണു കമ്പനി നടത്തിയ ഐഒടി ബാരോമീറ്റർ പ്രകാരമുള്ള കണക്ക്.

ഐഒടിയിലേക്ക് വാട്സാപ്പ്

ഏറ്റവും പ്രചാരമുള്ള മെസേജിങ് ആപ്പായ വാട്സാപ്പും ഐഒടി സാങ്കേതിക വിദ്യയിലേക്കു ചുവടുമാറുകയാണ്. വ്യക്തികളെപ്പോലെ തന്നെ വിവിധ ഉപകരണങ്ങൾക്കും ഉപയോഗിക്കാവുന്ന തരത്തിലേക്ക് വാട്സാപ്പ് മെസഞ്ചർ മാറും. ഉപകരണങ്ങൾ അതിന്റെ ഉടമയോട് വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത് സ്വയം പ്രവർത്തിക്കുന്ന കാലം വിദൂരമല്ല.

സിംപിളായി പറഞ്ഞാൽ....ഐഒടി

അത്ഭുതപ്പെടുത്തുന്ന രീതിയിൽ ജീവിതം മാറ്റിമറിക്കാൻ കഴിയുന്ന ഇന്റർനെറ്റ് കംപ്യൂട്ടിങ് ആശയമാണ് ‘ഇന്റർനെറ്റ് ഓഫ് തിങ്സ്’. വിവിധ ഉപകരണങ്ങളെ ഇന്റർനെറ്റ് ശൃംഖലയുമായി ബന്ധിപ്പിച്ചു നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യാമെന്നതാണ് ഐഒടിയുടെ പ്രത്യേകത. ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ഇലക്ട്രോണിക്സ്, സെൻസറുകൾ, ഇവയെ പരസ്പരം ബന്ധിപ്പിച്ചുള്ള ഒരു ശൃംഖലയാണ് ഐഒടി. 

ദൂരെ ഇരുന്നുതന്നെ വീട്ടിലെ സ്മാർട് ഉപകരണങ്ങൾ നിയന്ത്രിക്കുന്നതും, നമ്മുടെ രക്തസമ്മർദവും ഹൃദയമിടിപ്പും നടക്കുന്ന ദൂരവും ഓരോ കാലടികളും വരെ അളന്നു രേഖപ്പെടുത്തുന്ന സ്മാർട് വാച്ചുകളും, ശബ്ദം തിരിച്ചറിഞ്ഞു നാം പറയുന്നതിനനുസരിച്ചു പ്രതികരിക്കുകയും നമ്മുടെ നിർദേശമനുസരിച്ചു വിവിധ സ്മാർട് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ആമസോൺ എക്കോയും ഗൂഗിൾ ഹോമും പോലുള്ള സംവിധാനവുമൊക്കെ ഐഒടി ഉപകരണങ്ങൾക്ക് ഉദാഹരണങ്ങളാണ്.