Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാഭം ആവർത്തിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്

air-india-express

കൊച്ചി ∙ തുടർച്ചയായ മൂന്നാം വർഷവും ലാഭം പറന്നെടുക്കാനൊരുങ്ങി പൊതുമേഖലാ ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ്. നടപ്പുസാമ്പത്തിക വർഷം 208 കോടി രൂപ അറ്റാദായം ലക്ഷ്യമിട്ട സ്ഥാനത്തു കഴിഞ്ഞ ഡിസംബർ വരെ 231 കോടി രൂപ നേടാനായി. സാമ്പത്തിക വർഷാവസാനത്തോടെ 250 കോടി രൂപയെങ്കിലും ലാഭക്കണക്കിൽ ചേർക്കാനാകുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. എന്നാൽ, 2016–17 ലെ ലാഭത്തുകയായ 297 കോടിയിൽ എത്തില്ല.  ഇന്ധന വിലവർധനയാണു ലാഭത്തിൽ ചോർച്ചയുണ്ടാക്കുന്നത്. 2015-16ൽ 362 കോടിയായിരുന്നു ലാഭം. 

പുതിയ 2 വിമാനം

ഈ വർഷം തന്നെ രണ്ടു പുതിയ വിമാനങ്ങൾ കൂടി എയർ ഇന്ത്യ എക്സ്പ്രസ് നിരയിൽ ചേരും. നിലവിൽ 23 ബോയിങ് 737-800 വിമാനങ്ങളാണുള്ളത്. സമാനമായ വിമാനങ്ങളുടെ പരിഷ്കരിച്ച മോഡലാണു (ബോയിങ് 737–800 എൻജി) പാട്ടത്തിനെടുക്കുന്നതെന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ. ശ്യാംസുന്ദർ പറഞ്ഞു. 189 സീറ്റുകളാണു പുതിയ വിമാനങ്ങളിലും ഉണ്ടാകുക. ആദ്യ വിമാനം സെപ്റ്റംബറിലും രണ്ടാം വിമാനം ഒക്ടോബറിലും എത്തും.

പുതിയ സർവീസ്

സിംഗപ്പൂർ, കുവൈത്ത്, ദമാം എന്നിവിടങ്ങളിലേക്കു നേരിട്ടുള്ള പുതിയ സർവീസുകളാണു സമ്മർ ഷെഡ്യൂളിലെ ആകർഷണം. ഇതോടെ, ആഴ്ചയിലെ മൊത്തം സർവീസുകളുടെ എണ്ണം 561ൽ നിന്ന് 586 ആയി ഉയരും. കൊച്ചിയിൽ നിന്നു മധുര വഴിയാണു സിംഗപ്പൂർ സർവീസ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കൊച്ചിയിൽ നിന്നു രാവിലെ 11നു പുറപ്പെടും. മടക്ക സർവീസ് പുലർച്ചെ ഒന്നിനാണു കൊച്ചി ലാൻഡിങ്. സർവീസ് ലാഭകരമാണെങ്കിൽ സെക്ടറിൽ കൂടുതൽ സർവീസുകൾ പരിഗണിക്കും. 

ബുധൻ, വെള്ളി, ഞായർ ദിനങ്ങളിൽ രാവിലെ 8.15നു കൊച്ചിയിൽ നിന്നാണു കുവൈത്ത് - ദമാം സർവീസ്. 10.55നു കുവൈത്തിലെത്തും. അവിടെ നിന്ന് 11.55നു പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നിനു ദമാമിലെത്തും. മടക്കവിമാനം രണ്ടിനു ദമാമിൽ നിന്നു പുറപ്പെട്ടു രാത്രി 9.05നു കൊച്ചിയിലിറങ്ങും. കോഴിക്കോട് വഴി നിലവിലുള്ള കൊച്ചി - കുവൈത്ത് സർവീസുകൾ തുടരും. ആഴ്ചയിൽ അഞ്ചു ദിവസവും കൊച്ചി - കുവൈത്ത് സർവീസുകളുണ്ടാകും. 

കൊച്ചി - ദോഹ – കൊച്ചി സർവീസ് സമയം മാറ്റി. രാവിലെ 11.30നു കൊച്ചിയിൽ നിന്നു പുറപ്പെടുന്ന വിമാനം പുലർച്ചെ 1.15നു ദോഹയിലെത്തും. മടക്കവിമാനം പുലർച്ചെ 2.15നു പുറപ്പെട്ടു രാവിലെ 9.10 നു കൊച്ചിയിലിറങ്ങും. 

തിരുവനന്തപുരം - കോഴിക്കോട് - ദോഹ സർവീസ് രാവിലെ 10നു തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് 1.30നു ദോഹയിലെത്തും. കൊച്ചി - കോഴിക്കോട് - ബഹ്റൈൻ സർവീസ് 8.40നു പുറപ്പെടും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ കൊച്ചി - കോഴിക്കോട് - റാസൽഖൈമ സർവീസുണ്ടാകും. തിങ്കൾ, ബുധൻ ദിവസങ്ങളിൽ കൊച്ചി - കോഴിക്കോട് - അൽഎയ്ൻ സർവീസ് രാവിലെ 8.40നു പുറപ്പെട്ട് 1.05ന് അൽഎയ്നിലെത്തും.

related stories