Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർ ഇന്ത്യ വിൽക്കാനുള്ള നീക്കത്തിനു തിരിച്ചടി

Air-India

ന്യൂഡൽഹി ∙ എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ നടത്തി വന്ന ശ്രമത്തിനു തിരിച്ചടി. സ്വകാര്യവൽക്കരണം നിരാകരിക്കുന്ന കരടു റിപ്പോർട്ട് പാർലമെന്റ് സമിതി വീണ്ടും ചർച്ചയ്ക്കെടുക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണിത്.

ജോലിക്കാരുടെ ഭാവിയും കമ്പനിക്കു സ്വന്തമായുള്ള ഭൂമിയുടെ മൂല്യനിർണയവും കൈമാറ്റവും ചർച്ച ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ വർഷം 300 കോടിയോളം രൂപ പ്രവർത്തനലാഭമുണ്ടാക്കിതും കണക്കിലെടുക്കണമെന്നാണ് സമിതിയിലെ പ്രതിപക്ഷ നിലപാട്.

70,000 കോടിയോളം രൂപ മുടക്കി എയർ ഇന്ത്യ വാങ്ങാൻ ആളെ പെട്ടെന്നു കിട്ടുമെന്നു പ്രതീക്ഷിക്കാനാവില്ലെന്നായിരുന്നു ഇതെക്കുറിച്ചുള്ള ചോദ്യത്തോടു വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്റെ പ്ര‌തികരണം. എൻഡിഎക്കുള്ളി‌ൽ രൂപപ്പെടുന്ന രാഷ്ട്രീയ നിലപാടിന്റെ സൂചന കൂടിയായി ഇത്.

കഴിഞ്ഞ മാസം 15നു സമിതി അധ്യക്ഷൻ ഡെറക് ഒ ബ്രയനു സ്ഥലത്തെത്താൻ കഴിയാതിരുന്നപ്പോൾ 13 ബിജെപി അംഗങ്ങൾ രാകേഷ് സിങ്ങിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു കരടു റിപ്പോർട്ട് തള്ളിക്കളഞ്ഞിരുന്നു. മുൻ വ്യോമയാന മന്ത്രി കൂടിയായ കെ.സി. വേണുഗോപാലും തൃണമൂൽ അംഗങ്ങളും കർക്കശ നിലപാടു സ്വീകരിച്ചതോടെയാണു കഴിഞ്ഞ ദിവസത്തെ യോഗം സ്ഥാപനം നേരിടുന്ന മുഖ്യ പ്രശ്നങ്ങളെക്കുറിച്ചു വിശദമായി ചർച്ച ചെയ്യാൻ തീരുമാനമായത്.

വിവിധ പ്രശ്നങ്ങളിൽ ചർച്ച പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് തയാറാക്കാൻ ഇനി സമിതിക്കു കഴിയില്ല. ശക്തമായ എതിർപ്പിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിലപാടു മയപ്പെട്ടതും ദേശീയ വിമാനക്കമ്പനി പൊതുമേഖലയിൽ തുടരുമെന്നതിനു സൂചനയാണ്.

related stories