Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈറ്റ് അണച്ചോ...: ആശങ്ക നീക്കാൻ വിദ്യ വേണം

tata-communication

കൊച്ചി ∙ തങ്ങൾ പുറത്തു പോകുമ്പോൾ വീട്ടിലെ ലൈറ്റുകൾ അണച്ചോ എന്ന ആശങ്ക 65 ശതമാനത്തിലേറെ ഇന്ത്യക്കാർക്കും ഉണ്ടെന്നും മികച്ചൊരു സാങ്കേതികവിദ്യ വഴി ഇതു പരിഹരിക്കാമെന്നാണവർ കരുതുന്നതെന്നും ടാറ്റ കമ്യൂണിക്കേഷൻസിന്റെ പഠന റിപ്പോർട്ട്.

ഉപകരണങ്ങളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച് സ്മാര്‍ട് ആക്കുന്ന ‘ഇന്റർനെറ്റ് ഓഫ് തിങ്സിന്’ നിത്യജീവിതത്തിലുള്ള പ്രസക്തിയെക്കുറിച്ചു 12 നഗരങ്ങളിലെ 2000 പേരിലാണു സർവേ നടത്തിയത്.

‌വീടുകളിലാണ് ഇന്റർനെറ്റ് ഓഫ് തിങ്സിനു കൂടുതൽ പ്രസക്തിയുള്ളതെന്നു കൂടുതൽ പേരും അഭിപ്രായപ്പെട്ടു. വീട്ടിലെ ഉപകരണങ്ങൾ പുറത്തുനിന്നു തൽസമയം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആഗ്രഹിക്കുന്നു എന്നാണു 91.1% പേരും വെളിപ്പെടുത്തിയത്.

പാൽ പോലുള്ള ദൈനംദിന ഉപയോഗ സാധനങ്ങൾ വാങ്ങാൻ മറന്നുപോകുന്ന സ്ഥിതി മാസത്തിൽ ഒരു ദിവസമെങ്കിലും ഉണ്ടാകാറുണ്ടെന്നാണ് 54.5% പേരും സമ്മതിക്കുന്നത്. 22.7% പേരും ഇത്തരം സാധനങ്ങൾ തീർന്നുപോകുന്ന അനുഭവം ആഴ്ചയിൽ ഒരിക്കലെങ്കിലും ഉണ്ടാകുന്നു എന്നും ഖേദിക്കുന്നു.

ആവശ്യമുള്ള സാധനങ്ങൾ ഫ്രിജിൽ ശേഖരിച്ചു വയ്ക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായും തങ്ങളുടെ ആശങ്കകൾ അകറ്റുന്നതിനായും മികച്ച സാങ്കേതികവിദ്യ ഉപയോഗിക്കാനും അതിനായി പണം മുടക്കാനും താൽപര്യമുണ്ടെന്നാണ് 75.3% പേരും അഭിപ്രായപ്പെട്ടത്. പുറത്തുപോകുമ്പോൾ വീടുകളിലെ ലൈറ്റ് അണച്ചോ എന്ന കാര്യത്തിൽ 51% പുരുഷൻമാരും 50% സ്ത്രീകളും ആശങ്ക പുലർത്തുന്നതായാണു കാണുന്നത്.

ജീവിതത്തിലെ സമ്മർദം കുറയ്ക്കുക, ഊർജ ഉപഭോഗം കുറയ്ക്കുക, ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുക, പുതിയ ബിസിനസ് മാതൃകകൾ സൃഷ്ടിക്കുക തുടങ്ങിയവയ്ക്ക് ഇന്റർനെറ്റ് ഓഫ് തിങ്സ് സഹായിക്കുമെന്ന് ടാറ്റ കമ്യൂണിക്കേഷൻസിന്റെ സീനിയർ വൈസ് പ്രസിഡന്റും ഇന്റർനെറ്റ് ഓഫ് തിങ്സ് മേധാവിയുമായ വി.എസ്. ശ്രീധർ പറഞ്ഞു.