Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി ഡിജിറ്റൽ ഉച്ചകോടി: കേരളത്തെ ഐടി കേന്ദ്രമാക്കുക ലക്ഷ്യം

Print

തിരുവനന്തപുരം∙ വിവരസാങ്കേതിക വ്യവസായ കേന്ദ്രമായി കേരളത്തെ വളർത്തുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നും കൊച്ചിയിൽ നടത്തുന്ന ഡിജിറ്റൽ ഉച്ചകോടി ‘ഹാഷ്ടാഗ് ഫ്യൂച്ചർ’ ഇതിന്റെ മുന്നോടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ 22, 23 തീയതികളിൽ നടത്തുന്ന ഉച്ചകോടിയുടെ മുന്നോടിയായി മാധ്യമ എഡിറ്റർമാരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.  

വിവര സാങ്കേതിക വ്യവസായ മേഖലയിൽ നേട്ടമുണ്ടാക്കിയ പ്രമുഖരെ ഒരുമിച്ചുകൊണ്ടുവരാനും വിജ്ഞാന വിനിമയത്തിനു വേദിയുണ്ടാക്കാനും ഉച്ചകോടിയിലൂടെ കഴിയും.  

ഡിജിറ്റൽ സാങ്കേതികതയുടെ വികാസത്തിലെ സാധ്യതകൾ മുന്നിൽക്കണ്ടു കേരളം എങ്ങനെ ഒരുങ്ങണമെന്നു തീരുമാനിക്കാനും ഉച്ചകോടി സഹായിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.  

ഉച്ചകോടിയിൽ 2000 പ്രതിനിധികളും ആഗോളപ്രശസ്തരായ 30 വിദഗ്ധരും സംബന്ധിക്കും. മൈക്രോസോഫ്റ്റ് സിഇഒ: സത്യ നാദെല്ല, മൈക്രോസോഫ്റ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേധാവി ജോസഫ് സിരോഷ് എന്നിവർ വിഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും. ഉദ്ഘാടനസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സമാപനസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുഖ്യാതിഥികളാകും. യോഗത്തിൽ സംസ്ഥാന ഐടി ഉന്നതാധികാര സമിതി ചെയർമാൻ എസ്.ഡി.ഷിബുലാൽ, അംഗം വി.കെ.മാത്യൂസ്, ഐടി സെക്രട്ടറി എം.ശിവശങ്കർ എന്നിവർ പ്രസംഗിച്ചു.

നടപടികൾ പൂർണമായും ഡിജിറ്റൽ

കൊച്ചിയിൽ 22, 23 തീയതികളിൽ നടത്തുന്ന ഹാഷ്ടാഗ് ഫ്യൂച്ചർ ഉച്ചകോടിയുടെ വേദിയും നടപടിക്രമങ്ങളും പൂർണമായും ഡിജിറ്റൽ സാങ്കേതികവിദ്യയിൽ. ഡിജിറ്റൽ രീതിയിൽ സംസ്ഥാനത്തു നടത്തുന്ന ആദ്യ സമ്മേളനമായിരിക്കുമിത്. റജിസ്റ്റർ ചെയ്യുന്നതു മുതൽ മൊബൈൽ ആപ്ലിക്കേഷനുകളും ക്യുആർ (ക്വിക് റെസ്പോൺസ്) കോഡും ഉപയോഗിച്ചായിരിക്കും ആശയവിനിമയം. പ്രതിനിധികൾക്കു സമ്മേളനം കഴിഞ്ഞും ഇതിന്റെ പ്രയോജനം ലഭിക്കും.

തിരിച്ചറിയൽ കാർഡിനു പകരം പ്രവേശനത്തിനും മറ്റും ക്യുആർ കോഡ് ഉപയോഗിക്കും. ഉച്ചകോടിക്കായി ഹാഷ് ഫ്യൂച്ചർ (#future) എന്ന ആപ് ഗൂഗിൾ പ്ലേസ്റ്റോറിലും ഐഒഎസിലും ലഭ്യമാകും. പ്രഭാഷകരോടുള്ള ചോദ്യങ്ങളും ഈ ആപ് വഴിയായിരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചു പ്രവർത്തിക്കുന്ന കൈസാല (​Kaizala) എന്ന പ്ലാറ്റ്ഫോം വഴി പ്രഭാഷകരുമായി പ്രതിനിധികൾക്കു ബന്ധപ്പെടാം. വിവിധ മേഖലകളിൽനിന്നുള്ള പ്രശസ്തരായ 30 പേരാണു പ്രഭാഷകരായി എത്തുന്നത്.

ഉച്ചകോടി നടത്തുന്ന ലെമെറിഡിയൻ കൺവൻഷൻ സെന്ററിൽ അതിവേഗ വൈഫൈ സൗകര്യം ലഭ്യമാക്കും. സംസ്ഥാന സർക്കാർ രൂപീകരിച്ച ഉന്നതാധികാര ഐടി സമിതിയാണ് (എച്ച്പിഐസി) ഉച്ചകോടി സംഘടിപ്പിക്കുന്നത്.