Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംരംഭകർക്കും വേണം സാമ്പത്തിക സാക്ഷരത

835846664

സ്റ്റാർട്ടപ്പുകളുടേതായ ഇക്കാലത്ത് ഓരോ ദിവസവും നൂറുകണക്കിനു പുതു സംരംഭങ്ങളാണ് ഉയർന്നുവരുന്നത്. സ്റ്റാർട്ടപ്പുകളിൽ ചിലത് അഭിമാനകരമായ വളർച്ചയിലേക്കു കുതിക്കുമ്പോഴും വിജയിക്കാനാവാത്തവയുടെ എണ്ണം വളരെ കൂടുതലാണ്. തുടക്കത്തിൽ വൻ മുന്നേറ്റം നടത്തിയ ശേഷം പിൻവലിയേണ്ടിവന്നവയെ വിലയിരുത്തുമ്പോൾ അക്കൂട്ടത്തിൽ വലിയ സ്റ്റാർട്ടപ്പുകളേയും തീരെ ചെറിയ സ്റ്റാർട്ടപ്പുകളേയും നമുക്കു കാണാനാവും. സ്‌നാപ്ഡീൽ, ലോക്കൽ ബനിയ, ഗ്രോ ഷോപ്, ടൈനി ഔൾ എന്നിവ വൻ പ്രതീക്ഷ ഉയർത്തിയ ശേഷം പിൻവലിയേണ്ടി വന്നവയായി നമുക്കു ചൂണ്ടിക്കാട്ടാനാവും. പരാജയത്തിനു പിന്നിൽ, പല ഘടകങ്ങൾ കണ്ടെത്താനാവും. എന്നാൽ മോശമായ സാമ്പത്തിക ശേഷിയും ഗുണമേൻമയില്ലാത്ത ആസൂത്രണവുമായിരിക്കും എല്ലാ സംരംഭക മേഖലകളിലും പരാജയത്തിനു കാരണമാകുന്ന ഏറ്റവും വലിയ ഘടകം. 

നമുക്കിടയിലെ പല സംരംഭകരും വിവിധ രീതികൾ മാറി മാറി പരീക്ഷിച്ചോ കുടുംബ സംരംഭങ്ങളുടെ അനുഭവത്തിൽ നിന്നോ ആണ് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവു നേടുന്നതെന്നതാണു വസ്തുത. ഈ സ്ഥാനത്ത് ക്രമമായ രീതിയിലും ശാസ്ത്രീയമായും നടത്തുന്ന ആസൂത്രണത്തിലൂടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഓരോ സംരംഭകനും നേടിയെടുക്കേണ്ടതുണ്ട്. കൃത്യമായ ലക്ഷ്യങ്ങൾ, ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള വ്യക്തമായ പദ്ധതികൾ എന്നിവയോടെ സ്ഥായിയായ ബിസിനസ് മാതൃകയാണ് ഇതിനായി വളർത്തിയെടുക്കേണ്ടത്. ഇതിനായി പ്രഫഷനൽ ആയ ഉപദേശകരെയും പ്രയോജനപ്പെടുത്തണം. വിപണി ലഭ്യമായി വരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളെ മനസ്സിലാക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും പല സംരംഭകരും മറക്കുന്നു എന്നതാണ് വസ്തുത. സാമ്പത്തിക സാക്ഷരതയും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക എന്നതും ഇവിടെ പ്രധാനപ്പെട്ടതാണ്. 

സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട ആശയങ്ങൾ മനസ്സിലാക്കാനുള്ള കഴിവാണ് സാമ്പത്തിക സാക്ഷരതയിലൂടെ നേടുന്നതെങ്കിൽ സാമ്പത്തിക സേവനങ്ങൾ നേടിയെടുക്കുകയാണ് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവിലൂടെ ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉപദേശങ്ങളും പിന്തുണ സേവനങ്ങളും നേടാനുള്ള ശേഷിയും ഇതിലൂടെ ലഭിക്കും. ഇവയുടെയെല്ലാം സാമ്പത്തിക സാക്ഷരതയിലൂടെ നേടിയ കഴിവുകൾ ഭാവിയിലേക്കുള്ള സാമ്പത്തിക ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനും കഴിയണം. 

ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സംരംഭകർക്കായുള്ള സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കറിച്ച് എസിസിഎ. ഒരു പഠനം നടത്തിയിരുന്നു. ഈ മേഖലയിലെ അപര്യാപ്തതകൾ സംരംഭങ്ങളുടെ പരാജയത്തിനിടയാക്കുന്നതും പരിഗണിക്കേണ്ടതുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സംരംഭകർ ഈ മേഖലയിലെ അറിവുകൾ എങ്ങനെ നേടി എന്നതിനെക്കറിച്ചും കൃത്യമായ വിലയിരുത്തലുകൾ ആവശ്യമാണ്. 

സംരംഭകർ അവരുടേതായ ഓരോ ആവശ്യങ്ങൾ വരുന്ന വേളയിൽ മാത്രമല്ല, സംരംഭങ്ങൾക്കു തുടക്കം കുറിക്കുന്ന വേളയിൽ തന്നെ വിവിധ സാമ്പത്തിക ആവശ്യങ്ങൾക്കായി എങ്ങനെ ഇടപെടൽ നടത്തും എന്നതിനെക്കുറിച്ച് ധാരണയും കാഴ്ചപ്പാടും ഉണ്ടാക്കിയിരിക്കണം. ഇതിനായി കൃത്യമായ, എന്നാൽ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്താനാവുന്ന പാഠ്യ പദ്ധതിയും ആവശ്യമാണ്. ബിസിനസുകളിലെ യഥാർഥ അനുഭവങ്ങൾ പഠിക്കുകയും അവയുടെ ഉദാഹരണത്തിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം രീതിയിലുള്ള അറിവുകളാണ് സ്വായത്തമാക്കേണ്ടത് എന്നു മനസിലാക്കിയിരിക്കുകയും ചെയ്യണം. ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾ നേരിടാനുള്ള മാനവ ശേഷിയും മറ്റു ഘടകങ്ങളും തയാറാക്കിയിരിക്കണം. ആവശ്യങ്ങൾ വരുമ്പോൾ വായ്പയെ ആശ്രയിക്കാം എന്ന പൊതുവായ അലസൻ ചിന്താഗതിയല്ല ഇവിടെ വേണ്ടത്. ഓരോ സാഹചര്യങ്ങൾക്കും അനുസൃതമായി ഔപചാരിക വായ്പകൾ തേടണോ അനൗപചാരിക രീതികളെ ആശ്രയിക്കണോ, പുറത്തുനിന്നുള്ള ധന സഹായമാണോ ഉത്തമം, സ്ഥാപനവുമായി ബന്ധപ്പെട്ടവരുടെ സാമ്പത്തിക പിന്തുണയോടെ മുന്നോട്ടു പോകണോ തുടങ്ങിയ തീരുമാനങ്ങൾ കൈക്കൊള്ളാൻ സംരംഭകർക്കു കഴിവുണ്ടാകണം. 

സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവു കൊണ്ട് എല്ലാമായി എന്നും കരുതരുത്. സാമ്പത്തിക നിയന്ത്രണങ്ങൾ, മാനദണ്ഡങ്ങൾ, നിയമങ്ങൾ തുടങ്ങിയവയെല്ലാം മനസ്സിലാക്കിയും അതിനനുസരിച്ചും മാത്രമേ ഈ കഴിവുകളെല്ലാമുള്ള സംരംഭകർക്കും മുന്നോട്ടു പോകാനാവു എന്നു മനസ്സിലാക്കണം. സംരംഭകർക്ക് മറ്റെല്ലാ കഴിവുകൾക്കും ഒപ്പം സാമ്പത്തിക മേഖലയെക്കുറിച്ചുള്ള കൃത്യമായ വിദ്യാഭ്യാസം ആവശ്യമാണെന്നു തന്നെയാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. 

∙ വിവരങ്ങൾ: മുഹമ്മദ് സജിദ് ഖാൻ, ഇന്റർനാഷനൽ ഡവലപ്‌മെന്റ് ഹെഡ്, എസിസിഎ