Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെനസ്വേലൻ ക്രിപ്റ്റോ കറൻസിക്ക് യുഎസിൽ നിരോധനം

വാഷിങ്ടൻ ∙ വെനസ്വേല പുറത്തിറക്കുന്ന പെട്രോ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻ‌സികൾ വാങ്ങുന്നതിന് യുഎസിൽ വിലക്കേർപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ്. ഈ വർഷം ജനുവരി ഒൻപതു മുതൽ നിരോധനത്തിനു പ്രാബല്യമുണ്ടാകും. പെട്രോ, പെട്രോ ഗോൾഡ് എന്നീ കറൻസികൾക്കും വെനസ്വേലയിലെ ഭരണകൂടം ഭാവിയിൽ ഇറക്കുന്ന ക്രിപ്റ്റോ കറൻസികൾക്കും ടോക്കണുകൾക്കും നിരോധനം ബാധകമാണ്.

അഴിമതിയിൽ കുളിച്ച ഭരണകൂടം രാജ്യാന്തര നിക്ഷേപകരെ കബളിക്കാൻ നടത്തുന്ന ശ്രമമാണ് പെട്രോ എന്നു പേരു വെളിപ്പെടുത്താത്ത യുഎസ് ഉന്നതോദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. പെട്രോയിൽ നിക്ഷേപം നടത്തുന്നവർ വെനസ്വേലയിലെ സ്വേച്ഛാധിപത്യത്തിനു പിന്തുണ നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു. പെട്രോ നിരോധനത്തിനു പുറമേ, വെനസ്വേലൻ സ്റ്റേറ്റ് ബാങ്ക് ഡയറക്ടർ ഉൾപ്പെടെ സർക്കാരിലെ നാല് ഉന്നതോദ്യോഗസ്ഥർക്കെതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധവുമേർപ്പെടുത്തിയിട്ടുണ്ട്.