Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തലിക് സിറിയൻ ബാങ്കിന്റെ 51% ഓഹരി ഫെയർ ഫാക്സിനു നൽകും

Catholic-Syrian-Bank-logo

തൃശൂർ ∙ കാത്തലിക് സിറിയൻ ബാങ്കിന്റെ 51% ഓഹരി കാനഡയിലെ വ്യവസായി പ്രേം വാട്സയുടെ ഫെയർ ഫാക്സ് എന്ന കമ്പനിക്കു കൈമാറാൻ ബാങ്കിന്റെ അടിയന്തര പൊതുയോഗം തീരുമാനിച്ചു. റിസർവ് ബാങ്ക് അനുമതിക്കു വിധേയമായാണു കൈമാറുക. 

നേരത്തെ ഫെയർ ഫാക്സിനു 51% ഓഹരി കൈമാറാൻ ആർബിഐ അനുമതി നൽകിയിരുന്നു. എന്നാൽ അനുമതിയുടെ കാലാവധിക്കുള്ളിൽ നടപടി പൂർത്തിയാക്കാൻ ബാങ്കിനു കഴിഞ്ഞില്ല. പൊതുയോഗ തീരുമാനം ആർബിഐയെ അറിയിച്ചു വീണ്ടും അനുമതിക്കായി അപേക്ഷ നൽകും. രാജ്യത്തു ആദ്യമായായിരുന്നു 51% ഓഹരി വിദേശ കമ്പനിക്കു കൈമാറാൻ ആർബിഐ അനുമതി നൽകിയത്. സാഹചര്യങ്ങളും വ്യവസ്ഥകളും മാറ്റമില്ലാത്തതിനാൽ അനുമതി പ്രതീക്ഷിക്കുന്നതായി കാത്തലിക് സിറിയൻ‌ ബാങ്ക് ചെയർമാൻ‌ ടി.എസ്. അനന്തരാമൻ പറഞ്ഞു. 

ഓഹരിയിൽ മുൻതൂക്കമുണ്ടെങ്കിലും ഫെയർ ഫാക്സിനു രണ്ടു ഡയറക്ടർമാരെയെ നിയമിക്കാനാകൂ. എത്രയാണു വോട്ടവകാശമെന്നു ആർബിഐ തീരുമാനിക്കും. ബാങ്കിനിപ്പോൾ എട്ടു കോടി ഓഹരികളാണുള്ളത്. പുതിയതായി 8.1 കോടി ഓഹരികൾ കൂടി വിപണിയിലിറക്കും. ഇതു പൂർണമായും ഫെയർ ഫാക്സിനാണു നൽകുക. 1200 കോടിയാണു ഫെയർ ഫാക്സ് കാത്തലിക് സിറിയൻ ബാങ്കിൽ നിക്ഷേപിക്കുക. 

ബാങ്ക് ഡയറക്ടർ ബോർഡിലെ ഡയറക്ടർമാരുടെ എണ്ണം എട്ടിൽനിന്നു 12 ആക്കാൻ ആർബിഐയുടെ അനുമതി തേടിയിട്ടുണ്ടെന്നു ടി.എസ്. അനന്തരാമൻ പറഞ്ഞു. ബാങ്ക് മാനേജുമെന്റിലോ ഭരണത്തിലോ മാറ്റമുണ്ടാകില്ല. ബാങ്കിന്റെ ആസ്ഥാനവും തൃശൂരിൽ നിലനിർത്തും. ഫെയർ ഫാക്സിന്റെ ആധുനിക ബാങ്കിങ് സംവിധാനങ്ങൾ കാത്തലിക് സിറിയൻ ബാങ്കുമായി പങ്കുവയ്ക്കും. രണ്ടു ഡയറക്ടർമാരെ മതിയെന്ന വ്യവസ്ഥ ഓഹരി കൈമാറ്റ കരാറിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപം വരുന്നതോടെ ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിങ് ഉയരുമെന്നും അനന്തരാമൻ പറഞ്ഞു.