Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

#ഫ്യൂച്ചർ സമ്മേളനം ഇന്നു മുതല്‍

Print

കൊച്ചി ∙ അതിനൂതന സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ ഡിജിറ്റൽ ഭാവിയിലേക്കു കേരളത്തെ കൈപിടിച്ചു നടത്താൻ ലക്ഷ്യമിട്ടു സംസ്ഥാന ഐടി ഉന്നതാധികാര സമിതി സംഘടിപ്പിക്കുന്ന ഹാഷ് ഫ്യൂച്ചർ ഡിജിറ്റൽ സമ്മേളനത്തിന് ഇന്നു തുടക്കം കുറിക്കുന്നു.

മുൻപ് ആഗോള നിക്ഷേപക സമ്മേളനത്തിലും (ജിം) എമേർജിങ് കേരളയിലും ഉണ്ടായിരുന്നതുപോലെ നിക്ഷേപ വാഗ്ദാനങ്ങളും പദ്ധതികളുമല്ല സമ്മേളനം കൊണ്ടുദ്ദേശിക്കുന്നത്. ലോക ഡിജിറ്റൽ രംഗത്തെ പ്രമുഖരെ കൊണ്ടുവന്ന് അവതരണം നടത്തി കേരളത്തെക്കുറിച്ചു ബോധവൽക്കരണം നടത്തി ഭാവിയിലേക്ക് അവരുടെ മനസ്സിൽ കേരളത്തെ ഉറപ്പിക്കുകയാണ് ഉദ്ദേശ്യം. ആദ്യദിനം തന്നെ വരുന്നവരിൽ ബഹുരാഷ്ട്ര കമ്പനികളുടെ മേധാവികളും ആഗോള ഡിജിറ്റൽ വളർച്ചയുടെ ചുക്കാൻ പിടിക്കുന്നവരുമുണ്ട്.

നിർമിത ബുദ്ധിയും റോബട്ടിക്സും പോലുള്ള സാങ്കേതികവിദ്യകൾ നിലവിലുള്ള തൊഴിലവസരങ്ങളിൽ ഇടിവുണ്ടാക്കുമ്പോൾ പിടിച്ചുനിൽക്കാനും പുതിയ തൊഴിലവസര പാതകൾ വെട്ടിത്തുറക്കാനും സമ്മേളനത്തിലെ പ്രമുഖരുടെ ആശയങ്ങൾ കേരളത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുപലകകളാവും. കടലാസ് പൂർണമായി ഒഴിവാക്കി സമ്പൂർണമായും ഡിജിറ്റലായി നടത്തുന്ന ആദ്യ സമ്മേളനവുമാണിത്. പാസിനു പകരം മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യുന്ന ക്യൂആർ കോഡ് ഉപയോഗിച്ചാണു പ്രവേശനം പോലും.

പ്രധാനമായും ആറു രംഗങ്ങളെക്കുറിച്ചാണ്  അവതരണം. 1. ബാങ്കിങ്ങും ധനകാര്യവും. 2. വിദ്യാഭ്യാസവും നൈപുണ്യങ്ങളും. 3. സഞ്ചാരവും ഗതാഗതവും. 4. ആരോഗ്യം. 5. സമൂല മാറ്റം സൃഷ്ടിക്കുന്ന അതിനൂതന സാങ്കേതികവിദ്യകൾ. 6. ബിഗ് ഡേറ്റ എന്നിവയാണ് ആറു മേഖലകൾ. ഇന്നത്തെ ആദ്യ പാനൽ ചർച്ച സഞ്ചാരവും ഗതാഗതവും വിഷയത്തെ അധികരിച്ചാണ്. രണ്ടാമത്തെ വിഷയം ബിഗ് ഡേറ്റ– ഭാവിയുടെ ഡിജിറ്റൽ ഇന്ധനം എന്നതാണ്. രണ്ടു വിഷയത്തിന്റെയും പാനലുകളിൽ ഡെൽ ഇന്ത്യ പ്രസിഡന്റ് അലോക് ഓഹ്റി, വോൾവോ ഇന്ത്യ എംഡി കമൽ ബാലി, അമേരിക്കൻ ഫെഡറൽ ഏവിയേഷൻ ചീഫ് ഡേറ്റ ഓഫിസർ നടേഷ് മാണിക്കോത്ത് തുടങ്ങിയവരുണ്ട്.

സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 10നു നിർവഹിക്കും. ഉച്ചവരെ അദ്ദേഹം സമ്മേളനത്തിലുണ്ടാവും. കേരളത്തിലെ പ്രമുഖ നിക്ഷേപകരും ഉദ്യോഗസ്ഥരുമെല്ലാം സമ്മേളനത്തിനെത്തുന്നുണ്ട്. എമിറേറ്റ്സ് എയർലൈൻ ചീഫ് ഡിജിറ്റൽ ഓഫിസർ ക്രിസ്റ്റഫ് മ്യൂളർ ആദ്യപ്രഭാഷണം നടത്തും. ഉച്ച കഴിഞ്ഞുള്ള  പ്രഭാഷണം ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനിയുടേും.. 

രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന ഹാഷ് ഫ്യൂച്ചർ സമ്മേളനം ബ്രാൻഡായി പ്രചരിപ്പിച്ച് കേരളത്തോട് അനുഭാവം കാട്ടുന്ന 150 പ്രമുഖരുടെയെങ്കിലും നിര ഒരുക്കുകയാണു ലക്ഷ്യം. ഡിജിറ്റൽ ഭാവിക്ക് അതു നിർണായകമാവും.