Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറ്റത്തിനു സർക്കാർ തയാർ, സഹകരിക്കാൻ നിങ്ങളോ ? : മുഖ്യമന്ത്രി

#future-participants കൊച്ചിയിൽ #ഫ്യൂച്ചർ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവർ

കൊച്ചി∙ സാങ്കേതികവിദ്യയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് നയങ്ങൾ പുതുക്കുന്നത് ഉൾപ്പെടെയുള്ള സ്വയം നവീകരണത്തിനു കേരളം തയാറാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ മാറ്റങ്ങൾക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസ, നൈപുണ്യ വികസന മേഖലകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പിന്തുണയും നൽകാൻ സർക്കാർ ഒരുക്കമാണ്. ഡിജിറ്റൽ ഉച്ചകോടിയായ ഫ്യൂച്ചറിൽ പങ്കെടുക്കാനെത്തിയ വിദഗ്ധരുമായി പ്രത്യേകം നടത്തിയ ചർച്ചകളിലാണ് മുഖ്യമന്ത്രി സർക്കാരിന്റെ നിലപാടു വ്യക്തമാക്കിയത്. 

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾ ഭാവിയിൽ പൊതു–സ്വകാര്യ പങ്കാളിത്തമാക്കി മാറ്റി വളർത്താൻ കഴിയുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. യുഎസിലെ അഡ്വാൻസ്ഡ് ഇമേജിങ് സൊസൈറ്റി, മാപ് മൈ ജിനോം, ബൈജൂസ് ആപ്, കെപിഎംജി, ക്യുർ.എഐ, എൻട്രിൻഷ്യ ഇൻക് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളുമായും എമിറേറ്റ്സ് ചീഫ് ഇന്നവേഷൻ ഓഫിസർ ക്രിസ്റ്റോഫ് മുള്ളർ, ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനി, ഹാർവാർഡ് മെഡിക്കൽ സ്കൂൾ പ്രഫസർ അജിത് ജെ. തോമസ് എന്നിവരുമായുമാണ് മുഖ്യമന്ത്രി പ്രത്യേകം ചർച്ച നടത്തിയത്. ഇക്കാര്യത്തിൽ ആവശ്യമായ മാർഗ നിർദേശങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധരിൽ നിന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി എന്നിവയിൽ കേരളത്തിനു വലിയ സാധ്യതകളുണ്ടെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടി. ക്രിയാത്മകമായി ചിന്തിക്കാനും വരയ്ക്കാനും കഴിവുള്ളവർക്ക് എആർ, വിആർ സാങ്കേതിക വിദ്യകളിൽ വിദഗ്ധ പരിശീലനം നൽകണം. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർടപ്പുകൾക്ക് മാർഗനിർദേശം നൽകണം. 

ഇതിനായി സഹകരിക്കാൻ തയാറാണെന്നും വിദഗ്ധർ മുഖ്യമന്ത്രിക്ക് ഉറപ്പു നൽകി. ആരോഗ്യ മേഖലയിൽ ജിനോമിക്സിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് രോഗനിർണയത്തിന്റെയും സേവനം ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിനെയും സ്റ്റാർടപ്പുകളെയും സഹായിക്കാൻ തയാറാണെന്നു മാപ്മൈജിനോം സ്ഥാപക അനുരാധ ആചാര്യ, ക്യുർ.എഐ സിഇഒ പ്രശാന്ത് വാരിയർ എന്നിവർ അറിയിച്ചു. 

വിദ്യാഭ്യാസ രംഗത്ത് സാങ്കേതികവിദ്യയുടെ വിനിയോഗം ഫലപ്രദമാക്കാനായി ബൈജൂസ് ആപ്പിന്റെ സഹകരണം പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഏപ്രിൽ പത്തിനകം യോഗം ചേരും. ഹാർഡ്‌വെയർ നിർമാണത്തിനു സഹായകമാകുന്ന ഒരു കോടിയോളം വിലയുള്ള ഉപകരണങ്ങൾ കൊച്ചിയിലെ മേക്കർ വില്ലേജിൽ സ്ഥാപിക്കാൻ ഒരുക്കമാണെന്ന് സിസ്കോ മാനേജിങ് ഡയറക്ടർ സുധീർ നയ്യാർ വാഗ്ദാനം ചെയ്തു. 

സംഘാടകരെ അമ്പരപ്പിച്ച് പ്രാതിനിധ്യം

കൊച്ചി ∙  ഡിജിറ്റൽ ഉച്ചകോടി # ഫ്യൂച്ചറിനു കണക്കുകൂട്ടലുകൾ തെറ്റിച്ച്  പ്രതിനിധികളുടെ പങ്കാളിത്തം. മുൻകൂട്ടി റജിസ്റ്റർ ചെയ്ത 2000 പേർക്കാണ് ഉച്ചകോടിയിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നത്. എന്നാൽ, അവസാനനിമിഷം പ്രതിനിധികളുടെ എണ്ണം സംഘാടകരുടെ കണക്കുകൂട്ടൽ തെറ്റിച്ചു. അഞ്ഞൂറോളം പ്രതിനിധികൾ അധികമെത്തിയതോടെ ഉച്ചകോടി നടന്ന ഹാളിനു താഴെ മറ്റൊരു ഹാളിൽ എൽഇഡി സ്ക്രീൻ സജ്ജീകരിച്ചു സമ്മേളനം തൽസമയം കാണിക്കുകയായിരുന്നു. 5000 രൂപ ഫീസ് വാങ്ങിയാണ് റജിസ്ട്രേഷൻ നടത്തിയത്. ഡിജിറ്റൽ ഉച്ചകോടിയോടുള്ള പ്രതികരണം പ്രതീക്ഷ പകരുന്നതാണെന്നു ഐടി സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു.