Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപയോക്താവ് രാജാവ് : ക്രിസ്റ്റോഫ് മുള്ളർ

Christoph-Muller-future-summit ക്രിസ്റ്റോഫ് മുള്ളർ

കൊച്ചി ∙ സാങ്കേതികവിദ്യ സഹായി മാത്രമാണ്. എല്ലാ മാറ്റങ്ങളുടെയും യഥാർഥ പ്രേരക ശക്തി ഉപയോക്താവാണ്. അങ്ങേയറ്റം വ്യക്തികേന്ദ്രീകൃത സേവനങ്ങൾ ലഭ്യമാക്കുകയാണു ഡിജിറ്റലൈസേഷന്റെ കാലത്തു വ്യവസായ ലോകം ചെയ്യേണ്ടത്. ഉപയോക്താവിനു നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാനും അതു തന്നെയാണു മാർഗം - എമിരേറ്റ്സ് ഗ്രൂപ് ചീഫ് ഡിജിറ്റൽ ആൻഡ് ഇന്നവേഷൻ ഓഫിസർ ക്രിസ്റ്റോഫ് മുള്ളറുടെ വാക്കുകൾ. ഡിജിറ്റൽ സമ്മേളനത്തിൽ ‘ട്രാവൽ, ട്രാൻസ്പോർട്ടേഷൻ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

പത്തു വർഷത്തിനകം മൊബൈൽ ഡിവൈസുകൾ കാലഹരണപ്പെടും. പുതിയ വിഭാഗം ഉപയോക്താക്കൾ സൃഷ്ടിക്കപ്പെടും. വിമാന യാത്രികരിൽ 30 ശതമാനം പേരും മുതിർന്ന തലമുറയിൽപ്പെട്ടവരാകും. വാങ്ങൽ ശേഷിയുള്ള മധ്യവർഗമാകും പുതിയ സാങ്കേതികവിദ്യകൾ നിർണയിക്കുക. ഡിജിറ്റലൈസേഷനെന്നാൽ സോഫ്റ്റ്‌വെയറുകൾ പുതുക്കിയെഴുതുകയല്ല. ബിസിനസ് മോഡൽ തിരുത്തിയെഴുതുകയാണ്. മികച്ച ഓഫറുകളും സേവന നിരക്കുകളും നൽകുക, ആകർഷകമായ ക്യാംപെയ്നുകൾ ആവിഷ്കരിക്കുക തുടങ്ങി ബിസിനസ് മാതൃകയിൽ മാറ്റങ്ങൾ വരുത്താം. 

ഏതെങ്കിലും ഉൽപന്നത്തോടോ സ്ഥാപനത്തോടോ ഉപയോക്താക്കൾ എക്കാലവും കൂറു പുലർത്തുന്ന സാഹചര്യം ഇല്ലാതായി. ഓട്ടമേഷൻ ജോലികൾ ഇല്ലാതാക്കില്ല. എന്നാൽ, ജോലികളുടെ സ്വഭാവം മാറും. ഇന്നു കാണുന്ന പല ജോലികളും അപ്പോഴുണ്ടാകില്ല, പുതിയവ രൂപപ്പെട്ടുവരും.