Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം വരും കേരളത്തിലേക്ക്

future-kerala-discussion പാനൽ ചർച്ചയിൽ ക്രിസ്റ്റോഫ് മുള്ളർ, വി.കെ. മാത്യുസ്, നടേഷ് മാണിക്കോത്ത്, സ്വാതി ഖണ്ഡേൽവാൾ, ആന്റണി സത്യദാസ്, റോളണ്ട് ഷ്യൂസ് എന്നിവർ.

കൊച്ചി ∙ എന്താകും ഭാവിയിൽ സംഭവിക്കുക; അഥവാ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഡ്രൈവറില്ലാത്ത കാറുകൾ എത്തിത്തുടങ്ങി. ഇലക്ട്രിക് വാഹനങ്ങളും ബഹിരാകാശ ഗതാഗതവുമൊക്കെ സാധാരണ കാര്യങ്ങളായി മാറാൻ പോകുന്നു. മറ്റേതു മേഖലയിലെയും പോലെ ഗതാഗത, യാത്രാ മേഖലകളുടെ ഭാവി നിശ്ചയിക്കപ്പെടാൻ പോകുന്നതും ഉപയോക്താവിന്റെ താൽപര്യങ്ങൾക്കനുസരിച്ചാകുമെന്നു പാനൽ ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ. 

ക്രിസ്റ്റോഫ് മുള്ളർ (എമിറേറ്റ്സ് ഗ്രൂപ് ചീഫ് ഡിജിറ്റൽ ആൻഡ് ഇന്നവേഷൻ ഓഫിസർ) : ഉപയോക്താക്കളുടെ വ്യക്തിഗതമായ അനുഭവങ്ങളും സുരക്ഷയും അടിസ്ഥാനമാക്കി വളരാനും വളർച്ച നിലനിർത്താനുമുള്ള ശ്രമങ്ങളുമാണ് ഈ മേഖലയിലെ വ്യവസായങ്ങളിൽ നിന്നുണ്ടാകേണ്ടത്.

ആന്റണി സത്യദാസ് (ഇന്നവേഷൻ ഇൻകുബേറ്റർ സിഇഒയും മാനേജിങ് പാർട്ണറും) 

അഞ്ചോ പത്തോ വർഷത്തിനകം യുഎസിലെ ബോസ്റ്റണിൽ നിന്നു തിരുവനന്തപുരത്തെത്താൻ രണ്ടു മണിക്കൂറോ അതിൽ താഴെയോ സമയം മതിയായേക്കാം! സാങ്കേതിക വിജ്ഞാന കേന്ദ്രമായി മാറുകയും പ്രകൃതി നൽകിയ ആരോഗ്യകരമായ അന്തരീക്ഷം നിലനിൽക്കുകയും ചെയ്താൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ‘കേരള ഗ്രീൻകാർഡ്’ തേടിയെത്തുന്ന കാലമുണ്ടാകാം. 

വി.കെ. മാത്യൂസ് 

(സംസ്ഥാന സർക്കാരിന്റെ ഐടി ഉന്നതാധികാര സമിതി അംഗം) : ഇടനിലക്കാരില്ലാതെ ഉൽപന്നങ്ങൾ ഉപയോക്താവിലെത്തിക്കുക, കൊടുക്കൽ വാങ്ങലുകൾ സുഗമമാക്കുക, ഒരിടത്തുതന്നെ എല്ലാം ലഭിക്കുന്ന വെർച്വൽ സംവിധാനം സൃഷ്ടിക്കുക, സമ്പൂർണവും സുരക്ഷിതവുമായ ഉപയോഗത്തിലൂടെ വിശ്വാസ്യത ഉറപ്പാക്കുക എന്നിവയായിരിക്കും ട്രാവൽ, ട്രാൻസ്പോർട്ടേഷൻ വ്യവസായത്തിലുണ്ടാകാൻ പോകുന്ന പ്രവണതകൾ. 

റോളണ്ട് ഷുട്സ് 

(ലുഫ്ത്താൻസ ഗ്രൂപ് സിഐഒ) : യാത്രയ്ക്കു വേണ്ടി തയാറെടുപ്പു നടത്തുന്നതിനു പകരം തയാറാക്കി വച്ച യാത്രാ മൊഡ്യൂളാകും ഇനി ഉപയോക്താവ് ഇഷ്ടപ്പെടുക. ഡേറ്റ പൈറസി വലിയ പ്രശ്നമാണ്. സൈബർ സുരക്ഷ ഭാവിയിൽ വലിയ ജോലി സാധ്യതയുള്ള മേഖലയായി മാറും. 

നടേഷ് മാണിക്കോത്ത് (യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ചീഫ് ഡേറ്റ ഓഫിസർ)

ഡ്രോണുകൾ മുതൽ ബഹിരാകാശ വിക്ഷേപണ വാഹനങ്ങൾ വരെ നിർമിക്കാൻ ശേഷിയുള്ളവർ വിപണിയിൽ എത്തും. പൈലറ്റില്ലാ വിമാനങ്ങൾ വ്യാപകമാകും. ഭാവിയിൽ ജോലിയുടെ സ്വഭാവം മാറുമെന്നതിനാൽ വിദ്യാഭ്യാസ, നൈപുണ്യ വികസന രീതികളിൽ മാറ്റം വരണം.