Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിജിറ്റൽ സൗകര്യം പുതിയ വാതിൽ തുറക്കുന്നു : നന്ദൻ നിലേകനി

nandan-nilekani

കൊച്ചി ∙ മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട്, ആധാർ എന്നിവയുടെ ജനകീയത ഇന്ത്യയെ ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള പരിവർത്തനത്തിനു സജ്ജമാക്കിയിട്ടുണ്ടെന്നും നൂറു കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് ഇത് അദ്ഭുതാവഹമായ നേട്ടമാണെന്നും ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനി. മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട്, ആധാർ എന്നിവ രാജ്യത്തെ ഡിജിറ്റൽ അടിസ്ഥാന സൗകര്യത്തിന്റെ നെടുംതൂണുകളാണ്. ഡിജിറ്റൽ സംവിധാനത്തിനു വേണ്ട അടിത്തറ സജ്ജമായതോടെ നൂതന സൗകര്യങ്ങളിലേക്കുള്ള വാതിലാണു തുറന്നുകിട്ടിയിരിക്കുന്നത്.

സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും അർഹരിലേക്കു മാത്രം എത്തിക്കാനുതകുന്ന സംവിധാനം ഏർപ്പെടുത്താൻ കഴിഞ്ഞതും ഇലക്ട്രോണിക് പേയ്മെന്റ് സംവി​ധാനം വ്യാപകമാക്കാനായതും മറ്റും മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട്, ആധാർ എന്നിവ ജനകീയമായതുകൊണ്ടാണ്. യൂണിഫൈഡ് പേയ്മെന്റ് ഇന്റർ ഫെയ്സ് (യുപിഐ) നിലവിൽവന്നപ്പോൾ ഇടപാടുകളുടെ എണ്ണം ഒരു ലക്ഷം മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അത് 17.2 കോടിയായിരിക്കുന്നു. ഈ വർഷം അവസാനിക്കുമ്പോഴേക്ക് ഇടപാടുകൾ 100 കോടിയായി ഉയരുമെന്നാണു കണക്കാക്കുന്നത്.

ഭൗതിക ആസ്തികളിൽനിന്നു ധനപരമായ ആസ്തികളിലേക്കു നിക്ഷേപം മാറിക്കൊണ്ടിരിക്കുകയാണ്. ചരക്ക്, സേവന നികുതി (ജിഎസ്ടി) ഏർപ്പെടുത്താനായതു പോലും ഡിജിറ്റൽ സംവിധാനത്തിന്റെ പിന്തുണയിലാണ്.ഡേറ്റയുടെ കരുത്തിലാണ് ഈ വിപ്ലവം മുന്നേറുന്നതെന്നു നിലേകനി അഭിപ്രായപ്പെട്ടു.