Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാങ്കിങ്, ടെലികോം: വേർതിരിവ് ഇല്ലാതാകുന്നു

#Future-Panel-discussion പാനൽ ചർച്ചയിൽ രാജേഷ് റീജേ, ഗീത ഗോപിനാഥ്, ശ്യാം ശ്രീനിവാസൻ, ഷെറീൻ ഭാൻ, രാജേഷ് നായർ, ഗായത്രി പാർഥസാരഥി, ബി.ജി. ശ്രീനിവാസ് എന്നിവർ

കൊച്ചി ∙ സാങ്കേതിക വിദ്യകൾ വൻ മാറ്റങ്ങൾ സാധ്യമാക്കിയതോടെ ബാങ്കിങ്, ടെലികോം, റീട്ടെയ്ൽ രംഗങ്ങളെ വേർതിരിക്കുന്ന മതിലുകൾ ഇല്ലാതായെന്നു വിലയിരുത്തൽ. ബാങ്കിങ്, റീട്ടെയ്ൽ രംഗങ്ങൾ ഡിജിറ്റൽ മുന്നേറ്റത്തോടൊപ്പം വലിയ വെല്ലുവിളികളാണു നേരിടുന്നതെന്ന അഭിപ്രായവും വിദഗ്ധർ പങ്കുവച്ചു.

‘ഡിജിറ്റൽ ഫ്യൂച്ചർ ഓഫ് ബാങ്കി‌ങ്, ഫിനാൻസ് ആൻഡ് റീട്ടെയ്ൽ’ എന്ന പ്രമേയത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ശ്യാം ശ്രീനിവാസൻ, പിസിസിഡബ്ല്യു മാനേജിങ് ഡയറക്ടർ ബി.ജി. ശ്രീനിവാസ്, കെപിഎംജി ഇന്ത്യയുടെ ഫിനാൻഷ്യൽ സർവീസസ് മേധാവി ഗായത്രി പാർഥസാരഥി, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ്, ഏൺസ്റ്റ് ആൻഡ് യങ് മാർക്കറ്റിങ് സർവീസസ് ഡയറക്ടർ രാജേഷ് നായർ, റെഡ് ഹാറ്റ് ഇന്ത്യ മാനേജിങ് ഡയറക്ടർ രാജേഷ് റീജേ, ഷെറീൻ ഭാൻ എന്നിവർ പങ്കെടുത്തു. ചർച്ചയിൽ ഉയർന്നുവന്ന നിരീക്ഷണങ്ങൾ:

∙ സൈബർ സുരക്ഷയും വ്യവസായത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദ്രുതപരിണാമവുമാണു ബാങ്കിങ് മേഖല ഇപ്പോൾ നേരിടുന്ന വലിയ വെല്ലുവിളികൾ. ബാങ്കിങ്ങിനു പ്രാധാന്യമുണ്ടായിരിക്കുകയും ബാങ്കുകൾക്കു പ്രാധാന്യം ഇല്ലാതാകുകയും ചെയ്യുന്ന കാലം വിദൂരമല്ലെന്നു പറയാം.

∙ ഡിജിറ്റൽ സംവിധാനങ്ങളുടെ വ്യാപനം തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുകയല്ല മെച്ചപ്പെടുത്തുകയാണു ചെയ്യുന്നത്. യുഎസിൽ എടിഎമ്മുകൾ ആരംഭിച്ചപ്പോൾ തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്ന ഭീതി പടരുകയുണ്ടായി. ബാങ്കുകളിൽ തൊഴിലവസരങ്ങൾ വൻതോതിലാണു വർധിച്ചത്.

∙ ‘കോഫി ഷോപ് ബാങ്കിങ്’ പോലുള്ള നവീന ആശയങ്ങൾ വ്യാപകമായാണു പരീക്ഷിക്കപ്പെടുന്നത്. ഇതു ബാങ്കിങ് രംഗത്തിന്റെ സ്വാഭാവംതന്നെ മാറാൻ ഇടയാക്കും.