Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം ബാറ്ററി വാഹനങ്ങളിലേക്കു മാറണം

future-battery-vehicle പാനൽ ചർച്ചയിൽ വിനോദ് വാസുദേവൻ, ഹരീഷ് കൃഷ്ണൻ, ഡിനു ജോസഫ്, സാഗരിക ഘോഷ്, സുബ്രഹ്മണ്യൻ രംഗൻ, തോമസ് സക്കറിയ, എസ്.ഡി. ഷിബുലാൽ എന്നിവർ.

കൊച്ചി ∙ കേരളം വെള്ളം ഉൾപ്പെടെയുള്ളവയുടെ പുനരുപയോഗം വർധിപ്പിക്കണം, സ്മാർട് സിറ്റി പോലെ സ്മാർട് ഗ്രാമങ്ങൾ വരണം, മലിനീകരണം കുറയ്ക്കാൻ ബാറ്ററി വാഹനങ്ങളിലേക്കു മാറണം...ഡിജിറ്റൽ കേരള സമ്മേളനത്തിൽ വിദഗ്ധർ കേരളത്തിന്റെ ഭാവിക്കു വേണ്ട മാറ്റങ്ങളും നിരത്തി.

ഭൂലഭ്യത കുറവായതിനാൽ റോഡുകൾ ഒരുപാടു നിർമിക്കാൻ കഴിയില്ല, അതിനാൽ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയാണു വേണ്ടത്. വാഹന ഉടമസ്ഥതയ്ക്കു പകരം സംയുക്ത ഉപയോഗം വരണം. വെള്ളം ഉൾപ്പെടെ എല്ലാം പുനരുപയോഗിക്കാനും സംവിധാനം ഉണ്ടാകണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. മാലിന്യ സംസ്കരണത്തിനു പുതിയ രീതികൾ ഇനിയും വൈകിക്കൂട.

കേരളത്തിന് ഇന്ത്യയുടെ  തന്നെ വിജ്ഞാന തലസ്ഥാനമാകാൻ കഴിയുമെന്ന് സിസ്കോ സിസ്റ്റംസ് പബ്ലിക് അഫയേഴ്സ് മാനേജിങ് ഡയറക്ടർ  ഹരീഷ് കൃഷ്ണൻ പറഞ്ഞു.   ഡിജിറ്റൽ സമൂഹമായി മാറാൻ ഏറ്റവും സാധ്യതയുള്ളതു കേരളത്തിനാണെന്ന് ഓക്റിഡ്ജ് നാഷനൽ ലാബ് ഡയറക്ടർ തോമസ് സക്കറിയ പറഞ്ഞു. 

കേരളം പല നഗരങ്ങളോ ഗ്രാമങ്ങളോ അല്ല. വടക്കു മുതൽ തെക്കു വരെ ഒറ്റ നഗരമാണെന്ന് ഫ്ലൈടെക്സ്റ്റ് സിഇഒ വിനോദ് വാസുദേവൻ ചൂണ്ടിക്കാട്ടി. ടൂറിസം വികസനവും കേരളത്തിൽ സുസ്ഥിരമായിരുന്നാൽ മാത്രമേ നിലനിൽക്കുകയുള്ളുവെന്ന് ഇൻസീഡ് പ്രഫസർ സുബ്രഹ്മണ്യൻ രംഗൻ പറഞ്ഞു. ദുബായിൽ 2020 ആകുമ്പോഴേക്കും എല്ലാ ഓഫിസിലും ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഏർപ്പെടുത്തുകയാണെന്ന് ഡോവർ കോർപറേഷൻ സിഐഒ ഡിനു ജോസഫ് പാറേൽ ചൂണ്ടിക്കാട്ടി. 

ഐടി സേവനങ്ങൾ ലോകമാകെ നൽകുന്നതിൽ മാതൃക സൃഷ്ടിച്ച ഇന്ത്യയ്ക്ക് മറ്റു രംഗങ്ങളിലും മുന്നേറാൻ കഴിയുമെന്ന് ഐടി ഉന്നതാധികാര സമിതി ചെയർമാൻ എസ്.ഡി. ഷിബുലാൽ പറഞ്ഞു.