Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഫ്യൂച്ചര്‍’ മുന്നേറ്റത്തിനു കര്‍മപദ്ധതി

#Future-summit-Ramesh-Kannamthanam കൊച്ചിയിൽ #ഫ്യൂച്ചർ സമ്മേളനത്തിന്റെ സമാപനച്ചടങ്ങിനെ ത്തിയ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വേദിയിലേക്ക് കയറുന്നു.

കൊച്ചി ∙ ഹാഷ് ഫ്യൂച്ചർ ഉച്ചകോടിയുടെ തുടർച്ചയായി ഡിജിറ്റൽ രംഗത്ത് മുന്നേറാൻ സംസ്ഥാന സർക്കാർ കർമപദ്ധതി തയാറാക്കുന്നു. ഫ്യൂച്ചറിൽ പങ്കെടുത്ത വിദഗ്ധർ മുന്നോട്ടുവച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ ഐടി ഉന്നതാധികാരസമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കാനുള്ള മാർഗനിർദേശങ്ങളും റിപ്പോർട്ടിലുണ്ടാകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും റിപ്പോർട്ട് തയാറാക്കുക. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഡിജിറ്റൽ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയവരുമായി സ്ഥിരമായി ആശയവിനിമയത്തിന് ഡിജിറ്റൽ സംവിധാനമൊരുക്കും. രണ്ടാം ഉച്ചകോടിക്കുള്ള മുന്നൊരുക്കങ്ങളും ഉടൻ തുടങ്ങും. വിവിധ രാജ്യങ്ങളിൽ സാങ്കേതികമേഖലയിൽ ഉയർന്ന പദവികൾ വഹിക്കുന്ന മുഴുവൻ പേരെയും ഉച്ചകോടിയിൽ പങ്കെടുപ്പിക്കുകയും അതിലൂടെ അവരുടെ വൈദഗ്ധ്യം കേരളത്തിന്റെ വികസനത്തിനു പ്രയോജനപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു. 

ഭാവിയിലെ മാറ്റങ്ങൾക്കനുസരിച്ച് മാറേണ്ടതുണ്ടെന്ന ചർച്ച തുടങ്ങിവയ്ക്കാൻ കഴിഞ്ഞു എന്നതാണ് ഫ്യൂച്ചർ ഉച്ചകോടിയുടെ ഏറ്റവും വലിയ നേട്ടമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് അറിയപ്പെടുന്ന സാങ്കേതികവിദഗ്ധരെ കൊണ്ടുവരാനും കേരളത്തിൽ നടക്കുന്ന മാറ്റങ്ങൾ ബോധ്യപ്പെടുത്താനും കഴി‍ഞ്ഞു. കേരളത്തിലുള്ള സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള സംരംഭകർക്ക് ഈ വിദഗ്ധരുമായി ചർച്ച നടത്താനുള്ള അവസരം ലഭിച്ചു. 

ആരോഗ്യമേഖലയിൽ ഉൾപ്പെടെ നവസാങ്കേതികവിദ്യകളുടെ വിനിയോഗത്തിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ കമ്പനികൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് വിദേശസർവകലാശാലകളുമായി പങ്കാളിത്തത്തിനുള്ള സഹായവും കമ്പനികൾ ലഭ്യമാക്കും. ഇതിനായി കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തന റിപ്പോർട്ട് ഫ്യൂച്ചറിൽ പങ്കെടുത്ത കമ്പനി അധികൃതർക്കു കൈമാറും. 

മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ ഉയർന്നുവന്ന നിർദേശങ്ങൾ പ്രായോഗികമായി നടപ്പാക്കാനുള്ള നടപടികൾ ഉടൻ തുടങ്ങും. ഫ്യൂച്ചർ ആദ്യ എഡിഷനിലെ തീരുമാനങ്ങൾ സർക്കാർ ക്രിയാത്മകമായി നടപ്പാക്കിയാൽ മാത്രമേ അടുത്ത എഡിഷൻ കൂടുതൽ വിജയകരമായി നടത്താനാകൂ എന്നും ശിവശങ്കർ പറഞ്ഞു. 

ഉച്ചകോടിയിൽ നടന്ന ചർച്ചകളുടെ വിഡിയോ ഇന്റർനെറ്റ് വഴി എല്ലാവർക്കും ലഭ്യമാക്കുമെന്ന് ഐടി ഉന്നതാധികാരസമിതി അംഗം ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു. ഉച്ചകോടിക്കായി തയാറാക്കിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ആശയങ്ങൾക്കും നിർദേശങ്ങൾക്കുമായി നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ഐടി രംഗത്തു ശോഭിക്കാനുള്ള എല്ലാ അവസരവും കേരളത്തിനുണ്ടെന്നും അതിനായി കേന്ദ്രസർക്കാർ പിന്തുണ നൽകുമെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു. ഫ്യൂച്ചർ ഡിജിറ്റൽ ഉച്ചകോടിയുടെ സമാപനസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ വിപ്ലവമാണ് ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്നത്. 125 കോടി ജനങ്ങളുടെ വിവരശേഖരണം നടത്തുകയും അവർക്ക് ആധാർ കാർഡുകൾ വിതരണം ചെയ്തതും ചെറിയ കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ആധാർ വിവരങ്ങൾ ചോർത്തിയെന്ന വിമർശനത്തിന് പ്രസക്തിയില്ല. ഒരു ടെലിഫോൺ ഡയറക്ടറിയിൽ ഉള്ളതിൽ കൂടുതൽ വിവരം ആർക്കും ആധാറിൽ നിന്ന് ചോർത്താനാകില്ല. ബയോമെട്രിക് വിവരങ്ങൾക്ക് പൂർണ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യാ മുന്നേറ്റത്തിൽ കർമ്മശേഷിയും സർഗശേഷിയും സമൂഹം മറന്നു പോകരുത്. ഡിജിറ്റൽ ഉച്ചകോടിയോടെ സാങ്കേതികവിദ്യാരംഗത്ത് സംസ്ഥാനം മുൻപന്തിയിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പിന്തുണയ്ക്കാന്‍ ഒറ്റക്കെട്ട്

കൊച്ചി ∙ ഡിജിറ്റൽ സമൂഹമായി മാറാനുള്ള കേരളത്തിന്റെ സ്വപ്നങ്ങൾക്ക് വഴികാട്ടിയായി മാറിയ #ഫ്യൂച്ചർ ഉച്ചകോടി സമാപിച്ചു. കക്ഷിരാഷ്ട്രീയഭേദമെന്യേ കേരളത്തിന്റെ ഡിജിറ്റൽ വികസനത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന നേതാക്കളുടെ ഉറപ്പിന്റെ ഊർജത്തിലാണ് ഫ്യൂച്ചർ ഉച്ചകോടിയുടെ ആദ്യ എഡിഷൻ സമാപിച്ചത്. 

ഫ്യൂച്ചർ ഉച്ചകോടിയുടെ തുടർച്ചയായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് സമാപനസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ നിക്ഷേപത്തിനെത്തുന്നവർക്ക് എല്ലാ സൗകര്യവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിന്റെ ഡിജിറ്റൽ വികസനത്തിന് കേന്ദ്രസർക്കാരിന്റെ പൂർണപിന്തുണ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം വാഗ്ദാനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട എന്ത് ആവശ്യവും കേരളത്തിനു തന്നോട് ഉന്നയിക്കാമെന്നും കഴിയാവുന്ന എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. നാസ്കോം പ്രസിഡന്റ് ആർ. ചന്ദ്രശേഖർ, കെപിഎംജി ചെയർമാൻ അരുൺ കുമാർ, ഐടി ഉന്നതാധികാരസമിതി അംഗം ക്രിസ് ഗോപാലകൃഷ്ണൻ, സ്മാർട് സിറ്റി കൊച്ചി സിഇഒ മനോജ് നായർ എന്നിവർ പ്രസംഗിച്ചു.