Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐടി പട്ടാളം

dreamster-team പ്രനീഷ്, സന്തോഷ് സുമേഷ്, അനൂപ് തമ്പി, സുബിലാൽ എന്നിവർ

കൊച്ചി∙ വിമുക്ത ഭടൻ എന്നു കേൾക്കുമ്പോൾ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനോ, റോഡിലെ ഹോംഗാഡോ ആകാം ആദ്യം മനസിലേക്ക് ഓടിവരിക. ഓഫിസർ റാങ്കിനു താഴെ സേനയിൽനിന്നു വിരമിക്കുന്നവരിൽ നല്ലൊരു പങ്കും ശേഷിച്ച കാലം ഉപജീവനത്തിനായി തിരഞ്ഞെടുക്കുന്നത് ഈ മേഖലകളിലൊന്നാണ്.

എന്നാൽ ഈ പതിവ് തെറ്റിക്കുകയാണ് ഇന്ത്യൻ നാവികസേനയിൽനിന്നു സെയിലറായി വിരമിച്ച നാലു ചെറുപ്പക്കാർ. ഐടി കമ്പനി തുടങ്ങിക്കൊണ്ടാണു വിമുക്തഭടൻമാർക്കിടയിൽ ഇവർ പുതിയ തൊഴിൽമേഖല തുറന്നിരിക്കുന്നത്. ഐടി പഠന പശ്ചാത്തലം ആർക്കുമില്ല. നാവികസേനയിലെ ജോലിക്കിടെ ആർജിച്ച ഐടി പരിചയമാണ് ഇവരുടെ കൈമുതൽ. 

കേരളത്തിൽ സ്ഥിരവരുമാനമുള്ള ഒരു ജോലി കിട്ടുന്ന ശരാശരി പ്രായം മുപ്പതാണ്. പതിനഞ്ചും വർഷത്തെ സർവീസ് കഴിഞ്ഞ് സേനയിൽനിന്നു യുവാക്കൾ വിരമിച്ചു തിരിച്ചെത്തുന്നതും അവരുടെ മുപ്പതുകളിലാണ്.

തങ്ങളുടെ യൗവനം വെറുതേ വെയിലുകൊണ്ടു കളയേണ്ടതല്ലെന്ന തിരിച്ചറിവാണ് സുബിലാൽ (32), സന്തോഷ് സുമേഷ് (33), എ.വി. പ്രനീഷ് (32), അനൂപ് തമ്പി (37) എന്നിവരെ ഡ്രീംസ്റ്റർ സോഫ്റ്റ്‌വെയർ ടെക്നോളജീസ് തുടങ്ങാൻ പ്രേരിപ്പിച്ചത്. തൃപ്പൂണിത്തുറയിലാണ് ഓഫിസ്. കമ്പനികളുടെ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് ജോലികൾ ഏറ്റെടുത്തു ചെയ്തുകൊടുക്കുന്നതിനൊപ്പം വിമുക്തഭടൻമാർക്ക് ഇത്തരം സ്ഥാപനം തുടങ്ങാനുള്ള പരിശീലനവും ഡ്രീംസ്റ്റർ നൽകും. 

ഗുരുവായൂർ സ്വദേശി സുബിലാലും കൊല്ലം സ്വദേശി സന്തോഷും കോഴിക്കോട് സ്വദേശി പ്രനീഷും 15 വർഷത്തെ സേവനത്തിനുശേഷമാണു വിരമിച്ചത്. പത്താംക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞ് പതിനേഴാമത്തെ വയസിൽ സേനയിൽ കയറിയതാണ്. ഇതിനിടെ സുബിലാലും പ്രനീഷും ബിബിഎ ബിരുദവും സന്തോഷ് ബിഎ ബിരുദവും നേടി.

മൂവാറ്റുപുഴക്കാരൻ അനൂപ് തമ്പിക്ക് 20 വർഷത്തെ സർവീസുണ്ട്. എംസിഎ ബിരുദധാരി. എല്ലാവരും കഴിഞ്ഞ ഒരു വർഷത്തിനിടെ വിരമിച്ചവർ. അന്നു മുതൽ കണ്ടു തുടങ്ങിയ സ്വപ്നമാണു ഡ്രീംസ്റ്റർ എന്ന പേരിൽ യാഥാർഥ്യമായത്. ഇന്ത്യൻ സായുധ സേനയുടെ റിയൽ ടൈം ആപ്ലിക്കേഷനിൽ ഐടി പരിശീലനം ലഭിച്ചവരാണ് എല്ലാവരും. സോഫ്റ്റ്‌വെയർ ഉപയോഗത്തിലായാലും സേനയിലെ ഭാഷയും പ്രയോഗവുമെല്ലാം വ്യത്യസ്തമാണ്.

ഓരോ മേഖലയിലും പ്രത്യേക പരിശീലനം ലഭിച്ചവർ സേനയിൽനിന്നു വിരമിച്ചു പുറത്തുവരുമ്പോൾ അതേ മേഖല തന്നെ തിരഞ്ഞെടുത്താൽ വിമുക്ത ഭടൻമാർക്ക് ഒട്ടേറെ തൊഴിലവസരങ്ങളുണ്ടാകും അതിനൊരു തുടക്കമിടുകയാണു തങ്ങൾ ചെയ്യുന്നതെന്ന് ഇവർ പറയുന്നു.