Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യ വിളിക്കുന്നു ലോക കപ്പ് കാണാൻ

russia-stadium

വരുന്നോ ലോക കപ്പിന്? ചോദ്യം റഷ്യയിൽ നിന്നാണ്. ഒരുകാലത്തു കമ്യൂണിസം ക്ഷണിച്ച നാട്. എഴുത്തുകാരിലൂടെയും അവരുടെ കഥാപാത്രങ്ങളിലൂടെയും സ്വാധീനിച്ച സോവിയറ്റ് യൂണിയൻ. കേരളത്തിൽ കളിച്ച റിനറ്റ് ദസായേവ് ഉൾപ്പെടെയുള്ള ഫുട്ബോൾ താരങ്ങൾ കൊതിപ്പിച്ച റഷ്യ. ഇപ്പോൾ വിളിക്കുന്നതും ഫുട്ബോളിന്റെ പേരിലാണ്.  ലോകകപ്പ് ഫുട്ബോൾ ഫൈനൽ റൗണ്ടിന് റഷ്യ വേദിയാകുന്നു. ജൂൺ 15 മുതൽ ജൂലൈ 15 വരെ.

റഷ്യയി‍ലെ 11 നഗരങ്ങളിലായി അരങ്ങേറുന്ന ലോകകപ്പിനു പോയിവരാൻ എളുപ്പമാണ്. പണം കുറെ ചെലവാകുമെന്നുമാത്രം. പണ്ടൊക്കെ ലോകകപ്പിനു പോകാൻ പണം കുറേയധികം വേണമായിരുന്നു. ലോകകപ്പ് സഞ്ചാരി അതീവ സമ്പന്നൻ ആകണമെന്നില്ല എന്നതാണു റഷ്യയുടെ സന്ദേശം. ലോകകപ്പ് യാത്രാച്ചെലവിൽ മുഖ്യം വിമാന ടിക്കറ്റ് നിരക്കാണ്. കൊച്ചിയിൽനിന്നു മോസ്കോയിൽ പോയിവരാൻ ഇപ്പോഴത്തെ നിരക്ക് നാൽപതിനായിരം രൂപയിൽ അധികമാവില്ല. എന്നാൽ ലോകകപ്പ് നാളുകളായ ജൂൺ–ജൂലൈ യൂറോപ്പിൽ വേനലാണ്. അവധിയാണ്. ഉല്ലാസമാണ്. ലോകമെങ്ങുമുള്ള ഫുട്ബോൾ തീർഥാടകർ റഷ്യയിലേക്കു നീങ്ങും. ഇപ്പോൾത്തന്നെ മോസ്കോയിലേക്ക് ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റ് എടുത്താലും അറുപതിനായിരത്തിലധികമാകും.

ചെലവിന്റെ പട്ടികയിൽ ഏവരും ഉറ്റുനോക്കുന്നതു മാച്ച് ടിക്കറ്റിന്റെ വിലയാണ്. പല ഘട്ടങ്ങളിലായി ലോകകപ്പ് ടിക്കറ്റ് വിൽപന മുന്നേറിക്കഴിഞ്ഞു. ഇക്കഴിഞ്ഞ 13ന് ആരംഭിച്ച ‘ആദ്യം വരുന്നവർക്ക് ആദ്യം’ എന്ന നയം അനുസരിച്ചുള്ള വിൽപന ഏപ്രിൽ മൂന്നു വരെയുണ്ടാകും. അതിനുശേഷം ‘ലാസ്റ്റ് മിനിറ്റ്’ വിൽപന ഏപ്രിൽ 18നു തുടങ്ങും. അതു ഫൈനൽ ദിനമായ ജൂലൈ 15 വരെയാണ്. ഇന്ത്യൻ ടീം ലോകകപ്പിന്റെ പരിസരത്തുപോലും ഇല്ലെങ്കിലും ടിക്കറ്റ് വാങ്ങുന്നവരുടെ എണ്ണത്തിൽ ഇന്ത്യക്കാർ ആദ്യ പത്തു റാങ്കിലുണ്ട്. 

ആദ്യഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കുറഞ്ഞ വിഭാഗം ടിക്കറ്റിന് ഏഴായിരം രൂപയാകും. രണ്ടാം റൗണ്ട് മുതൽ വിലകൂടും. മോസ്കോയിൽ നടക്കാനിരിക്കുന്ന ഫൈനലിന്റെ ഏറ്റവും കൂടിയ ടിക്കറ്റിനു വില എത്രയെന്നോ?  ഏതാണ്ട്  മുക്കാൽ ലക്ഷം രൂപ. അതൊരു ആഡംബര ടിക്കറ്റ് തന്നെയാണ്. ഭക്ഷണ പാനീയങ്ങളും ആഡംബര കാറിൽ നഗരയാത്രയുമെല്ലാം ഉൾപ്പെടും.

ലോകകപ്പ് നാളുകളിലെ താമസച്ചെലവ്: മോസ്കോയിൽ പഞ്ചനക്ഷത്ര മുറിക്ക് രാത്രിയൊന്നിന് 20,000 രൂപ മുതൽ 25,000 രൂപവരെയാകും. സെന്റ് പീറ്റേഴ്സ്ബർഗിൽ 17,000 രൂപയ്ക്കു പഞ്ചനക്ഷത്ര മുറി കിട്ടും. സാധാരണ മുറിക്ക് മോസ്കോയിൽ പ്രതിദിന വാടക ഏഴായിരം രൂപയ്ക്കു മുകളിലാണ്. മോസ്കോയിൽനിന്നു മറ്റു നഗരങ്ങളിലേക്ക് ലോകകപ്പ് കാണാൻ പോകണമെങ്കിൽ മാച്ച് ടിക്കറ്റ് ഉള്ളവർക്കു ട്രെയിൻ യാത്ര സൗജന്യമാണ്. മൽസര ദിനങ്ങളിൽ അതതു നഗരങ്ങളിലെ മെട്രോ യാത്രയ്ക്കും കാശുകൊടുക്കേണ്ടതില്ല. 

വീസ വേണ്ട

ലോകകപ്പ് സഞ്ചാരികൾക്കു റഷ്യയിൽ പ്രവേശിക്കാൻ വീസ വേണ്ട. അതിന്റെ അപേക്ഷയ്ക്കായി ഓടി നടക്കുകയോ പലവിധ ഫോമുകൾ പൂരിപ്പിക്കുകയോ വേണ്ട. ഫിഫ വെബ്സൈറ്റ് വഴി മാച്ച് ടിക്കറ്റ് ഉറപ്പാക്കിയാൽ അവിടെനിന്നു കിട്ടുന്ന നമ്പർ സഹിതം അപേക്ഷിക്കുക. വീസയ്ക്കു പകരക്കാരനായ ഫാൻ ഐഡി എന്ന കാർഡ് കേരളത്തിൽ എത്തിച്ചുതരും. പിന്നാലെ ടിക്കറ്റും കുറിയർ വഴിയെത്തും. ഫാൻ ഐഡി റഷ്യൻ സർക്കാരും ടിക്കറ്റ് ഫിഫയുമാണ് വേവ്വേറെ വഴികളിൽ അയച്ചുതരുന്നത്.

ദൈനംദിന ചെലവുകൾ

∙ബെഡ് ആൻഡ് ബ്രേക്ഫാസ്റ്റ്, ഹോസ്റ്റലുകൾ എന്നിവയിൽ ഇപ്പോഴേ മുറി ഉറപ്പാക്കുക. 5000 രൂപയിൽത്താഴെ വാടകയ്ക്കു രണ്ടു പേർക്കുള്ള മുറി കിട്ടും. 

∙ആർഭാടമില്ലാത്ത ഭക്ഷണശാലകളിൽ ഉച്ചഭക്ഷണം 450 രൂപ.

∙ഫാസ്റ്റ് ഫുഡ് കോംബോ 300 രൂപ.

∙പബ്ബി‍ൽ അത്താഴം 1200 രൂപ.

∙രണ്ടു പേർക്ക് രണ്ടു നേരം കഴിക്കാൻ ബ്രെഡ് 30 രൂപ 

∙എട്ടു കിമീ ടാക്സിയാത്ര: 450 രൂപ

∙ഒരു ട്യൂബ് ടൂത്ത് പേസ്റ്റ് 100 രൂപ

∙സിനിമാ ടിക്കറ്റ് 400 രൂപ

∙ഒരു കിഗ്രാം ആപ്പി‍ൾ 100 രൂപ

∙റഷ്യൻ ബീയർ (സൂപ്പർ മാർക്കറ്റിൽ) 65 രൂപ

∙ബീയർ (പബ്ബിൽ) 300 രൂപ.

∙ഒരു ലീറ്റർ വോഡ്ക 360 രൂപ

∙ഒരു പായ്ക്കറ്റ് സിഗരറ്റ്: 110 രൂപ

കാണാൻ

∙കൊട്ടാരങ്ങൾ, കത്തീഡ്രലുകൾ, പള്ളികൾ, മ്യൂസിയങ്ങൾ.

∙ടോൾസ്റ്റോയിയുടെ വീട് ഉൾപ്പെടെ സാഹിത്യ സ്മാരകങ്ങൾ

∙ക്രെംലിൻ, ചുവപ്പു ചത്വരം

∙സെന്റ് പീറ്റേഴ്സ്ബർഗിലെ വോഡ്ക മ്യൂസിയം.

∙വോൾഗാ നദി.

related stories