Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിഗവേഷകർ കൊച്ചിയിൽ

yashraj-yuvraj യഷ് രാജും യുവ്‌ രാജും

കൊച്ചി∙  18 വയസിൽ 15 പേറ്റന്റ് അപേക്ഷകൾ ഫയൽ ചെയ്ത ഗവേഷകരായ യഷ് രാജും യുവ്‌ രാജും പ്രവർത്തനമേഖല കൊച്ചിയിലേക്കും വ്യാപിപ്പിക്കുന്നു.

അവരുടെ സെനിത് വൈപേഴ്സ് കമ്പനി കോ–വർക്കിങ് സ്പേസ് ഒരുക്കുന്ന ഇൻക്യു ഇന്നവേഷനുമായി ധാരണാപത്രം ഒപ്പുവച്ചു.  കൊച്ചിയുടെ വലിയ പ്രശ്നങ്ങൾക്കു  പരിഹാരം കാണാനുള്ള ഗവേഷണമാണു നടത്തുക. നഗരത്തിലെ ട്രാഫിക് ബ്ലോക്കും  കൊതുകുശല്യവുമെല്ലാം  ഈ മിടുക്കൻമാരുടെ ഗവേഷണ വിഷയങ്ങളാകും. വടക്കേ ഇന്ത്യയിൽ ധാരാളമായി ലഭിക്കുന്ന തിന ഉപയോഗിച്ച് മലിനജലം ഏറ്റവും ചിലവുകുറഞ്ഞ രീതിയിൽ ശുദ്ധീകരിച്ചതുൾപ്പടെ സാമൂഹികപ്രശ്നങ്ങൾക്കു പരിഹാരം കാണുന്ന യഷിന്റെയും യുവിന്റെയും ഗവേഷണങ്ങൾ കൊച്ചിക്കാർക്കും വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്.

∙ട്രോഫിക് ബ്ലോക്ക്, മാലിന്യം, കൊതുക്

കൊച്ചി നേരിടുന്ന മൂന്നു പ്രശ്നങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച്, ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുമെന്ന് യുവ് രാജും യഷ് രാജും പറയുന്നു. അഴിയാത്ത ട്രാഫിക് കുരുക്ക്, മാലിന്യപ്രശ്നം, കൊതുക് ശല്യവും മഴക്കാല പകർച്ചവ്യാധി വ്യാപനവും എന്നിവയാണ് യുവഗവേഷരുടെ മേഖലകളിൽ ചിലത്. ജില്ലാ കലക്ടറുമായി അവർ ചർച്ച നടത്തുകയും ചെയ്തു. കലക്ടർ അനുകൂലമായി പ്രതികരിച്ചെന്ന് അവർ പറഞ്ഞു.

∙കൊച്ചി–ഇന്നവേഷൻ ഹബ്

കൊച്ചിയും ബെംഗളൂരുവും കേന്ദ്രീകരിച്ച് റിസർച് ലാബുകളും റിസർച് ഹബുകളും തുടങ്ങുന്നതിനാണു ധാരണാപത്രമെന്ന് ഇൻക്യു ഇന്നവേഷൻ സഹസ്ഥാപകൻ ഇർഫാൻ മാലിക് പറയുന്നു.

∙യഷ് രാജ്, യുവ് രാജ്

പന്ത്രണ്ടാം വയസ്സിൽ റിസർചും ഇന്നവേഷനും തുടങ്ങിയ ഇരട്ടസഹോദരന്മാരാണ് ഡൽഹിക്കാരായ യുവ്‌രാജ് ഭരദ്വാജും യഷ്‌രാജ് ഭരദ്വാജും. ഇപ്പോൾ 18 വയസ്. പത്മ പുരസ്കാരത്തിനു ശുപാർശ ലഭിച്ച രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആളുകൾ എന്നു മാത്രമല്ല, ഇവർക്കുള്ള വിശേഷണങ്ങൾ. 2016ൽ കർമവീർ പുരസ്‌കാരം ലഭിച്ചു. ഡൽഹിയിലും മുംബൈയിലുമായുള്ള ഇവരുടെ ഗവേഷണ സ്ഥാപനങ്ങളിൽ നാൽപ്പതോളം ഗവേഷകർ ജോലി ചെയ്യുന്നു. 3ഡി പ്രിന്റിങ്ങിൽ ഗവേഷണം നടത്തുന്ന ഒൻപതുകാരനുൾപ്പെടെ ഇവരുടെ ശരാശരി പ്രായം 19 വയസാണ്. ഡിഗ്രി വേണ്ടാത്ത ഗവേഷണം എന്നാണ് ഇവരുടെ ഗവേഷണ സ്ഥാപനത്തിന്റെ മുദ്രാവാക്യം.

സെനിത് വൈപേഴ്സ് കമ്പനി കൂടാതെ എൻഷുർ ഇക്വിറ്റി എന്ന പേരിൽ ഇക്വിറ്റി സ്ഥാപനവും ഇവർ തുടങ്ങിക്കഴിഞ്ഞു. സയൻസ് ഫിക്‌ഷനുകളും ഇന്റർനെറ്റിലൂടെ ലഭിക്കുന്ന അനന്തമായ അറിവുമാണ് ഇവരെ കണ്ടുപിടിത്തങ്ങളുടെയും ഗവേഷണത്തിന്റെയും ലോകത്തേക്ക് ആകർഷിച്ചത്. 

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണു ജലശുദ്ധീകരണ സംവിധാനം വികസിപ്പിച്ചെടുക്കുന്നത്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫെയ്‌സുണ്ടാക്കി. നിലവിൽ 24 ഗവേഷണ പദ്ധതികളുണ്ട്. 

കോ–വർക്കിങ് സ്‌പേസുകളുണ്ടാക്കുക, ഗവേഷണങ്ങൾക്കു സാഹചര്യമുണ്ടാക്കുക, സർക്കാരിനേയും വിപണിയേയും സമൂഹത്തേയും ലക്ഷ്യമിട്ട് സാമൂഹിക പ്രശ്നങ്ങൾക്ക് സയൻസിലൂടെയും സാങ്കേതികവിദ്യയിലൂടെയും പ്രതിവിധികൾ നൽകുക - ഇതാണ് ഇൻക്യു ഇന്നവേഷനുമായി ചേർന്ന് ഇവർ നടത്താൻ പോകുന്ന പ്രവർത്തനങ്ങൾ. കേരളത്തിലെ ആദിവാസി മേഖലകളിൽ വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളുമെത്തിക്കാനുള്ള പദ്ധതികളെക്കുറിച്ചും ഇവർ ഗവേഷണം നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.