Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണ പൂർവേഷ്യ ഊബറിനെ ഗ്രാബ് കൈപ്പിടിയിലാക്കി

uber-grab

ന്യൂഡൽഹി ∙ ഓൺലൈൻ ടാക്സി കമ്പനിയായ ഊബർ ദക്ഷിണ പൂർവേഷ്യ ബിസിനസ് വിറ്റഴിക്കുന്നു. സിംഗപ്പൂർ ആസ്ഥാനമായ ഗ്രാബ് ഓൺലൈൻ ടാക്സി, ഭക്ഷണ വിതരണ ബിസിനസ് എന്നിവയാണ് എതിരാളികളായ ഗ്രാബ് കൈപ്പിടിയിലൊതുക്കുന്നത്. യുഎസ് ആസ്ഥാനമായ ഊബറിന് പുതിയ ബിസിനസ് സംരംഭത്തിൽ 27.5% പങ്കാളിത്തം ലഭിക്കും. 

എന്നാൽ, ദക്ഷിണ പൂർവേഷ്യയിലെ ബിസിനസ് വിൽക്കുന്നതു മൂലം ഊബറിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളെ ബാധിക്കുകയില്ലെന്നു കമ്പനി വൃത്തങ്ങൾ പറഞ്ഞു. ഊബറിന്റെ പ്രധാന വിപണിയാണ് ഇന്ത്യ. വിൽപനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഇന്ത്യ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക തുടങ്ങിയ വിപണികളിൽ പ്രവർത്തനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. എൻജിനീയറിങ്, ഉൽപന്ന വികസനം എന്നീ മേഖലകളിൽ നിക്ഷേപം നടത്താനും ഊബറിന് പദ്ധതിയുണ്ട്. 2016 ഒക്ടോബറിൽ ഊബറിന്റെ ചൈനയിലെ ബിസിനസ്, ചൈനീസ് ടാക്സി സേവന ദാതാക്കളായ  ഡിഡി സ്വന്തമാക്കിയിരുന്നു. 

ചൈനയിൽ വിപണി മേധാവിത്തം നേടാൻ ഏറെ നാളായി കടുത്ത മൽസരത്തിലായിരുന്നു ഡിഡി യും ഊബറും. 3500 കോടി ഡോളറിനാണ് ഡിഡി, ഊബറിനെ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഊബറിന്റെ റഷ്യയിലെ പ്രവർത്തനം യാൻഡെക്സുമായി ലയിപ്പിച്ചിരുന്നു.

2015 ൽ ഇന്ത്യയിൽ 100 കോടി ഡോളറിന്റെ നിക്ഷേപമാണ് ഊബർ നടത്തിയത്. ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഊബറിൽ 100 കോടി ഡോളറും നിക്ഷേപിച്ചിരുന്നു. 2012 ൽ ആരംഭിച്ച ഗ്രാബ്, ദക്ഷിണ പൂർവേഷ്യൻ വിപണിയിൽ ഊബറിനു കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇന്തൊനീഷ്യ, സിംഗപ്പൂർ, മലേഷ്യ, ഫിലിപ്പീൻസ്, തായ്‌ലൻഡ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ ഗ്രാബിന് ശക്തമായ സാന്നിധ്യമുണ്ട്. 2025 ആകുന്നതോടെ 1310 കോടി ഡോളറിന്റെ വിപണിയായി ഓൺലൈൻ ടാക്സി വിപണി വളരുമെന്നും കണക്കാക്കുന്നു.