Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിലയില്ലാതെ വിളകൾ; പ്രതിസന്ധിയിൽ മുങ്ങി കർഷകർ

cardamom

മലയോര മേഖലയിൽ ഇപ്പോൾ ബാങ്കിങ് രംഗത്തു മാത്രമാണ് കാര്യമായി ഇടപാടുകൾ നടക്കുന്നത് എന്നു കേട്ട് ആശ്വസിക്കരുത്. മികച്ച കൃഷി വരുമാനത്തിന്റെ നിക്ഷേപമല്ല നടക്കുന്നത്. സ്വർണവും വസ്തുവിന്റെ ആധാരവും പട്ടയവും ഈടുവച്ച് വായ്പയെടുക്കുന്നവരുടെ തിരക്കാണ് ബാങ്കിങ് സ്ഥാപനങ്ങളിൽ. കണ്ണീർ കടലിലാണ് മലയോര കർഷകർ. കാർഷിക വിളകളുടെ വില ഇടിഞ്ഞു. പ്രതിസന്ധി തുടർന്നാൽ കർഷകരുടെ ജീവിതം വഴിമുട്ടുന്ന അവസ്ഥയാകും. തൊഴിൽ, വ്യാപാര മേഖലയും നിശ്ചലമായി. മലയോര കാർഷിക മേഖലയുടെ പ്രതിസന്ധികളെക്കുറിച്ച് മനോരമ ലേഖകർ നടത്തിയ അന്വേഷണം.

പ്രതീക്ഷ ഏലത്തിൽ

കാർഷിക വിളകളിൽ ഏലത്തിന് മാത്രമാണ് ഇടുക്കിയിൽ മെച്ചപ്പെട്ട വിലയുള്ളത്. പഴയ ഏലക്കായ്ക്ക് കിലോഗ്രമിന് 1000 രൂപയും എടുപ്പ് കായ്ക്ക് 875 രൂപ വരെയും വില ലഭിക്കുന്നു. ഉൽപാദനം പകുതിയിലധികം കുറഞ്ഞെങ്കിലും വിലകൂടാത്തത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. ഹൈറേഞ്ചിൽ രണ്ട് താലൂക്കുകളിൽ മാത്രമാണ് ഏലം കൃഷി വ്യാപകമായുള്ളത്. ഏലം ലേലകേന്ദ്രങ്ങളിൽ പതിയുന്ന ഏലക്കായുടെ അളവ് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പകുതിയായി. വിളവ് കുറഞ്ഞ വേനൽക്കാലത്തെ കൃഷി ചെലവുകളും കർഷകരുടെ മനസ്സിൽ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

516957582

നൊമ്പരമായി കറുത്ത പൊന്ന്

മൂന്ന് വർഷം മുൻപ് കിലോഗ്രാമിന് 740 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന്റെ ഇപ്പോഴത്തെ വില 385 രൂപ. ആറ് വർഷത്തിനിടയിൽ കുരുമുളക് വില ഇത്രയും കുറയുന്നത് ഇതാദ്യം. കൃഷിക്കാർ തൊഴിലാളികളെ ഒഴിവാക്കിയാണ് വിളവെടുക്കുന്നത്. ഇത് വിളവെടുപ്പിൽ കാലതാമസമുണ്ടാക്കുകയും മുളക് തിരികൾ വ്യാപകമായി കൊഴിയുന്നതിനും കാരണമാകുന്നു. മുളക് വാങ്ങാൻ ചെറുകിട വ്യാപാരികൾ തയാറാവാത്തതും കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. കുറഞ്ഞ വിലയ്ക്ക് വിയറ്റ്‌നാം, ഇന്തോനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കുരുമുളക് ഇറക്കുമതി ചെയ്യുന്നതാണ് കാരണം. കർണാടകയിൽ നിന്നുള്ള വലുപ്പം കൂടിയ കുരുമുളകിന് ആഭ്യന്തര വിപണികളിൽ പ്രിയമേറിയതോടെയാണ് കേരളത്തിലെ കുരുമുളകിന്റെ ശനിദശയാരംഭിച്ചത്.

512173657

കാപ്പി ‘തണുക്കുന്നു’

റോബസ്റ്റ, അറബി ഇനങ്ങളാണ് കൂടുതലും കൃഷി ചെയ്യുന്നത്. തൊണ്ടോടു കൂടിയ റോബസ്റ്റ ഇനത്തിന് കിലോഗ്രാമിന് 63 രൂപയും അറബിക്ക ഇനത്തിന് 80 രൂപയുമാണ് വില. കഴിഞ്ഞ സീസണിൽ ഇതിന് യഥാക്രമം 75, 85 രൂപയായിരുന്നു. ഉൽപാദന വർധനമൂലം കർണാടകയിൽ നിന്ന് അറബിക്ക ഇനം കാപ്പിക്കുരു വിലകുറച്ച് വ്യാപാരികൾ വാങ്ങുന്നതാണ് ഇപ്പോഴത്തെ വിലക്കുറവിനു കാരണം. വിളവെടുപ്പ് പോലും മുതലാകാതെ വന്നതോടെ പല കർഷകരും കാപ്പി കൃഷി ഉപേക്ഷിച്ചു. പലരും കാപ്പിച്ചെടികൾ വെട്ടിയാണ് വിളവെടുത്തത്.

മഞ്ഞിൽ തകർന്ന് ജാതി

വിലക്കുറവിനൊപ്പം ഉൽപാദനത്തിലുണ്ടായ തകർച്ചയും ജാതി കർഷകരുടെ ദുരിതം ഇരട്ടിയാക്കി. ഹൈറേഞ്ചിൽ ഒരു മാസത്തോളം നീണ്ട മഞ്ഞ് വീഴ്ചയാണ് കാരണം. മൂപ്പെത്താതെ പൊഴിയുന്ന ജാതിക്കായ് ഉണങ്ങിയതിന് 125 രൂപയാണ് വില. പാകമായ ജാതിക്ക് 230 രൂപ വരെ. കഴിഞ്ഞ വർഷം 300 രൂപ വരെ ജാതിക്ക് വില ലഭിച്ചിരുന്നു. കൊച്ചിയിലെ വിപണികളിൽ ഡിസംബറിൽ ജാതി തൊണ്ടിന് കിലോ ഗ്രാമിന് 260–270 ആയിരുന്നു വില. ഇപ്പോഴത് 180–190 ആയി കുറഞ്ഞു. 580–600 രൂപയ്ക്കു വിറ്റിരുന്ന ജാതിപ്പരിപ്പ് വില 360 ആയി. പത്രി 700ൽ നിന്ന് 400 ആയി. ജാതി പൂവിന് 1500 രൂപയായിരുന്നത് പകുതിയായി.

ഗ്രാമ്പുവിനും ഇടിവ്

പ്രധാന വരുമാന മാർഗവും ഇടവിളയുമായിരുന്ന ഗ്രാമ്പു കൃഷി ഉൽപാദനക്കുറവ് മൂലം പ്രതിസന്ധിയിലാണ്. കിലോയ്ക്ക് 660 രൂപ വരെ വിലയുണ്ടെങ്കിലും കഴിഞ്ഞ വർഷത്തേക്കാൾ ഉൽപാദനം അഞ്ചിലൊന്നായി ചുരുങ്ങിയെന്ന് കർഷകർ പറയുന്നു. പൊഴിഞ്ഞ് വീഴുന്ന ഗ്രാമ്പു ശേഖരിക്കുകയാണ് പല കർഷകരും.

ginger

ഇഞ്ചി ‘മലയിറങ്ങുന്നു’

ഹൈറേഞ്ചിലെ പ്രധാന കാർഷിക വിളയായിരുന്ന ഇഞ്ചി ഇപ്പോൾ പേരിന് മാത്രമാണ്. രണ്ട് വർഷത്തോളമായി ഇഞ്ചിയുടെയും ചുക്കിന്റെയും വില ഉയർന്നിട്ടില്ല. ഇഞ്ചിക്ക് 22 രൂപയും ചുക്കിന് 120 രൂപയുമാണ് വില. കറിയിഞ്ചിക്ക് 50 രൂപ വരെ വില ലഭിക്കുന്നുണ്ടെങ്കിലും ആവശ്യക്കാരില്ല. രണ്ട് വർഷം മുൻപ് ഇഞ്ചിക്ക് 40 രൂപയും ചുക്കിന് 200 രൂപയും വില വന്നിരുന്നു.

തകർന്നടിഞ്ഞ് കൊക്കോ കൃഷി

ഉൽപാദന ചെലവ് കുറവാണെന്നതിനാൽ കൊക്കോ കൃഷി കർഷകർക്ക് കൈത്താങ്ങായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മുതൽ കൊക്കോയുടെ ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടായി. പനിപ്പ് എന്നറിയപ്പെടുന്ന കുമിൾ രോഗവും തേയിലക്കൊതുകിന്റെ ആക്രമണവുമാണ് കൊക്കോ കൃഷിയെ നാശത്തിലേക്ക് നയിച്ചത്. ഉണങ്ങിയ കൊക്കോ പരിപ്പിന് 165 രൂപയും പച്ചപരിപ്പിന് 65 രൂപയുമാണ് വില. കഴിഞ്ഞ വർഷം ഇത് യഥാക്രമം 220 രൂപയും 70 രൂപയും ആയിരുന്നു.

കേരള കാർഷിക രംഗത്തിന്റെ നട്ടെല്ല് എന്നു കരുതിയിരുന്ന റബർ കൃഷിയുടെ സ്ഥിതിയും ആശ്വാസത്തിന് വക നൽകുന്നില്ല . അതേക്കുറിച്ച് നാളെ.