Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻ സ്റ്റാർട്ടപ് സമ്മേളനത്തിന് തിരുവനന്തപുരം വേദിയാകും

startup-ideas-1

തിരുവനന്തപുരം∙ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ് സമ്മേളനത്തിനു തലസ്ഥാനം വേദിയാകുന്നു. കേരള സ്റ്റാർട്ടപ് മിഷൻ നേതൃത്വം നൽകുന്ന ഹഡിൽ കേരള സ്റ്റാർട്ടപ് സമ്മേളനം ഏപ്രിൽ ആറ്, ഏഴ് തീയതികളിൽ കോവളത്തു നടക്കും. സ്റ്റാർട്ടപ് സംരംഭകർക്ക് ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും മുൻനിര സാങ്കേതിക-വിപണി പ്രമുഖരുമായി ആശയവിനിമയത്തിനും നിക്ഷേപം ആകർഷിക്കാനും അവസരമൊരുക്കുകയാണു ഹഡിൽ കേരള.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇന്റർനെറ്റ് ആൻഡ് മൊബീൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐഎഎംഎഐ), ഐഎഎംഎഐ സ്റ്റാർട്ടപ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണു പരിപാടികൾ. ഷാർജ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഉന്നതസമിതി ചെയർമാൻ ഷെയ്ഖ് ഫാഹിം ബിൻ സുൽത്താൻ അൽ ക്വാസിമി, നെതർലൻഡ്സ് രാജകുമാരൻ കോൺസ്റ്റാന്റിൻ ഉൾപ്പെടെ ഉന്നതർ അതിഥികളായെത്തും.

ചർച്ചകൾക്കായി കടലോര കൂട്ടായ്മകളും രാത്രിപ്രദർശനങ്ങളുമുൾപ്പെടെ വ്യത്യസ്ത രീതിയിലാണു ഹഡിൽ കേരള പരിപാടികൾ ആവിഷ്കരിച്ചിരിക്കുന്നത്. ഏപ്രിൽ മൂന്നു വരെ www.huddle.net.in. എന്ന വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം. ഏഷ്യയിലെയും യൂറോപ്പിലെയും ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരും വിപണി നേതൃത്വവുമായിരിക്കും ഹഡിൽ കേരളയിൽ പങ്കെടുക്കുന്നതെന്നു സ്റ്റാർട്ടപ് മിഷൻ സിഇഒ: ഡോ. സജി ഗോപിനാഥ് പറഞ്ഞു.

ആശയങ്ങളുമായി മുന്നോട്ടുവന്നു പിച്ചിങ് നടത്തുന്ന 100 കമ്പനികൾ തമ്മിൽ നടക്കുന്ന ഹഡിൽ 100 മൽസരം സമ്മേളനത്തിന്റെ ആദ്യദിനം തന്നെ തുടങ്ങും. ഇതിൽനിന്നു തിരഞ്ഞെടുക്കുന്ന 10 മികച്ച കമ്പനികൾ അടുത്ത ദിവസം പിച്ചിങ് തുടരുകയും മുൻനിര വിപണിനേതാക്കൾ ഇതിനു മേൽനോട്ടം വഹിക്കുകയും ചെയ്യും. പത്തു കമ്പനികളിൽ നിന്നു സെമി ഫൈനൽ ടീമുകളെയും പിന്നീട് ഫൈനൽ ടീമുകളെയും തിരഞ്ഞെടുക്കും.

2000 പേർ എത്തും

സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, അക്കാദമിക് വിദഗ്ധർ, വിപണിനേതാക്കൾ എന്നിവരുൾപ്പെടെ രണ്ടായിരത്തോളം പേരാണു ഹഡിൽ കേരളയ്ക്കെത്തുന്നത്. 30 സെഷനുകളിലായി 40 പ്രഭാഷകരും പങ്കെടുക്കും. ബ്ലോക്ക്ചെയ്ൻ, ക്രിപ്റ്റോകറൻസി, ഇന്റർനെറ്റ് ഓഫ് തിങ്സ്, ഗെയ്മിങ് ആൻഡ് ഇ-സ്പോർട്സ്, സൈബർ സുരക്ഷ, ഡിജിറ്റൽ വിനോദങ്ങൾ, ഓഗ്മെന്റഡ് റിയാലിറ്റി, വർച്വൽ റിയാലിറ്റി, ഇ ഗവേണൻസ്, മൊബൈൽ ഗവേണൻസ് എന്നിവയിലായിരിക്കും ഹഡിൽ കേരളയിൽ ഊന്നൽ.