Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനവില: അധിക നികുതി ഒഴിവാക്കില്ലെന്ന് ഐസക്

Thomas Issac

തിരുവനന്തപുരം∙ പെട്രോൾ–ഡീസൽ വിലവർധന വഴി സംസ്ഥാനത്തിനു ലഭിക്കുന്ന അധിക നികുതി ഉപേക്ഷിക്കാനില്ലെന്നു നിയമസഭയിൽ മന്ത്രി തോമസ് ഐസക്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ വരുമാനം വേണ്ടെന്നു വയ്ക്കാനാകില്ല. സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് ഉചിതമായ സമയത്തു തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. ജനങ്ങൾക്ക് ആശ്വാസം നൽകാത്ത സർക്കാർ നിലപാടു പ്രതിഷേധാർഹമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധസൂചകമായി പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. 

കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ചേർന്നു ജനത്തെ കൊള്ളയടിക്കുകയാണെന്ന് അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പെട്രോളിയം കമ്പനിയുടെ മാനേജിങ് ഡയറക്ടർ പറയുന്നതു പോലെയാണു കേരള ധനമന്ത്രി വാദിക്കുന്നത്. ഇന്ധനവില കൂടിയപ്പോൾ അധിക നികുതി നാലു പ്രാവശ്യം ഒഴിവാക്കി 619 കോടി രൂപയാണു യുഡിഎഫ് സർക്കാർ വേണ്ടെന്നു വച്ചത്. ഈ സർക്കാർ എത്തിയ ശേഷം 59 തവണ ഇന്ധനവില വർധിപ്പിച്ചിട്ടും ഒരു തവണ പോലും അധിക നികുതി ഉപേക്ഷിക്കാൻ തയാറായില്ല. വിലവർധനയുടെ പേരിൽ കേന്ദ്രത്തെ പഴിക്കുന്നവർക്ക് ആത്മാർഥതയുണ്ടെങ്കിൽ ചെയ്യേണ്ടത് അതാണെന്നും തിരുവഞ്ചൂർ പറഞ്ഞു. 

പെട്രോൾ വില 13 തവണ കൂട്ടിയപ്പോൾ നാലു തവണ മാത്രമാണ് അധികനികുതി ഉമ്മൻചാണ്ടി സർക്കാർ വേണ്ടെന്നു വച്ചതെന്നു മന്ത്രി ഐസക്ക് പറഞ്ഞു. പെട്രോളിന്റെ സംസ്ഥാന നികുതി 23.37 ശതമാനത്തിൽ നിന്ന് 31.8% ആക്കിയതും കഴിഞ്ഞ യുഡിഎഫ് സർക്കാരാണ്. അധിക സെസ് ഇനത്തിൽ ലീറ്ററിന് ഒരു രൂപ വീതവും ഈടാക്കി. പെട്രോളിയം ഉൽപന്നങ്ങൾക്കുള്ള വിലനിയന്ത്രണം നീക്കി എണ്ണക്കമ്പനികൾക്കു യഥേഷ്ടം വില കൂട്ടാനുള്ള വഴിയൊരുക്കിയതു യുപിഎ സർക്കാരാണ്. സംസ്ഥാന നികുതി വരുമാനം ഗണ്യമായി കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഈ വരുമാനം വേണ്ടെന്നുവയ്ക്കാനാകില്ല. ഇ വേ ബിൽ സംവിധാനം  വന്നതോടെ മാറ്റമുണ്ടാകുമെന്നാണു പ്രതീക്ഷ. നിലവിലുള്ള ഇന്ധന നികുതി ശതമാനം ഇനി ഉയർത്തില്ലെന്നും മന്ത്രി പറഞ്ഞു.  

എണ്ണവില ഓരോ തവണ ഉയരുമ്പോഴും ഗൂഢമായി സന്തോഷിക്കുന്നയാളാണ് ഐസക്കെന്ന് ഈ മറുപടിയിൽ വ്യക്തമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപി സർക്കാരിന്റെയും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെയും എണ്ണ നയത്തെ അനുകൂലിക്കുന്ന നിലപാടാണു മന്ത്രിയുടേത്. ജിഎസ്ടി  കാര്യത്തിലും കേന്ദ്രത്തെ ഐസക് പിന്താങ്ങി. അധിക നികുതി വരുമാനം വേണ്ടെന്നു വയ്ക്കാത്തതു സർക്കാരിന്റെ ക്രൂര സമീപനമാണെന്ന് ആരോപിച്ച് കെ.എം.മാണിയും പ്രതിപക്ഷത്തിനൊപ്പം സഭ വിട്ടിറങ്ങി.

related stories