Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹഡിൽ കേരളയ്ക്ക് ആവേശകരമായ തുടക്കം

Huddle Kerala Pinarayi കോവളത്ത് ‘ഹഡിൽ കേരള’ സ്റ്റാർട്ടപ് സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ഷാർജ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഉന്നതസമിതി ചെയർമാൻ ഷെയ്ഖ് ഫാഹിം ബിൻ സുൽത്താൻ അൽ ക്വാസിമിയും. ചിത്രം: മനോരമ

തിരുവനന്തപുരം∙ കേരളം രാജ്യത്തെ സ്റ്റാർട്ടപ്പ് ഹബ് ആയി മാറുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റാർട്ടപ്പ് മിഷനും ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐഎഎംഎഐ)യും ചേർന്ന്  ആരംഭിച്ച ഹഡിൽ കേരള സ്റ്റാർട്ടപ്പ്  സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തു തുടങ്ങുന്ന സ്റ്റാർട്ടപ്പുകളിൽ സർക്കാർ തന്നെ നേരിട്ടു നിക്ഷേപം നടത്താനുള്ള തീരുമാനം പുതിയ ദിശാബോധം നൽകി. ഇതു വഴി യുവാക്കൾ കൂടുതൽ സ്റ്റാർട്ടപ്പ് സംരംഭങ്ങളിലേക്കു കടന്നുവരുന്നു. വിനോദ സഞ്ചാരത്തിനെന്ന പോലെ കേരളം സ്റ്റാർട്ടപ്പ് അന്തരീക്ഷത്തിനും പേരു കേട്ടതായി മാറി. രാജ്യത്താദ്യമായി സ്റ്റാർട്ടപ്പ് നയം കൊണ്ടുവന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. 

സ്റ്റാർട്ടപ്പ് സംരംഭകരും നിക്ഷേപകരും സാങ്കേതിക വിദഗ്ധരും ഒത്തുചേരുന്ന ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നായ 'ഹഡിൽ കേരള'യുടെ ആദ്യദിനത്തിൽ 1350 പ്രതിനിധികളും അറുനൂറോളം സ്റ്റാർട്ടപ്പുകളും പങ്കെടുത്തു. കേരളത്തിനു പുറത്തുള്ള 40 സ്റ്റാർട്ടപ്പുകളും 12 നിക്ഷേപകരും സമ്മേളനത്തിനെത്തി. 120 മെന്റർമാർ പരിപാടിയുടെ ഭാഗമായി. കടലോര ഹഡിലുകളിൽ 10 സംരംഭ സ്ഥാപകരുടെയും 20 സാങ്കേതിക വിദഗ്ധരുടെയും പ്രഭാഷണങ്ങളും നിക്ഷേപകരുമായും മെന്റർമാരുമായുള്ള 150 ഏകാംഗ കൂടിക്കാഴ്ചകളും നടന്നു. പിച്ചിങ്ങിൽ 50 സ്റ്റാർട്ടപ്പുകളാണ് പങ്കെടുത്തത്. 

ഷാർജ ഗവൺമെന്റ് റിലേഷൻസ് എക്സിക്യുട്ടിവ് ചെയർമാൻ ഷെയ്ഖ് ഫാഹിം ബിൻ സുൽത്താൻ അൽ ക്വാസിമി, സിസ്കോ എംഡി ഹരീഷ് കൃഷ്ണൻ, ചീഫ് സെക്രട്ടറി പോൾ ആന്റണി, നാസ്കോം ഫൗണ്ടേഷൻ സിഇഒ ശ്രീകാന്ത് സിൻഹ, ഐഎഎംഎഐ പ്രസിഡന്റ് സുഭോ റായ്, ഐടി സെക്രട്ടറി എം.ശിവശങ്കർ എന്നിവർ പ്രസംഗിച്ചു.

ഹഡിൽ സമ്മേളനത്തിൽ യുഎൻ സംഘം

തിരുവനന്തപുരം∙ ഇന്ത്യയിലെ ആദ്യത്തെ യുഎൻ ടെക്‌നോളജി ഇന്നൊവേഷൻ ലാബ് തലസ്ഥാനത്തു സ്ഥാപിക്കുന്നതിനുള്ള അന്തിമഘട്ട നടപടികളിലേക്ക്. ഉടൻ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണു സൂചന. ഇതു സംബന്ധിച്ചു യുഎൻ സംഘവുമായി ഐടി വകുപ്പ് കഴിഞ്ഞ ദിവസം ചർച്ച നടത്തി. ഹഡിൽ സ്റ്റാർട്ടപ് സമ്മേളനത്തിനോടനുബന്ധിച്ചാണു യുഎൻ ഓഫിസ് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് ടെക്നോളജി ഗ്ലോബൽ പാർട്ണർഷിപ് ഹെഡ് ഡയാന ഡെയ്ൻ, ഓപ്പറേഷൻസ് തലവൻ പ്രേം നായർ എന്നിവരടങ്ങിയ സംഘം എത്തിയത്. സ്റ്റാർട്ടപ് മിഷനും ഐസിടി അക്കാദമിയും ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്. ജലലഭ്യത, ശുചീകരണം, കൃഷി എന്നീ മേഖലകളിൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണു ലാബിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷം ഇതുസംബന്ധിച്ചു മുഖ്യമന്ത്രിയുമായി യുഎൻ സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.

ഭാവി ഡേറ്റയിൽ

തിരുവനന്തപുരം∙ ഡേറ്റയാണ് ഏതൊരു രാജ്യത്തിന്റെയും ഇനിയുള്ള ഭാവിയെന്നു ഷാർജ ഗവൺമെന്റ് റിലേഷൻസ് എക്സിക്യുട്ടിവ് ചെയർമാൻ ഷെയ്ഖ് ഫാഹിം ബിൻ സുൽത്താൻ അൽ ക്വാസിമി. കേരളം രണ്ടാം വീടാണെന്നു പറഞ്ഞാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ഡേറ്റ അധിഷ്ഠിതമായി മാത്രമേ ഇനി രാജ്യങ്ങൾക്കു പുതിയ പദ്ധതികൾ നടപ്പാക്കാൻ കഴിയൂ. ഇവ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തുന്നതിനാൽ ഡേറ്റ അനലിറ്റിക്സ് രീതിയാകും ഷാർജ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇനി ഉപയോഗിക്കുക. യുഎഇയും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തമാണ്. ഇത് ഐടി മേഖലയിലേക്കും വ്യാപിപ്പിക്കണം. പൗരന് ഉപകാരപ്രദമാകുന്നതാകണം സാങ്കേതിക വിദ്യയുടെ വികസനമെന്ന് അദ്ദേഹം പറഞ്ഞു.