Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടപാടുകൾ ബാങ്ക് വഴിയെങ്കിൽ പിഴ ഒഴിവാകും

Income Tax

പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റായ ആർ. കൃഷ്ണയ്യർ വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു

ചോദ്യം : കാഷ്‌ലെസ് ഇക്കോണമി അഥവാ പണരഹിത സമ്പദ്‌വ്യവസ്ഥയെ പ്രോൽസാഹിപ്പിക്കാൻ ആദായനികുതി നിയമത്തിൽ എന്തെങ്കിലും വ്യവസ്ഥകൾ ചേർത്തിട്ടുണ്ടോ
∙ ജോസ് തോമസ്, തൊടുപുഴ

ഉത്തരം: നേരത്തേ നിലവിലുണ്ടായിരുന്ന നിയമങ്ങൾ കർക്കശമാക്കുകയും പുതിയവ ചേ‌ർത്തിട്ടുമുണ്ട്. ഇവയിൽ പ്രധാനമായത്

(1) 2018 ഏപ്രിൽ മുതൽ രണ്ടു ലക്ഷം രൂപയിൽ കൂടുതൽ ഒരാളിൽനിന്ന് ഒരു ദിവസം സ്വീകരിക്കുമ്പോൾ അത് അക്കൗണ്ട്പേയീ ചെക്ക് / ബാങ്ക് ഡ്രാഫ്റ്റ് അല്ലെങ്കിൽ ആർടിജിഎസ് / എൻഇഎഫ്ടി തുടങ്ങിയ ബാങ്ക് ക്ലിയറിങ് സംവിധാനം വഴി ആയിരിക്കണം. അല്ലാത്തപക്ഷം 269 എസ്ടി വകുപ്പിന്റെ ലംഘനത്തിന് 271 ഡിഎ വകുപ്പു പ്രകാരം തുല്യസംഖ്യ പിഴയായി ചുമത്താവുന്നതാണ്.

(2) ചെലവുകൾക്ക് ഒരാൾക്ക് ഒരു ദിവസം 10,000 രൂപയിൽ കൂടുതൽ നൽകുമ്പോൾ അക്കൗണ്ട്പേയീ ചെക്ക് / ബാങ്ക് ഡ്രാഫ്റ്റ് അഥവാ ബാങ്ക് ക്ലിയറിങ് സംവിധാനം വഴി വേണം. അല്ലാത്തപക്ഷം 40എ (3), (3എ) വകുപ്പുകൾ പ്രകാരം ബിസിനസ് ചെലവായി അനുവദിക്കില്ല (20,000 രൂപയായിരുന്നു 2017–18 വരെ പരിധി). 2018 ഏപ്രിൽ മുതൽ ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാക്കി. 10,000 രൂപയിൽ കൂടുതൽ ഒരു ദിവസം ഒരാൾക്കു നൽകിയാൽ 11–ാം വകുപ്പു പ്രകാരം കിഴിവു നൽകില്ല.

(3) 20,000 രൂപയിൽ കൂടുതൽ വായ്പ വാങ്ങുമ്പോഴും മടക്കിനൽകുമ്പോഴും പണമായി വാങ്ങാനോ മടക്കിനൽകാനോ പാടില്ല (മൊത്തം വായ്പ 20,000 രൂപയിൽ കൂടുതലാണെങ്കിൽ ഇടപാട് അക്കൗണ്ട്പേയീ ചെക്ക് / ബാങ്ക് ‍ഡ്രാഫ്റ്റ് അഥവാ ബാങ്ക് ക്ലിയറിങ് സംവിധാനം വഴി നിർബന്ധമാണ്. അല്ലാത്തപക്ഷം 269 എസ്എസ്, 269 ടി വകുപ്പുകളുടെ ലംഘനത്തിന് തുല്യസംഖ്യ 271 ഡി, 271 ഇ വകുപ്പുകൾ പ്രകാരം ചുമത്താവുന്നതാണ്. വസ്തു വിൽപനയ്ക്ക് 20,000 രൂപയിൽ കൂടുതൽ വാങ്ങുമ്പോഴും മടക്കി നൽകുമ്പോഴും ഈ നിയമപ്രകാരം പണമായി വാങ്ങാൻ പാടില്ല. ഇടപാടു നടക്കണമെന്നില്ല.

(4) രണ്ടു കോടി രൂപയിൽ താഴെ വാർഷിക വിറ്റുവരവുള്ളവർക്കു കണക്കു സൂക്ഷിക്കാതെ 44 എഡി വകുപ്പു പ്രകാരം ആനുമാനിക സമ്പ്രദായത്തിൽ നികുതി അടയ്ക്കാൻ അവസരമുണ്ട്. ബാങ്ക് വഴി കൈപ്പറ്റിയ തുകയിൽ ആറു ശതമാനം വരുമാനമായി കണക്കാക്കി നികുതി അടച്ചാൽ മതി. ബാങ്ക് വഴിയല്ല പണം ലഭിച്ചതെങ്കിൽ വിറ്റുവരവിന്റെ എട്ടു ശതമാനം വരുമാനമായി കണക്കാക്കി നികുതി നൽകണം. [40എ(3), (3എ) വകുപ്പു പ്രകാരം 10,000 രൂപയിൽ കൂടുതൽ ചെലവുകൾക്കു പണം പാടില്ല. പക്ഷേ, 6 ഡിഡി ചട്ടത്തിൽ ചില ഇളവുകളുണ്ട്. അതുപോലെ തന്നെ മതിയായ കാരണം ബോധിപ്പിച്ചാൽ 269 എസ്എസ്, 269 ടി, 269 എസ്ടി വകുപ്പുകളുടെ ലംഘനത്തിനു പിഴ ഒഴിവാക്കാൻ ഓഫിസർക്കു വിവേചനാധികാരം ഉണ്ട്).

സർക്കാർ, ബാങ്കിങ് കമ്പനി, പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്ക്, കോഓപ്പറേറ്റീവ് ബാങ്ക് എന്നിവയ്ക്കു രണ്ടു ലക്ഷം രൂപയിൽ കൂടുതൽ പണമായി സ്വീകരിക്കുന്നതിനു തടസ്സമില്ല. 269 എസ്ടി ലംഘനമായി കണക്കാക്കില്ല. ട്രസ്റ്റുകൾക്ക് 2000 രൂപയിൽ കൂടുതൽ പണമായി നൽകുന്നവർക്ക് 80 ജി കിഴിവു നഷ്ടമാകും. രാഷ്ട്രീയ പാർട്ടികൾക്കു 2000 രൂപയിൽ കൂടുതൽ സംഭാവന പണമായി സ്വീകരിക്കാൻ അനുവാദമില്ല.

related stories