Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാർട്ടപ്പുകൾ: രണ്ടു കമ്പനികളിൽക്കൂടി ഉടൻ നിക്ഷേപം

huddle-kerala

തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്കു നിക്ഷേപക വാതിൽ തുറന്നിട്ടു ഹഡിൽ കേരള സ്റ്റാർട്ടപ് സമ്മേളനത്തിനു സമാപനം. ചില സ്റ്റാർട്ടപ്പുകളിൽ സമ്മേളനത്തിലെത്തിയ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ടു കമ്പനികളിൽക്കൂടി ഉടൻ നിക്ഷേപം നടത്തുമെന്നു യൂണികോൺ വെഞ്ച്വേഴ്സ് ക്യാപ്പിറ്റൽ സ്ഥാപകൻ അനിൽ ജോഷി അറിയിച്ചു.

നിലവിൽ യൂണികോൺ വെഞ്ച്വേഴ്സ് സംസ്ഥാനത്തെ നാലു സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ആരോഗ്യം, റിയൽ എസ്റ്റേറ്റ്, റോബട്ടിക്സ്, ഓട്ടമേഷൻ എന്നീ മേഖലകളിൽ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം ഉടൻ ഉണ്ടാകുമെന്നു സീ ഫണ്ട് സിഇഒ മനോജ് കുമാർ അഗർവാൾ വ്യക്തമാക്കി. 12 നിക്ഷേപകരും കേരളത്തിനു പുറത്തുനിന്നുള്ള 40 സ്റ്റാർട്ടപ്പുകളും 120 മെന്റർമാരുമാണ് ഹഡിൽ കേരളയ്ക്കെത്തിയത്. കേരള സ്റ്റാർട്ടപ് മിഷനും ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്നാണു ഹഡിൽ കേരള സംഘടിപ്പിച്ചത്.

സ്റ്റാർട്ടപ് പിച്ചിങ്ങിനു യോഗ്യത നേടിയ 50 സ്റ്റാർട്ടപ്പുകളിൽനിന്നു തിരഞ്ഞെടുത്ത 10 സ്റ്റാർട്ടപ്പുകളിൽ ക്ലാപ് റിസർച്ച്, ഹംബിൾ ഇന്നവേഷൻസ്, സൈൻ നെക്സ്റ്റ് എന്നിവ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി. ഈ മൂന്നു സംരംഭങ്ങളിലും നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നു സ്റ്റാർട്ടപ് മിഷൻ അധികൃതർ അറിയിച്ചു. ഹഡിൽ കേരള ഹാക്കത്തണിൽ മൈ വിഷ്വൽ പാസ്പോർട്ട്, മൈ ഫാം, സ്മാർട് സി എന്നീ സ്റ്റാർട്ടപ്പുകൾ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. ഇവർക്കു സമ്മാനത്തുകയ്ക്കൊപ്പം ഐഎഎംഎഐയുടെ കോഴിക്കോട് ഹബിൽ ആറുമാസം സൗജന്യ ഇൻകുബേഷനുള്ള അവസരവും ലഭിക്കും.

ഹഡിൽ കേരളയുടെ ഭാഗമായി ഐഒടി സങ്കേതത്തിൽ അധിഷ്ഠിതമായി ഐഎഎംഎഐ നടത്തിയ പിച്ചിങ്ങിൽ നിമ്പിൾ ലാബ്സ് സ്റ്റാർട്ടപ് ഏഴുലക്ഷം രൂപയുടെ ഗ്രാന്റും നേടി.

കേരള സർക്കാരുമായി സഹകരിക്കാൻ യുഎൻ ടെക്നോളജി ഇന്നവേറ്റീവ് ലാബ്സ് തയാറെടുക്കുകയാണെന്നും യുഎൻടിഐഎൽ ഗ്ലോബൽ പാർട്ണർഷിപ് മേധാവി ഡയൻ ഡൈൻ പറഞ്ഞു. രണ്ടുദിവസമായി കോവളത്തു നടന്ന ഹഡിൽ കേരളയിൽ 1350 പ്രതിനിധികളും 600 സ്റ്റാർട്ടപ്പുകളുമാണു പങ്കെടുത്തത്.