Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഡംബരപ്പേന made in വാഴക്കുളം

rytol-pen

കൊച്ചി∙ 1200 കോടിയുടേതാണ് ഇന്ത്യയിലെ ലക്ഷുറി പേന വിപണി. പേനയില്ലാതെയും വിരൽത്തുമ്പുകൊണ്ടെഴുതാവുന്ന ഡിജിറ്റൽ കാലഘട്ടത്തിലും ആഡംബരപ്പേനകൾക്ക് ആവശ്യക്കാരേറുകയാണ്. കോർപറേറ്റ് ഗിഫ്റ്റിങ് സെഗ്‌മെന്റിൽ പ്രമുഖ സ്ഥാനം ഇപ്പോഴും പേനയ്ക്കാണ്. സ്വർണം കൊണ്ടു നിർമിച്ചതും വൈരക്കല്ലുകളുള്ളതുമായ ലക്ഷങ്ങൾ വിലമതിക്കുന്ന  പേനകൾ ഓൺലൈൻ വിപണിയിലും നന്നായി വിറ്റുപോകുന്നുണ്ട്. 

വിദേശപ്പേനകൾ മാത്രം നിറഞ്ഞുനിന്ന ഈ മേഖലയിലേക്കു കേരളത്തിൽ നിന്നുള്ള ഒരു കമ്പനിയുമുണ്ട് ഇപ്പോൾ. റൈറ്റോൾ എന്ന ബ്രാൻഡിലൂടെ മേഖലയിലെത്തിയിരിക്കുന്നത് പ്രമുഖ ഭക്ഷ്യോൽപന്ന കമ്പനിയായ ബ്രാഹ്മിൺസ് ആണ്. പൂർണമായും ഇറക്കുമതി ചെയ്യുന്ന ഭാഗങ്ങൾ ഉപയോഗിച്ച് കൈകൊണ്ടു പേന നിർമിക്കുന്ന നാലു യൂണിറ്റുകൾ രാജ്യത്തുണ്ട്. എറണാകുളത്തെ വാഴക്കുളത്തുള്ള യൂണിറ്റിലും പേന നിർമിക്കും. മെയ്ക് ഇൻ ഇന്ത്യ പ്രോജക്ടിന്റെ ഭാഗമായാണ് പേനകൾ ഇന്ത്യയിൽ നിർമിക്കുന്നതെന്ന് റൈറ്റോൾ സിഇഒ ശ്രീനാഥ് വിഷ്ണു പറയുന്നു.

വളർച്ച ഇരട്ടിയോളം

2014 വരെ 400 കോടി രൂപയുടേതായിരുന്നു ഇന്ത്യയിൽ ആഡംബരപ്പേന വിപണി. എന്നാൽ 2015ൽത്തന്നെ 700 കോടി കടന്നു. ഇപ്പോൾ 1200 കോടിയുടേതാണു വിപണി. ക്രോസും മോ ബ്ലായും ജോസഫ് ലാമിയും ഡ്യുപോണ്ടുമൊക്കത്തന്നെയായിരുന്നു ഇന്ത്യൻ പെൻ വിപണിയിലും നിറഞ്ഞുനിന്നത്. എന്നാൽ കേരളത്തിൽ ഇതുവരെ റൈറ്റോൾ മുന്നൂറിലേറെ പേനകൾ വിറ്റതായി ശ്രീനാഥ് പറഞ്ഞു. 5000 രൂപയിൽ വില തുടങ്ങും. റോൾസ് റോയ്സ് കമ്പനിക്കു വേണ്ടി മാത്രം 15 പേന നിർമിച്ചു നൽകി.

സ്വർണപ്പേന

റൈറ്റോൾ അവതരിപ്പിച്ച പ്രസിഡന്റ്  സീരീസിൽ സ്വർണപ്പേനകളാണ്. സ്വർണത്തിലും മിൽക് പ്രോട്ടീനിലും നിർമിച്ചവ. പോക്കറ്റിൽ കുത്തിവയ്ക്കുമ്പോൾ വളഞ്ഞുപോകാതിരിക്കാൻ 18 കാരറ്റ് സ്വർണത്തിലാണു പേനയുടെ ഭാഗങ്ങൾ നിർമിച്ചിരിക്കുന്നത്. രണ്ടര ലക്ഷം രൂപ വരെയാണ് ഇത്തരം സ്വർണപ്പേനകളുടെ വില. ഡോക്ടർമാർക്കായി ഡിസൈൻ ചെയ്ത ആർടീരിയ പേനയിലും സ്വർണം ഉപയോഗിച്ചിട്ടുണ്ട്. ക്ലിപ്പും സെന്റർ ബാൻഡുമാണ് സ്വർണത്തിലുള്ളത്. 

ആഡംബരപ്പേന– മെയ്ഡ് ഇൻ വാഴക്കുളം

മുംബൈ, ഹൈദരാബാദ്, ജയ്പുർ എന്നീ യൂണിറ്റുകൾക്കുപുറമെ വാഴക്കുളത്തും പേന നിർമാണ യൂണിറ്റുണ്ട്. ഹാൻഡ്മെയ്ഡ് പേനകളായതിനാലും അത്രയേറെ സൂക്ഷ്മത വേണ്ടതിനാലും ഒരു ദിവസം ഒരു യൂണിറ്റിൽ നിർമിക്കുന്നതു മൂന്നു പേനകൾ മാത്രം. ഒരു ഡിസൈനിൽ ഒരു പേന മാത്രമേ നിർമിക്കൂ. പ്രീമിയം ഹാർഡ്‌വുഡ്, ട്രൂസ്റ്റോൺ, കേസിൻ, മാർബിൾ അക്രിലിക് മിശ്രിതം തുടങ്ങിയവകൊണ്ടുള്ള പേനയ്ക്കാവശ്യമായ ബാരൽ നി‍ർമിച്ചെടുക്കാൻ ആറു മണിക്കൂർ വേണം. ഇറക്കുമതി ചെയ്യുന്ന ഘടകഭാഗങ്ങളിൽ 40 ശതമാനം മൂല്യവർധന നടത്തുമെന്നും ശ്രീനാഥ് വിഷ്ണു പറയുന്നു.

പേരിട്ട് പേനകൾ

പ്രസിഡന്റ് സീരീസിനു പുറമെ, ആൽബർട് മെമ്മോറിയൽ, അലക്സാൻഡ്ര, കാനറി വാർഫ്, ചെയർമാൻസ് ട്വിസ്റ്റ്, വെസ്റ്റ് മിനിസ്റ്റർ, മാർഗരറ്റ്, തുടങ്ങി ഒൻപതു പ്രമുഖ മോഡലുകളും ഇപ്പോൾ വിപണിയിലെത്തിക്കഴിഞ്ഞു. ഇവയിൽ ആറു മോഡലുകൾ ഫൗണ്ടൻ പേനകളും ബോൾ പോയിന്റ് പേനകളും റോളർ ബോൾ പേനകളുമുണ്ട്. സ്വർണത്തോടൊപ്പം ക്രോമിയം, പ്ലാറ്റിനം, റോഡിയം എന്നിവ പൂശിയ പേനകളുമുണ്ട്. 

ആഡംബരപ്പേന– ഇന്തോ–യുകെ സംരംഭം

ഇംഗ്ലണ്ടിൽനിന്നുള്ള പ്രമുഖ ഹാൻഡ് മെയ്ഡ് പേന നിർമാതാവായ റോൺ കാഡി എന്നറിയപ്പെടുന്ന റൊണാൾഡ് കെ. കാഡിയുമായി ചേർന്നാണ് റൈറ്റോൾ ആഡംബരപ്പേനകൾ വിപണിയിലിറക്കുന്നത്. കൈ ഉപയോഗിച്ചു മരം കടഞ്ഞെടുക്കുന്ന വുഡ് ടേണിങ്ങിൽ 28 വർഷത്തെയും പെൻ ടേണിങ്ങിൽ 15 വർഷത്തെയും അനുഭവസമ്പത്തുണ്ട് റോൺ കാഡിക്ക്. 

ഓൺലൈനിൽ മാത്രം

www.rytol.shop  എന്ന ഓൺലൈൻ സൈറ്റിൽ മാത്രമേ പേനകൾ ലഭ്യമാക്കൂ. ലോജിസ്റ്റിക്സിൽ അധിക ശ്രദ്ധ ആവശ്യമായതിനാൽ മറ്റ് ഓൺലൈൻ സൈറ്റുകൾ വഴി പേന ലഭ്യമാക്കാൻ ഇപ്പോൾ പദ്ധതിയില്ലെന്നും ശ്രീനാഥ് പറയുന്നു.