Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എവിടെ ചികിൽസിക്കണം: ട്രീറ്റ്ഗോ പറയും

Treat-go-app-team യാസർ ഹമീദ്,ബിനിൽ ആന്റണി,എബി ചെമ്പോല, നിതിൻ ജോൺ, ഡോ. രാഹുൽ അബ്ബാസ്, രഞ്ജിത് പ്രിൻസ് എന്നിവർ

ഏറ്റവും ശാസ്ത്രീയമായി പഠിക്കേണ്ടുന്ന കാര്യത്തിൽ ഏറ്റവും അശാസ്ത്രീയമായ ഉപദേശം കിട്ടുന്ന കാലമാണിത്. ആരോഗ്യപരിപാലനമാണു വിഷയം. കോഴക്കോളജിൽപോലും പഠിച്ചിട്ടില്ലാത്ത വാട്സാപ്, ഫെയ്സ്ബുക് ഡോക്ടർമാരുടെ വിളയാട്ടമാണെങ്ങും. ഹൃദയത്തിനാണു രോഗമെങ്കിൽ പേടിക്കേണ്ട, എന്തെങ്കിലും ഇല പറിച്ച് വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിച്ചാൽ മതി എന്നൊക്കെയാണ് ഉപദേശം. 

താരതമ്യേന ചെലവു കുറഞ്ഞതും വിശ്വാസ്യതയുള്ളതുമായ ചികിൽസ തേടി ഇന്ത്യയിലേക്കു വരുന്ന വിദേശികൾക്ക്, ഇത്തരം വലയിൽ കുടുങ്ങാതെ, ഓരോ ചികിൽസയ്ക്കും വിവിധ ബജറ്റുകളിൽ ചികിൽസ ലഭ്യമാക്കുന്ന ആശുപത്രികൾ സുതാര്യതയോടെ തിരഞ്ഞെടുക്കാൻ അവസരമൊരുക്കുകയാണ് മലയാളികളുടെ സ്റ്റാർട്ടപ്പായ ട്രീറ്റ്ഗോ.കോം.

ഇന്ത്യയിലേക്കു ചികിൽസയ്ക്കു വരാൻ തീരുമാനിക്കുന്ന വിദേശി ‘ട്രീറ്റ്ഗോ’യിൽ അടിസ്ഥാന മെഡിക്കൽ വിവരങ്ങൾ നൽകിയാൽ ഏതു ചികിൽസയാണു വേണ്ടതെന്നും ഏതൊക്കെ ബജറ്റിൽ ഏതൊക്കെ ആശുപത്രികൾ ഈ ചികിൽസ നൽകുന്നുണ്ടെന്നും നേരിട്ട് അറിയിക്കും. പലപ്പോഴും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ആശുപത്രി തിരഞ്ഞെടുക്കുകയോ സെലിബ്രിറ്റി പദവിയുള്ള ഡോക്ടർമാരെ അവരുടെ സ്പെഷലൈസേഷൻ എന്തെന്നുപോലും അറിയാതെ തിരഞ്ഞെടുക്കുകയോ ചെയ്യുന്ന രോഗികൾക്ക്, ട്രീറ്റ്ഗോയുടെ മെഡിക്കൽ പാനൽ നൽ‌കുന്ന ഉപദേശം തിരിച്ചറിവാകുന്നു. രോഗിക്കു വേണ്ടി വിവിധ ആശുപത്രികളോടു സംസാരിച്ചാണു ട്രീറ്റ്ഗോ എസ്റ്റിമേറ്റ് നൽകുക. 

2011ൽ ഡെക്സട്ര എന്ന മൊബൈൽ ആപ് സ്റ്റാർട്ടപ് ആരംഭിച്ച് ശ്രദ്ധേയരായ യുവസംഘമാണ് കൊച്ചി ആസ്ഥാനമായ ട്രീറ്റ്ഗോയുടെ പിന്നിൽ. യാസർ ഹമീദ്,ബിനിൽ ആന്റണി,എബി ചെമ്പോല, നിതിൻ ജോൺ,  ഡോ. രാഹുൽ അബ്ബാസ്, രഞ്ജിത് പ്രിൻസ് എന്നിവർ കഴിഞ്ഞ വർഷം തുടക്കമിട്ട ട്രീറ്റ്ഗോ ഇതിനകം 50000 വിദേശികൾക്ക് ഉപദേശം നൽകി. ഇതിൽ 1500 പേർ ഇന്ത്യയിലെത്തി ചികിൽസ നേടിക്കഴിഞ്ഞു.

എൻഎബിഎച്ച്, ജെസിഐ അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളെ മാത്രമാണ് ട്രീറ്റ്ഗോ ഉൾപ്പെടുത്തിയിട്ടുള്ളത്. ആശുപത്രികളിൽനിന്നു കമ്മിഷൻ വാങ്ങില്ലെന്നും രോഗികളിൽനിന്നു 10 ഡോളർ ഫീസ് വാങ്ങുമെന്നും സംരംഭകർ വ്യക്തമാക്കി. ഇന്ത്യയിൽ നൂറിലേറെ ആശുപത്രികളിൽ അപ്പോയ്ൻമെന്റിനും പ്രാഥമിക മെഡിക്കൽ ഉപദേശങ്ങൾക്കും ട്രീറ്റ്ഗോയ്ക്ക് പ്രത്യേക പരിഗണന കിട്ടുന്നുണ്ടെന്ന് അവർ പറഞ്ഞു. ചികിൽസ വൈകാതിരിക്കാൻ ഇതു സഹായകമാകുന്നു.

ഹൃദയരോഗങ്ങൾക്കു ചികിൽസ തേടുന്നവരാണ് ഇന്ത്യയിലേക്കു കൂടുതലുമെത്തുന്നത്. കാൻസർ, പീഡീയാട്രിക് കാർഡിയോളജി, മുട്ടുമാറ്റിവയ്ക്കൽ തുടങ്ങിയവയ്ക്കും ധാരാളമായി അന്വേഷണമെത്തുന്നുണ്ടെന്ന് ഡോ.രാഹുൽ പറഞ്ഞു. ചികിൽസയുടെ അനുബന്ധ ചെലവുകളും രോഗികൾക്കു ട്രീറ്റ്ഗോ വിശദീകരിച്ചുനൽകും. എന്നാൽ മെഡിക്കൽ ടൂറിസത്തിലേതുപോലെ വിനോദയാത്രകളും മറ്റും ഏകോപിപ്പിക്കുന്നില്ല. ഇന്ത്യയിലെ രോഗികൾക്കായി പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ആലോചനയിലാണു ട്രീറ്റ്ഗോ സംഘമിപ്പോൾ.