Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ റെയിൽവേയ്ക്ക് പുതിയ ആപ്

UTS-App തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ യുടിഎസ് മൊബൈൽ ആപ്പിനെ പറ്റി സഹായകേന്ദത്തിലെ ഉദ്യോഗസ്ഥർ യാത്രക്കാർക്കു വിവരിച്ചുകൊടുക്കുന്നു.

തിരുവനന്തപുരം∙ ജനറൽ ടിക്കറ്റുകൾക്കു പുറമെ സീസൺ, പ്ലാറ്റ്ഫോം ടിക്കറ്റുകളും റെയിൽവേ അവതരിപ്പിച്ച പുതിയ യുടിഎസ് മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്യാം. സ്റ്റേഷനിൽ ക്യൂ നിൽക്കാതെ ജനറൽ ടിക്കറ്റ് എടുക്കാൻ കഴിയുന്ന ആപ്പിന് ആദ്യ ദിവസം തന്നെ മികച്ച സ്വീകാര്യതയാണു ലഭിച്ചത്. റിസർവേഷനില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാരെ ഉദ്ദേശിച്ചാണ് റെയിൽവേ ആപ്പ് പുറത്തിക്കിയത്. റെയിൽവേ സ്റ്റേഷന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സേവനം ലഭ്യമാകും.

ആപ്പിന്റെ പ്രചാരണാർഥം തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള 18 സ്റ്റേഷനുകളിൽ ഹെൽപ് ഡെസ്ക് ഇന്നലെ തുറന്നു. പ്രായമായവർക്കും സാങ്കേതിക പരിജ്ഞാനമില്ലാത്തവർക്കും ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ റെയിൽവേ ഉദ്യോഗസ്ഥർ സഹായം നൽകി. ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് എന്നിവയിൽ യുടിഎസ് ഓൺ മൊബൈൽ എന്നു സെർച്ച് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.

ജനറൽ ടിക്കറ്റ് മാത്രം

ആപ്പിലൂടെ ജനറൽ ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ. നിലവിൽ ഐആർസിടിസി ആപ്പിലേതുപോലെ പ്രത്യേക ട്രെയിൻ തിരഞ്ഞെടുത്തല്ല ഇതിൽ ബുക്ക് ചെയ്യുന്നുത്, പകരം എത്തേണ്ട സ്ഥലത്തേക്കുള്ള ജനറൽ ടിക്കറ്റാണ് ഇഷ്യു ചെയ്യുന്നത്. ടിക്കറ്റ് എടുത്തു മൂന്നു മണിക്കൂറിനുള്ളിൽ യാത്ര തുടങ്ങണമെന്നു മാത്രം. സ്ലീപ്പർ ടിക്കറ്റ് നേരിട്ട് ആപ്പ് വഴി എടുക്കാൻ കഴിയില്ല. എന്നാൽ ട്രെയിനുള്ളിൽ കയറി ടിക്കറ്റ് ടിടിഇയെ കാണിച്ച് എക്സ്ട്രാ ഫെയർ ടിക്കറ്റ് (ഇഎഫ്ടി) വഴി സ്ലീപ്പർ ടിക്കറ്റ് മാറിയെടുക്കാം.

സീസൺ ടിക്കറ്റ്

സീസൺ ടിക്കറ്റ് പുതിയതെടുക്കാനും നിലവിലുള്ളത് പുതുക്കാനും ആപ്പിലൂടെ കഴിയും. പ്രതിമാസം, നാലുമാസം, ആറുമാസം, ഒരു വർഷം എന്നിങ്ങനെ സീസൺ ടിക്കറ്റുകളെടുക്കാം. ടിക്കറ്റെടുക്കുമ്പോൾ ലഭിക്കുന്ന യുടിഎസ് നമ്പർ നൽകിയാൽ അടുത്ത തവണ എളുപ്പത്തിൽ പുതുക്കുകയും ചെയ്യാം.

അധിക ചാർജില്ലാതെ റെയിൽവേ വോലറ്റ്

ഓൺലൈൻ പണമിടപാട് നടത്തുമ്പോൾ അധികചാർജ് ഈടാക്കുന്ന രീതിയുണ്ടെങ്കിലും ആപ്പിലുള്ള റെയിൽവേ വോലറ്റിൽനിന്ന് പണമുപയോഗിച്ചാൽ അധിക ചാർജ് ഈടാക്കില്ല. 

പോക്കറ്റിൽ അൽപം പണം കരുതുന്നതുപോലെ നെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചു വോലറ്റ് നിറയ്ക്കാം. ടിക്കറ്റ് എടുക്കാൻ ഈ പണമുപയോഗിക്കുമ്പോൾ അധിക ചാർജ് നൽകുന്നത് ഒഴിവാക്കാം.

സ്ഥിരം റൂട്ടുകൾ നൽകാം

സ്ഥിരമായി പോകുന്ന റൂട്ടുകൾ സേവ് ചെയ്യാൻ സൗകര്യമുണ്ട്. ഇതിലൂടെ അതിവേഗത്തിൽ ബുക്കിങ് പൂർത്തിയാക്കാം. പേയ്മെന്റ്, യാത്രക്കാരുടെ എണ്ണം, കുട്ടികളുണ്ടെങ്കിൽ അവരുടെ എണ്ണം, ട്രെയിൻ ടൈപ്പ് എന്നിവ നേരത്തേ സേവ് ചെയ്തു സമയം ലാഭിക്കാം. ജിപിഎസ് സംവിധാനം ആപ്പ് ഉപയോഗിക്കുമ്പോൾ ഓൺ ആയിരിക്കണമെന്നു മാത്രം. ഇന്റർനെറ്റ് ഇല്ലെങ്കിലും ബുക്ക് ചെയ്ത ടിക്കറ്റ് ആപ്പിൽ ലോഗിൻ ചെയ്യാതെ ലഭ്യമാകും.

ദക്ഷിണ റെയിൽവേയിലെ എല്ലാ സ്റ്റേഷനുകളിലും സേവനം ലഭ്യമാണ്. ഇതിനു പുറത്തുള്ള സ്റ്റേഷനുകളിലേക്ക് ഈ ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇപ്പോൾ കഴിയില്ല.